ജോസഫ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറും; പാര്‍ട്ടി ചെയര്‍മാനായി തുടരും; തൊടുപുഴയില്‍ 'തലമുറ' മാറ്റം; പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസില്‍ 'മക്കള്‍ രാഷ്ട്രീയം' തുടരുന്നു; നേതാവിന്റെ മകനിലേക്ക് നേതൃത്വം ബാറ്റണ്‍ കൈമാറാന്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും
തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്മാറുന്നു. ദശാബ്ദങ്ങളായി കൈപ്പിടിയിലൊതുക്കിയ തൊടുപുഴ മണ്ഡലത്തില്‍ തനിക്ക് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫിനെ നിയോഗിച്ചുകൊണ്ട് 'തലമുറമാറ്റത്തിന്' ജോസഫ് ഔദ്യോഗികമായി പച്ചക്കൊടി കാട്ടി. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സാഹചര്യത്തിലാണ് സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് പി.ജെ. ജോസഫ് തന്നെ തുടരും.
പാര്‍ട്ടിയുടെ പ്രൊഫഷണല്‍ ആന്‍ഡ് ഐ.ടി വിഭാഗം ചെയര്‍മാനായിരുന്ന അപു ജോണ്‍ ജോസഫിനെ 2025 ജനുവരിയിലാണ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുത്തത്. നിലവില്‍ പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റി അംഗമായ അപു, പിതാവ് പങ്കെടുക്കേണ്ട മിക്ക പരിപാടികളിലും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സജീവമാണ്. മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണ് അപുവിനെ തൊടുപുഴയില്‍ അങ്കത്തിനിറക്കുന്നത്. ജോസഫിന്റെ പകരക്കാരനാകാന്‍ കരുത്തുള്ള മറ്റ് നേതാക്കളുണ്ടെന്ന വികാരം പാര്‍ട്ടിയിലുണ്ടെങ്കിലും, മകനെ നേരിട്ട് ജനവിധി തേടാന്‍ വിടുന്നതാണ് ഉചിതമെന്ന തീരുമാനത്തിലാണ് ജോസഫ് എത്തിയത്.
കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം), ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്), ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി. ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ക്ക് പിന്നാലെ അപു ജോണ്‍ ജോസഫ് കൂടി എത്തുന്നതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ 'പുത്രവാത്സല്യം' പൂര്‍ണ്ണമാവുകയാണ്. ഇതില്‍ അനൂപ് ജേക്കബും അപുവും യു.ഡി.എഫിനൊപ്പം നില്‍ക്കുമ്പോള്‍ ജോസ് കെ. മാണിയും ഗണേഷ് കുമാറും എല്‍.ഡി.എഫ് പാളയത്തിലാണ്.
തൊടുപുഴയില്‍ പി.ജെ. ജോസഫിന് ലഭിച്ചിരുന്ന വ്യക്തിപരമായ വോട്ടുകള്‍ അപുവിന് അനുകൂലമായി മാറുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അപു ജോസഫിന്റെ കടന്നുവരവ് ഇടുക്കിയിലെ യു.ഡി.എഫ് രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
കേരളാ കോണ്‍ഗ്രസ് ജോസഫ് സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ
കടുത്തുരുത്തി: മോന്‍സ് ജോസഫ്
ഇരിങ്ങാലക്കുട: തോമസ് ഉണ്ണിയാടന്‍
ചങ്ങനാശ്ശേരി: വിനു ജോബ്
തിരുവല്ല: വര്‍ഗീസ് മാമന്‍
കോതമംഗലം: ഷിബു തെക്കുമ്പുറം
കുട്ടനാട്: റെജി ചെറിയാന്‍
തൃക്കരിപ്പൂര്‍: ജോണ്‍സ് മാത്യു
