അടിമുടി കോണ്‍ഗ്രസുകാരായ പിഷാരടിയെയും ആന്റോയെയും കൂടെക്കൂട്ടാം, റഫീഖിനെ കണ്ടാല്‍ എന്തിനിത്ര അലര്‍ജി? മമ്മൂട്ടിക്കെതിരെ ഇടത് സൈബര്‍ പോരാളികള്‍; സൂപ്പര്‍താരത്തിനും രക്ഷയില്ല! അവര്‍ക്ക് കൊണ്ടത് 'ജനങ്ങളുടെ ടൗണ്‍ഷിപ്പ്' എന്ന സൂപ്പര്‍താര പ്രതികരണം; കൈരളി ചാനല്‍ ചെയര്‍മാനെതിരെ സൈബര്‍ സഖാക്കള്‍ സൈബര്‍ യുദ്ധത്തിന്; മമ്മൂട്ടി തീര്‍ത്തും അതൃപ്തന്‍
കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ പ്രതിഷേധം കത്തുന്നു. മമ്മൂട്ടി എപ്പോഴും കൂടെക്കൂട്ടുന്ന സുഹൃത്തുക്കളായ രമേശ് പിഷാരടിയും ആന്റോ ജോസഫും അടിമുടി കോണ്‍ഗ്രസുകാരാണെന്നും അവരെ ഒപ്പം കൊണ്ടുനടക്കുന്ന മമ്മൂട്ടിക്ക് ദുരന്തമുഖത്ത് രാപ്പകല്‍ പണിയെടുത്ത ഒരു സഖാവിനെ കൂടെ നിര്‍ത്തുന്നതില്‍ എന്താണ് ഇത്ര വലിയ പ്രശ്‌നമെന്നുമാണ് സൈബര്‍ ഇടങ്ങളിലെ പ്രധാന ചോദ്യം. ഇതോടെ, സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിക്ക് സ്വന്തം പാര്‍ട്ടി അനുഭാവികളില്‍ നിന്ന് തന്നെ കടുത്ത ആക്രമണം നേരിടേണ്ടി വരുന്ന അപൂര്‍വ്വ സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
'ഏത് കോലോത്തെ മമ്മൂട്ടി ആയാലും ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ പരസ്യമായി അപമാനിച്ചത് സഹിക്കാനാവില്ല' എന്നാണ് സൈബര്‍ പ്രൊഫൈലുകളുടെ നിലപാട്. മമ്മൂട്ടി ലൊക്കേഷനില്‍ ഇരുന്ന് ടിവിയില്‍ ദുരന്തവാര്‍ത്തകള്‍ കണ്ടപ്പോള്‍ വയനാടന്‍ മണ്ണില്‍ മനുഷ്യര്‍ക്ക് വേണ്ടി ഓടിനടന്നയാളാണ് റഫീഖ് എന്ന് നാസര്‍ എടക്കര ഉള്‍പ്പെടെയുള്ളവരുടെ കുറിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. മമ്മൂട്ടിയുടെ ഉള്ളില്‍ ഒരു 'തമ്പുരാന്‍' ഒളിഞ്ഞിരിപ്പുണ്ടെന്നും പാര്‍ട്ടിയെക്കാള്‍ വലിയവനായി താരത്തെ കാണുന്നത് നിര്‍ത്തണമെന്നും വിമര്‍ശനമുയരുന്നു. സന്ദര്‍ശനം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് വരുത്താന്‍ മമ്മൂട്ടി നടത്തിയ 'ഓഞ്ഞ ഡിപ്ലോമസി' ആണിതെന്നാണ് ആക്ഷേപം. ഈ വിവാദങ്ങളില്‍ മമ്മൂട്ടി തീര്‍ത്തും അതൃപ്തനാണ്. പക്ഷേ ഇനി പരസ്യ പ്രതികരണമൊന്നും നടത്തുകയുമില്ല. മമ്മൂട്ടിയുടെ കരിയറില്‍ ആദ്യമായാണ് ഇത്രയേറെ സൈബര്‍ ആക്രമണം ഉണ്ടാകുന്നത്.
മാറിനില്‍ക്കാന്‍ പറഞ്ഞത് എന്തിന്?
