സ്വീഡന്‍ തുടങ്ങിവെച്ചു; ജര്‍മ്മനി ഏറ്റുപിടിക്കുന്നു; കുറ്റം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം നഷ്ടപ്പെടും; തിരികെ പോകേണ്ടിവരും; യൂറോപ്പിലാകെ തരംഗമാകുന്ന പുതിയ നയം ഇങ്ങനെ

Update: 2025-04-27 05:05 GMT

തീവ്ര വലതുപക്ഷത്തിന്റെ സഹായത്തോടെ സ്വീഡനിലെ വലതുപക്ഷ സര്‍ക്കാര്‍ രൂപം കൊടുത്ത പുതിയ നയം യൂറോപ്പിലാകെ തരംഗമാവുകയാണ്. ഇരട്ടപൗരത്വമുള്ളവര്‍, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരുടെ സ്വീഡിഷ് പൗരത്വം റദ്ദാക്കുന്നതാണ് പുതിയ നയം. എന്നാല്‍ ഒരുപടി കൂടി കയറിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ നടക്കുന്നത്. തീവ്ര വലതുപക്ഷ - ദേശീയവാദികള്‍ യൂറോപ്പിന്റെ രാഷ്ട്രീയ ഭൂമികയില്‍ സ്വാധീനമുറപ്പിക്കുമ്പോള്‍ കുറ്റകൃത്യങ്ങളെ പൗരത്വവുമായി ബന്ധിപ്പിക്കാനുള്ള പ്രവണത ശക്തമാവുകയാണ്.

ഇത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുമെന്നും, ഒരു വിഭാഗം പാര്‍ശ്വവത്ക്കരിക്കപ്പെടുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2000 കളില്‍ നിന്നാണ് ഈ പ്രവണത തുടങ്ങുന്നതെന്ന് സൂക്ഷിച്ചു വിശകലനം ചെയ്താല്‍ മനസ്സിലാകും. അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍, പൗരത്വത്തെ ഒരു അവകാശം എന്നതിനേക്കാള്‍ ഏറെ ഒരു ആനുകൂല്യമാക്കി മാറ്റിയപ്പോഴാണ് ഈ പ്രവണത ആരംഭിക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഓഫ് ബെന്നിലെ സോഷ്യോളജി പ്രൊഫസര്‍ ക്രിസ്റ്റ്യന്‍ ജോപ്പ് പറയുന്നു.

പൗരത്വം കഠിന ശ്രമങ്ങളിലൂടെ നേടേണ്ട ഒന്നും, എളുപ്പം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒന്നുമാക്കിയത് യു കെ സര്‍ക്കാരാണ്. ഇത്തരത്തില്‍ നേടിയെടുക്കേണ്ട പൗരത്വം, നിങ്ങള്‍ തെറ്റുകള്‍ എന്തെങ്കിലും ചെയ്താല്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇതില്‍ നിന്നും ഒരുപടികൂടി കടന്നുള്ള നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നും ഉയരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പുതിയ നിര്‍ദ്ദേശം അനുസരിച്ച്, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പൗരത്വം റദ്ദാക്കപ്പെടും.

ചാരവൃത്തി, രാജ്യദ്രോഹം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പൗരത്വം റദ്ദാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഭരണഘടന ഭേദഗതി കൊണ്ടു വരുന്ന കാര്യം സ്വീഡന്‍ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഐസ്ലാന്‍ഡിലെ ചില രാഷ്ട്രീയ നേതാക്കളും സമാനമായ നിയമത്തിനായി മുറവിളിക്കാന്‍ തുടങ്ങി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്, യഹൂദ വിരുദ്ധത നിഴലിക്കുന്ന ഗുരുതര കുറ്റങ്ങള്‍ ചെയ്യുന്നവരുടെ പൗരത്വം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സെന്റര്‍ റൈറ്റ് സി ഡി യു - സി എസ് യു സഖ്യം വിജയത്തിലെത്തിയതോടെയാണ് ഇക്കാര്യം ജര്‍മ്മനിയിലും ചര്‍ച്ചാവിഷയമായിരിക്കുന്നത്. എന്നാല്‍, പൗരത്വം റദ്ദാക്കുന്ന നടപടിക്കെതിരെ വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്. ഒരു വിഭാഗത്തെ, ജീവിതകാലം മുഴുവന്‍ പ്രൊബേഷനില്‍ കഴിയാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഈ നയം എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു തെറ്റ് അല്ലെങ്കില്‍ ഒരു കുറ്റം, അവര്‍ ജര്‍മ്മന്‍കാര്‍ അല്ലാതെയാകുന്നു, അവര്‍ ജനിച്ചത് ജര്‍മ്മനിയിലാണെന്നതോ, തലമുറകളായി ജര്‍മ്മന്‍ പൗരന്മാരാണെന്നതോ പരിഗണീക്കുകയുമില്ല. വിമര്‍ശകര്‍ പറയുന്നു.

വംശീയ വിവേചനത്തെ സാധാരണവത്ക്കരിക്കുന്ന ഒരു നടപടിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകയായ ഗില്‍ഡ സഹേബി പറയുന്നു. തീവ്ര വലതുപക്ഷം ഉയര്‍ത്തിയ, തിരിച്ചുള്ള കുടിയേറ്റം (കുടിയേറ്റക്കാരെ സ്വന്തം നാടുകളിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതരാക്കുക) എന്ന നയത്തിന്റെ മറ്റൊരു രൂപമാണിതെന്നും അവര്‍ പറയുന്നു.

Similar News