രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് പാര്‍ട്ടി തീരുമാനിക്കും; രാഹുലിനെ പുറത്താക്കിയ ഘടകത്തിലും തിരിച്ചെടുക്കേണ്ട ഘടകത്തിലും താന്‍ ഇല്ല: അബിന്‍ വര്‍ക്കി
രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് പാര്‍ട്ടി തീരുമാനിക്കും
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുന്ന കാര്യം കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് ആറന്‍മുളയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും തനിക്ക് ഏതെങ്കിലും തരത്തിലുള്ള റോള്‍ ഇല്ലെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. രാഹുലിനെ പുറത്താക്കിയ ഘടകത്തിലും തിരിച്ചെടുക്കേണ്ട ഘടകത്തിലും താന്‍ ഇല്ല. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് ഏതെങ്കിലും തരത്തിലുള്ള റോള്‍ ഇല്ലെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിക്കുകയായിരുന്നു.
രാഹുലിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ പാലക്കാട് എംഎല്‍എ സ്ഥാനത്ത് നിന്നും നീക്കുന്നതിനെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നില്ല. മാതൃകാപരമായ നടപടിയൊന്നോളം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയെന്നും എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന കാര്യം രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനിക്കട്ടേയെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പ്രചരണം നടത്തി രാഹുല്‍ രംഗത്തുണ്ടായിരുന്നു. രാഹുലിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.