ശനിയാഴ്ചത്തെ സന്ദര്‍ശനത്തിനിടയിലുടനീളം ജില്ലാ സെക്രട്ടറി ഒപ്പം നടന്നപ്പോഴാണ് 'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? മാറി നിന്നാല്‍ മതി' എന്ന് മമ്മൂട്ടി പരസ്യമായി പറഞ്ഞത്. മമ്മൂട്ടി ആഗ്രഹിച്ചത് തികച്ചും സ്വകാര്യമായ ഒരു സന്ദര്‍ശനമായിരുന്നെന്നും ആരോടും വരാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ടൗണ്‍ഷിപ്പില്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് നെഞ്ചും വിരിച്ച് നില്‍ക്കാന്‍ അര്‍ഹതയുണ്ടെന്നും മമ്മൂട്ടി കാണിച്ചത് വലിയ ഇന്‍സള്‍ട്ടിംഗ് ആണെന്നുമാണ് ഇടത് അനുകൂലികളുടെ വാദം.
അതേസമയം മമ്മൂട്ടിയുടെ നിലപാടിനെ യു.ഡി.എഫ് ക്യാമ്പ് ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 'ജനങ്ങളുടെ ടൗണ്‍ഷിപ്പ്' എന്ന മമ്മൂട്ടിയുടെ പരാമര്‍ശത്തെ ഉയര്‍ത്തിക്കാട്ടിയും സി.പി.എം നേതാവിനെ തഴഞ്ഞതിനെ പ്രകീര്‍ത്തിച്ചും കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം നേതാക്കള്‍ താരത്തെ കൂട്ടി വോട്ട് പിടിക്കാന്‍ നോക്കിയത് മമ്മൂട്ടി പൊളിച്ചടുക്കിയെന്നാണ് യു.ഡി.എഫ് അനുകൂലികളുടെ വാദം. ചുരുക്കത്തില്‍, വയനാടന്‍ മണ്ണിലെ ഒരു സ്വകാര്യ സന്ദര്‍ശനം കേരള രാഷ്ട്രീയത്തിലെ വലിയൊരു സൈബര്‍ യുദ്ധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദര്‍ശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗണ്‍ഷിപ്പിലേത് സ്വകാര്യ സന്ദര്‍ശനം മാത്രമാക്കി നിലനിര്‍ത്താന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയില്‍ നിന്ന് എത്തിയത് ടൗണ്‍ഷിപ്പ് കാണാന്‍ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ടൗണ്‍ഷിപ്പിലേക്ക് വരാന്‍ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.
ഉയരുന്നത് അതിരൂക്ഷ വിമര്‍ശനം
ശനിയാഴ്ച സന്ദര്‍ശനത്തിലുടനീളം ജില്ലാ സെക്രട്ടറി ഒപ്പം നടന്നപ്പോഴാണ് മമ്മൂട്ടി അതൃപ്തി തുറന്നു പറഞ്ഞത്. 'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി' എന്ന് മമ്മൂട്ടി നേരിട്ട് പറയുകയായിരുന്നു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി തന്റെ സന്ദര്‍ശനത്തെ ഉപയോഗിക്കുന്നു എന്ന തോന്നല്‍ ഒഴിവാക്കാനാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് സൂചന. പ്രതികരണത്തിന്റെ വീഡിയോ ശനിയാഴ്ച വൈകീട്ടോടെ വൈറലായതിനേത്തുടര്‍ന്ന് സിപിഎം അനുഭാവികള്‍ റഫീക്കിനോട് അനുഭാവം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകളിട്ടു തുടങ്ങുകയായിരുന്നു.
'ഒരു പൊതുവേദിയില്‍ വെച്ച്, ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ സിക്രട്ടറിയെ അപമാനിച്ചത് ഏത് കോലോത്തെ മമ്മൂട്ടി ആയാലും സഹിക്കാന്‍ പറ്റുന്നതല്ല. അയാള്‍ വെറുതെ അവിടെ കേറി നിന്നതായിരിക്കില്ല പാര്‍ട്ടി ചുമതലപെടുത്തിയിട്ട് തന്നെ വന്നത് ആയിരിക്കും, ഇനി അതല്ല അങ്ങനെ പാര്‍ട്ടിക്കാര്‍ ആരും കൂടെ വരാന്‍ പാടില്ല എന്നുണ്ടായിരുന്നെങ്കില്‍ ആദ്യമേ പറയണമായിരുന്നു അല്ലാതെ തോന്ന്യവാസം കാണിക്കരുത്.....' 'മൂപ്പരുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു തമ്പുരാന്‍ ഒളിഞ്ഞിരിപ്പുണ്ട്. പുള്ളിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് നിര്‍ത്തണം ആദ്യം.പാര്‍ട്ടി സെക്രട്ടറി വിനീത വിധേയ വേഷം കെട്ടി അതിന് ശേഷവും അവിടെ നില്‍ക്കണ്ട കാര്യമെന്താണ് @K Rafeeq , ഓന്റെ ഓഞ്ഞ ഡിപ്ലോമസി,' ഇമാംഷ ആലംകോട് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പിങ്ങനെ.
