ഹൂത്തികള്‍ തൊടുത്തുവിടുന്ന ഓരോ വെടിയുണ്ടയും ഇനി മുതല്‍ ഇറാന്റെ ആയുധങ്ങളില്‍ നിന്നും നേതൃത്വത്തില്‍ നിന്നും തൊടുത്തുവിടുന്ന വെടിവയ്പ്പായി തന്നെ കണക്കാക്കുമെന്ന് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റ് കടുത്ത നിലപാടിലേക്ക്; ചെങ്കടലില്‍ യുദ്ധ സാഹചര്യം
വാഷിങ്ടണ്‍: ഹൂത്തികള്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയതിന്റെ ഉത്തരവാദികള്‍ ഇറാന്‍ ആണെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാവിയിലും ഹൂതി വിമതര്‍ ചെങ്കടലില്‍ ഏതെങ്കിലും കപ്പല്‍ ആക്രമിച്ചാലും ഉത്തരവാദിത്തം ഇറാന് തന്നെ ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അമേരിക്കയുടെ യുദ്ധക്കപ്പലും ചെങ്കടലിലൂടെ കടന്ന് പോയ ചില കപ്പലുകളും ആക്രമിച്ചതായി ഹൂത്തി വിമതര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
ഹൂത്തികള്‍ തൊടുത്തുവിടുന്ന ഓരോ വെടിയുണ്ടയും ഇനി മുതല്‍ ഇറാന്റെ ആയുധങ്ങളില്‍ നിന്നും നേതൃത്വത്തില്‍ നിന്നും തൊടുത്തുവിടുന്ന വെടിവയ്പ്പായി തന്നെ കണക്കാക്കുമെന്നും ഇതിനെല്ലാം ഇറാന്‍ ഉത്തരവാദിയായിരിക്കും എന്നും ഇതിന്റെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവിക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ കുറേ മാസങ്ങളായി ഹൂത്തികള്‍ക്ക് നേരേ ചെങ്കടലില്‍ അമേരിക്ക നിരന്തരമായി ആക്രമണം നടത്തുന്നുണ്ടായിരുന്നു.
ഇറാന് മേല്‍ ആണവ ചര്‍ച്ചകള്‍ക്കായി അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ട്രംപ് ഇത്തരത്തില്‍ ശക്തമായ നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്രംപ് രണ്ടാം വട്ടം പ്രസിഡന്റായതിന് ശേഷം ആദ്യമായിട്ടാണ് യെമനിലെ ഹൂത്തി കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് തിരിച്ചടിയായി തങ്ങള്‍ അമേരിക്കയുടെ വിമാനവാഹിനി കപ്പിലന് നേര്‍ക്ക് രണ്്ട തവണ ആക്രമണം നടത്തിയതായി ഹൂത്തികള്‍ അവകാശപ്പെട്ടത്.
തുടര്‍ന്ന് യെമനില്‍ നിരവധി പേരെ അണിനിരത്തി അവര്‍ അമേരിക്കന്‍ വിരുദ്ധ റാലികളും സംഘടിപ്പിച്ചിരുന്നു. ഹൂത്തികളുടെ ഭാഗത്ത് നിന്ന് ഇനി ആക്രമണം ഉണ്ടായാല്‍ ശക്തമായി നേരിടുമെന്നും ഇറാന്‍ ഇക്കാര്യത്തില്‍ നിരപരാധിയായ ഇരയാണെന്ന് നടിക്കുകയാണെന്നും ട്രംപ് താക്കീത് നല്‍കി. ഒരു ദശാബ്ദത്തില്‍ ഏറെയായി സൗദി നേതൃത്വത്തിലുള്ള സഖ്യവുമായി ഹൂത്തികള്‍ ഏറ്റുമുട്ടുകയാണ്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് കടന്ന്കയറി ആക്രമണം നടത്തിയതിന് പിന്നാലെ ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഹൂത്തികള്‍ ചെങ്കടലിലൂടെ കടന്നു പോകുന്ന പല കപ്പലുകളും ആക്രമിച്ചിരുന്നു.
കൂടാതെ ഇസ്രയേലിലേക്ക് നിരന്തരമായി ഡ്രോണുകളും മിസൈലുകളും അവര്‍ അയച്ചിരുന്നു. ഇതിന് ഇസ്രയേല്‍ കനത്ത തിരിച്ചടിയും നല്‍കിയിരുന്നു. ഹൂത്തി വിമതര്‍ ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നത് നിര്‍ത്തുന്നതുവരെ യെമനില്‍ ആക്രമണം തുടരുമെന്ന് അമേരിക്ക നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അക്രമം നിര്‍ത്താനും അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാശം ഹൂതികള്‍ക്കുമേല്‍ വരുത്തുമെന്നും ട്രംപും വ്യക്തമാക്കിയിരുന്നു. നിങ്ങളുടെ സമയം കഴിഞ്ഞു. ഇന്നുമുതല്‍ നിങ്ങളുടെ ആക്രമണം നിര്‍ത്തുക. അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ നരകം നിങ്ങളുടെമേല്‍ പെയ്തിറങ്ങും എന്നും ട്രംപ് സാമൂഹിക മാധ്യമത്തിലുൂടെ താക്കീതു നല്‍കി.
എന്നാല്‍ ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടുന്നത് തടഞ്ഞ ഇസ്രയേലിന്റെ കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിട്ടില്ലെങ്കില്‍ സൈനികനടപടി സ്വീകരിക്കുമെന്ന് ഹൂത്തി നേതാക്കള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.