ഇര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി മാറ്റിവെച്ച് ഇറാന്‍; ട്രംപിന്റെ ശക്തമായ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇറാന്‍ ഭരണകൂടം അയഞ്ഞെന്ന് റിപ്പോര്‍ട്ട്; യുദ്ധത്തിന് നീക്കം സജീവമാക്കി അമേരിക്ക; ലോകം യുദ്ധ ഭീതിയില്‍ തന്നെ; ഇറാനിലെ അടിച്ചമര്‍ത്തല്‍ അതിരുവിടുമ്പോള്‍

Update: 2026-01-15 01:04 GMT

ടെഹ്റാന്‍: ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 26 വയസ്സുകാരനായ വസ്ത്രവ്യാപാര സ്ഥാപന ഉടമ ഇര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി മാറ്റിവെച്ചു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ശിക്ഷയാണ് മാറ്റിവെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇറാന്‍ ഭരണകൂടം അയഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനാണ് ഇര്‍ഫാന് വധശിക്ഷ വിധിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ വധശിക്ഷ നടപ്പാക്കിയാല്‍ അമേരിക്ക ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വധശിക്ഷകള്‍ നിര്‍ത്തിവെച്ചതായി തനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇറാന്‍ തങ്ങളുടെ ആകാശസീമ താല്‍ക്കാലികമായി അടച്ചു. ഇതോടെ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റി വിടുകയോ റദ്ദാക്കുകയോ ചെയ്തു. പശ്ചിമേഷ്യയിലെ പല വിദേശ എംബസികളും സൈനിക താവളങ്ങളും ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇറാനില്‍ ഡിസംബര്‍ അവസാനം മുതല്‍ തുടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്.

ഇര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷ തല്‍ക്കാലം നിര്‍ത്തിവെച്ചെങ്കിലും ഏതു നിമിഷവും നടപ്പാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശങ്കയിലാണ്. പ്രതിഷേധക്കാരെ തൂക്കിലേറ്റിയാല്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് 'അതിശക്തമായ നടപടി' ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍ അധികൃതര്‍ ശിക്ഷാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. വധശിക്ഷ നടപ്പാക്കാനുള്ള നീക്കം ഇറാന്‍ ഉപേക്ഷിച്ചതായി തനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചെന്ന് ട്രംപ് പിന്നീട് സ്ഥിരീകരിച്ചു. ഇറാനെതിരായ യുദ്ധത്തിന് അമേരിക്ക നീക്കം തുടങ്ങിയിട്ടുണ്ട്.

ജനുവരി എട്ടിനാണ് വസ്ത്രവ്യാപാര സ്ഥാപന ഉടമയായ എര്‍ഫാനെ 'ദൈവത്തോടുള്ള ശത്രുത' എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിയമപരമായ നടപടിക്രമങ്ങളോ കോടതി വിചാരണയോ ഇല്ലാതെ അതിവേഗം വധശിക്ഷ വിധിക്കുകയായിരുന്നു. അവസാനമായി പത്ത് മിനിറ്റ് മാത്രം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിച്ച അധികൃതര്‍, ബുധനാഴ്ച ശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിലെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഇത് മാറ്റിവെച്ചു.

അതേസമയം, ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാണ്. എര്‍ഫാന്റെ ശിക്ഷ മാറ്റിവെച്ചെങ്കിലും ഇയാള്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഏത് നിമിഷവും ശിക്ഷ നടപ്പാക്കിയേക്കാമെന്ന ഭീതിയിലാണ് കുടുംബം. സംഘര്‍ഷാവസ്ഥ പരിഗണിച്ച് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലും എംബസികളിലും കടുത്ത ജാഗ്രത തുടരുകയാണ്.

ഖമേനി വിരുദ്ധ പ്രതിഷേധത്തിനിടെ ജനുവരി എട്ടിനാണ് എര്‍ഫാന്‍ അറസ്റ്റിലായത്. എന്നാല്‍ പിന്നീട് ഇയാള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് ആര്‍ക്കും ഒരറിവും ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം, ആയത്തുല്ല അലി ഖമേനിയുടെ ഭരണകൂടത്തിന്റെ സുരക്ഷാ വിഭാഗത്തില്‍ നിന്ന് ഒരു അറിയിപ്പ് വന്നു. അത് എര്‍ഫാന്റെ കുറ്റങ്ങളെക്കുറിച്ചോ അതിന്റെ കോടതി നടപടികളെക്കുറിച്ചോ ആയിരുന്നില്ല. മറിച്ച് എര്‍ഫാന്റെ വധശിക്ഷയെക്കുറിച്ചായിരുന്നു.

എര്‍ഫാനെ അവസാനമായി കാണാന്‍ കുടുംബത്തിന് അനുമതിയുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചത്, അതും വെറും 10 മിനിറ്റ് മാത്രം. ജനുവരി 14 ബുധനാഴ്ച എര്‍ഫാനെ തൂക്കിലേറ്റും എന്ന തരത്തിലാണ് അറിയിപ്പ് ലഭിച്ചത്. എന്നാല്‍ ഇയാള്‍ വധിക്കപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഖമേനി ഭരണകൂടത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത എര്‍ഫാനുമേല്‍ 'ദൈവത്തോടുള്ള ശത്രുത' എന്ന കുറ്റമാണ് ചുമത്തപ്പെട്ടത്. തൂക്കിലേറ്റപ്പെട്ടിട്ടുണ്ടെങ്കില്‍, രാജ്യവ്യാപകമായി നടക്കുന്ന ഖമേനി വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ വധശിക്ഷയാവും ഇത്.

