യൂറോപ്പിലേക്കും അമേരിക്കയിലേക്കും ജര്‍മ്മനി വഴി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസം; ഇന്ത്യന്‍ പാസ്പോര്‍ട്ടിന് കരുത്തേറുന്നു; ജര്‍മ്മന്‍ വിമാനത്താവളങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇറങ്ങാം
അഹമ്മദാബാദ്: ഇന്ത്യന്‍ വിദേശകാര്യ രംഗത്ത് നിര്‍ണ്ണായക നേട്ടം. ജര്‍മ്മനിയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇനി മുതല്‍ വിസയില്ലാതെ ട്രാന്‍സിറ്റ് സൗകര്യം ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സും തമ്മില്‍ അഹമ്മദാബാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജര്‍മ്മന്‍ ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ 19 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
യൂറോപ്പിലേക്കും അമേരിക്കയിലേക്കും ജര്‍മ്മനി വഴി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. നേരത്തെ ജര്‍മ്മന്‍ എയര്‍പോര്‍ട്ടുകള്‍ വഴി കണക്ഷന്‍ ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യാന്‍ ട്രാന്‍സിറ്റ് വിസ എടുക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ഭാരവും സമയനഷ്ടവും ഉണ്ടാക്കിയിരുന്നു. പുതിയ വിസ ഇളവ് പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യക്കാര്‍ക്ക് യാത്രാ നടപടികള്‍ കൂടുതല്‍ എളുപ്പമാകും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോള പാസ്പോര്‍ട്ട് റാങ്കിംഗിലും ഇന്ത്യ കരുത്ത് കാട്ടിയിട്ടുണ്ട്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ 80-ാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ജര്‍മ്മനി പ്രഖ്യാപിച്ച ഈ പുതിയ ഇളവ് കൂടി വരുന്നതോടെ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ആഗോള സ്വീകാര്യത വീണ്ടും കൂടി.
യൂറോപ്പ്, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങള്‍ വഴി കണക്ഷന്‍ ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇതൊരു വലിയ ആശ്വാസമാണ്. മുന്‍പ് ജര്‍മ്മനി വഴി കടന്നുപോകാന്‍ പ്രത്യേക ട്രാന്‍സിറ്റ് വിസ ആവശ്യമായിരുന്നു. ഇതിനായി വലിയൊരു തുക ഫീസായി നല്‍കേണ്ടി വന്നിരുന്നുവെന്നു മാത്രമല്ല, വിസ ലഭിക്കാനുള്ള കാലതാമസവും യാത്രക്കാരെ വലച്ചിരുന്നു. പുതിയ ഇളവ് നിലവില്‍ വരുന്നതോടെ വിമാനത്താവളങ്ങളിലെ പരിശോധന നടപടികള്‍ ലളിതമാവുകയും വിദേശ യാത്രകള്‍ കൂടുതല്‍ സുഗമമാവുകയും ചെയ്യും. ജര്‍മ്മനിയുടെ ഈ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ആഗോള പാസ്പോര്‍ട്ട് സൂചികയായ 'ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സി'ലും (2026) ഇന്ത്യ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ഇപ്പോള്‍ ലോകത്തെ 55 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. ജര്‍മ്മനിയുടെ പുതിയ നിലപാട് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ റാങ്കിംഗ് ഇനിയും ഉയര്‍ത്താന്‍ സഹായിക്കും. ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും നഴ്‌സുമാര്‍ക്കും ജര്‍മ്മനിയിലേക്ക് കുടിയേറുന്നതിനായുള്ള 'സ്‌കില്‍ പാര്‍ട്ണര്‍ഷിപ്പ്' കരാറിലും ഇന്ത്യയും ജര്‍മനിയും ഒപ്പിട്ടു. പ്രതിരോധ വ്യവസായ മേഖലയില്‍ സഹകരിക്കാനും ആയുധങ്ങളുടെ സഹ-ഉല്‍പ്പാദനത്തിനും പുതിയ റോഡ്മാപ്പ് തയ്യാറാക്കും. ജര്‍മ്മന്‍ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
'പ്രതിരോധ-സുരക്ഷാ മേഖലകളിലെ വര്‍ദ്ധിച്ചുവരുന്ന സഹകരണം ഞങ്ങളുടെ പരസ്പര വിശ്വാസത്തിന്റെ പ്രതീകമാണ്. വിസ നടപടികള്‍ ലളിതമാക്കിയതിന് ചാന്‍സലര്‍ മെര്‍സിനോട് ഹൃദയപൂര്‍വ്വം നന്ദി പറയുന്നു,' പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞു.