'പ്രിയപ്പെട്ട മമ്മൂട്ടി, അയാള്‍ നിങ്ങളുടെ പിന്നാലെയല്ല വന്നത്, സത്യത്തില്‍ നിങ്ങളാണ് അയാളുടെ പിന്നാലെ വന്നത്. വയനാട് ദുരന്ത ഭൂമിയില്‍ മുറിപ്പാടുകള്‍ തീര്‍ത്ത നിമിഷം മുതല്‍, ആ മണ്ണില്‍ ഓടിയെത്തിയവനാണ് അയാള്‍. അവശേഷിക്കുന്ന മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കയറ്റുമ്പോള്‍ അയാള്‍ക്ക് രാഷ്ട്രീയമില്ലായിരുന്നു, പക്ഷഭേദമില്ലായിരുന്നു. അയാള്‍ എല്ലാവരുടെയും ആളായിരുന്നു'. 'ആ നിലയ്ക്ക് നോക്കിയാല്‍, അവിടെ ഏറ്റവും ഒടുവില്‍ എത്തിയത് നിങ്ങളാണ്. മുന്നേ നടന്നു വഴികാട്ടിയ ഒരാളോട് പിന്നിലേക്ക് മാറി നില്‍ക്കാന്‍ പറഞ്ഞിട്ടും, മറുത്തൊന്നും പറയാതെ ആ മനുഷ്യന്‍ മാറി നിന്നത് അയാളുടെ പരാജയമല്ല. മറിച്ച്, വാക്കുകള്‍ കൊണ്ട് അളക്കാന്‍ കഴിയാത്തത്ര ഉയരത്തില്‍ അയാള്‍ നിങ്ങളെക്കാള്‍ മുന്നിലായത് കൊണ്ടാണ്. വന്നതിനും പിന്തുണച്ചതിനും നന്ദി' എന്നാണ് നാസര്‍ എടക്കര എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ്. അതേസമയം മമ്മൂട്ടിയെ അനുകൂലിച്ചും അഭിപ്രായങ്ങളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ മമ്മൂട്ടി കാണിച്ച ജാഗ്രതയാണിതെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു.
മമ്മൂട്ടി സിനിമ ലൊക്കേഷനില്‍ ഇരുന്ന് ടിവിയില്‍ കാഴ്ച കണ്ടപ്പോള്‍ ദുരന്തമുഖത്ത് ഇറങ്ങി രാപ്പകല്‍ അവിടുത്തെ മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് റഫീഖ് എന്നാണ് പലരും കുറിച്ചത്. അടിമുടി കോണ്‍ഗ്രസുകാരായ രമേശ് പിഷാരടിയേയും ആന്റോ ജോസഫിനേയും കൂടെ കൂട്ടി നടക്കുന്ന മമ്മൂട്ടിക്ക് റഫീഖിനെ കൂടെ നിര്‍ത്തുന്നതില്‍ എന്ത് പ്രശ്‌നമാണെന്ന് സിപിഎം അനുകൂല പ്രൊഫൈലുകള്‍ ചോദിക്കുന്നു. നിരവധി ചില കമന്റുകള്‍ വായിക്കാം 'അയാള്‍ക്കവിടെ നെഞ്ചും വിരിച്ച് നില്‍ക്കാനുള്ള അര്‍ഹതയുണ്ട് .അയാളുടെ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ ടൗണ്‍ഷിപ്പ് ആണ്.നിലപാടിലുറച്ച് രാഷ്ട്രീയം പറയുന്ന സഖാവാണ്. സിനിമയില്‍ നിങ്ങള്‍ വലിയവന്‍ ആകാം, ലോകം അംഗീകരിക്കുന്ന കലാകാരനും ആണ്. പരസ്യമായി ഇങ്ങനെ ഒരാളെ അവഹേളിക്കുമ്പോള്‍ നിങ്ങളെക്കാളും അര്‍ഹതയുണ്ട് അയാള്‍ക്ക് അങ്ങനെ നില്‍ക്കാന്‍' 'അങ്ങനെ പരസ്യമായി പറഞ്ഞത് ഒട്ടും ശരിയായില്ല..മമ്മൂട്ടി അല്ല ആരായലും. വേണമെങ്കില്‍ അയാള്‍ മാത്രം കേള്‍ക്കുന്ന രീതിയില്‍ പറഞ്ഞാ മതിയായിരുന്നു.ഇതൊരു insulting ആയി പോയി. ശരിയായില്ല ഒട്ടും ശരിയായില്ല. അയാള്‍ ഒരു പാര്‍ട്ടിയുട ജില്ലാ സെക്രട്ടറിയാണ്'.-ഇതാണ് മറ്റൊരു കമന്റ്.