എര്‍ഫാന്റെ കുടുംബത്തോട് ഇക്കാര്യം സംബന്ധിച്ച് ആരോടും സംസാരിക്കരുത് എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ കൂടുതല്‍ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്നും അധികാരികള്‍ ഭീഷണിപ്പെടുത്തിയതായി അവര്‍ പറയുന്നു. കടുത്ത ഭീതിയിലാണ് ഇയാളുടെ കുടുംബം ഇപ്പോള്‍ കഴിയുന്നത് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. അറസ്റ്റിലായി ഒരു ആഴ്ചയ്ക്കുള്ളില്‍ നടന്ന എര്‍ഫാന്റെ വധശിക്ഷ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. അതിവേഗമുള്ള ഇത്തരം വധശിക്ഷകള്‍ ഇറാനില്‍ എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നുവെന്നും അവര്‍ ആശങ്ക പങ്കുവെച്ചു.

ജനുവരി എട്ടിന് വൈകുന്നേരം, കരാജ് ജില്ലയിലെ ഫാര്‍ഡിസ് എന്ന സ്ഥലത്തുള്ള സ്വന്തം വീടിനടുത്ത് വെച്ചാണ് എര്‍ഫാന്‍ സൊല്‍ത്താനി അറസ്റ്റിലായത്. ജനുവരി 11 ഞായറാഴ്ചയാണ് ഖമേനിയുടെ സുരക്ഷാ ഏജന്റുമാര്‍ കുടുംബത്തെ ബന്ധപ്പെട്ടത്. എര്‍ഫാന്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെന്നും ആണ് കുടുംബത്തെ അറിയിച്ചതെന്ന് ഇറാന്‍വയര്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച്, എര്‍ഫാനെതിരെ ഔദ്യോഗികമായി കുറ്റങ്ങള്‍ ഒന്നും ചുമത്തിയിട്ടില്ല, കോടതി നടപടികള്‍ നടന്നിട്ടില്ല, നിയമപരമായ സഹായം നിഷേധിക്കപ്പെട്ടിരുന്നു.

എര്‍ഫാന്റെ കുടുംബത്തിന്റെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്ക് ശേഷം മാത്രമാണ് ഉദ്യോഗസ്ഥര്‍ ഒരു കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയത്, അതും വെറും 10 മിനിറ്റിന് മാത്രം. വധശിക്ഷയ്ക്ക് മുമ്പുള്ള അവസാന വിടവാങ്ങലായാണ് ഈ കൂടിക്കാഴ്ചയെ അവര്‍ വിശേഷിപ്പിച്ചത്. ഇറാനിയന്‍ സര്‍ക്കാര്‍ എര്‍ഫാന്റെ കുടുംബത്തിനുമേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് കുടുംബവുമായി അടുത്ത ബന്ധമുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ ഇറാന്‍വയറിനോട് സംസാരിക്കവെ വിവരിച്ചു.

ഇറാനിലെ നിയമപ്രകാരം, മുഹറേബെഹ് ഏറ്റവും ഗുരുതരമായ കുറ്റങ്ങളില്‍ ഒന്നാണ്. ഇത് പലപ്പോഴും സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കും പ്രതിഷേധക്കാര്‍ക്കും നേരെ ഉപയോഗിക്കപ്പെടുന്നു. ഇത് ചുമത്തപ്പെടുന്നവര്‍ക്ക് വധശിക്ഷയാണ് നല്‍കുക. ഇറാനിലെ അധികാരികള്‍ ഒരു രാഷ്ട്രീയ ആയുധമായി ഈ 'കുറ്റം' ഉപയോഗിക്കുന്നതായി മനുഷ്യാവകാശ സംഘങ്ങള്‍ ദീര്‍ഘകാലമായി ആരോപിക്കുന്നു.

വധശിക്ഷയുമായി ബന്ധപ്പെട്ട് അധികൃതര്‍ വിവരിച്ച സമയപരിധി ഇറാനിയന്‍ ക്രിമിനല്‍ കോഡിന് കീഴില്‍ നിയമപരമായി സാധ്യമല്ലെന്നാണ് വിദഗ്ധരും നിരീക്ഷകരും പറയുന്നത്. 'ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്ന് ദിവസത്തിനുള്ളില്‍ തൂക്കിലേറ്റുകയും ചെയ്യുന്നത് നിയമപരമായി അസാധ്യമാണ്.' മനുഷ്യാവകാശ അഭിഭാഷകന്‍ മുഹമ്മദ് ഓലിയായിഫാര്‍ഡ് പറഞ്ഞതായി ഇറാന്‍വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'സര്‍ക്കാര്‍ നിയമിച്ച ഒരു അഭിഭാഷകനുപോലും, അത്തരം നടപടിക്രമങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 10 ദിവസമെങ്കിലും എടുക്കും. വ്യക്തിക്ക് ഒരു സ്വതന്ത്ര അഭിഭാഷകന്‍ ഉണ്ടെങ്കില്‍, അപ്പീലുകള്‍ക്ക് നിയമപരമായ സമയം കണക്കാക്കാന്‍ കുറഞ്ഞത് 30 ദിവസമെങ്കിലും എടുക്കും.' ഓലിയായിഫാര്‍ഡ്പറഞ്ഞു.

ചൈനയ്ക്ക് ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാനെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 2024-ല്‍ കുറഞ്ഞത് 975 പേരെ ഈ രാജ്യം തൂക്കിലേറ്റിയതായി മനുഷ്യാവകാശ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം ഇരുപത് വര്‍ഷത്തിനിടയില്‍ ഇറാനില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതുമാത്രമല്ല, ഖമേനി ഭരണകൂടം എതിര്‍പ്പുകളെ ഭയപ്പെടുത്തി അടിച്ചമര്‍ത്താന്‍ വധശിക്ഷ വ്യാപകമായി ഉപയോഗിക്കുന്നതായി കാണപ്പെട്ടിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Similar News