അമേരിക്കയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി യുഎസ് സൈനിക വിദഗ്ധന്‍; പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുമെന്ന് ആശങ്ക

Update: 2026-03-16 05:19 GMT

വാഷിംഗ്ടണ്‍: ഇറാന്റെ ഡ്രോണുകള്‍ അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് നുഴഞ്ഞുകയറി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയേക്കാമെന്ന് യുഎസ് സൈനിക ഡ്രോണ്‍ വിദഗ്ധന്റെ മുന്നറിയിപ്പ്. മുന്‍ യുഎസ് ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സൈനികനുമായ ബ്രെറ്റ് വെലിക്കോവിച്ച് ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഐസിസ് നേതാക്കളെ വേട്ടയാടാന്‍ വര്‍ഷങ്ങളോളം ഡ്രോണുകള്‍ ഉപയോഗിച്ച പരിചയസമ്പത്തുള്ള വെലിക്കോവിച്ച്, ഇറാന്റെ പക്കലുള്ള കുറഞ്ഞ വിലയുള്ള ചെറിയ ഡ്രോണുകള്‍ അമേരിക്കയ്ക്ക് വലിയ തലവേദനയാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതിവേഗ ആയുധങ്ങളെ കണ്ടെത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള നിലവിലെ റഡാര്‍ സംവിധാനങ്ങള്‍ക്ക് ഇറാന്റെ ഡ്രോണുകളെ കണ്ടെത്തുക പ്രയാസമാണെന്ന് വെലിക്കോവിച്ച് വ്യക്തമാക്കുന്നു. വേഗത കുറവ്, താഴ്ന്ന പറക്കല്‍: സാവധാനത്തിലും താഴ്ന്ന ഉയരത്തിലും പറക്കുന്നതിനാല്‍ റഡാറുകള്‍ ഇവയെ നിസ്സാരമായി കണക്കാക്കുകയോ കണ്ടെത്താന്‍ കഴിയാതെ വരികയോ ചെയ്യും.

ഇറാന്റെ പക്കലുള്ള ഈ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ നേരിട്ട് ഇടിച്ച് പൊട്ടിത്തെറിക്കുന്നവയാണ്. 11 അടി നീളമുള്ള ഈ ഡെല്‍റ്റ-വിംഗ് ഡ്രോണുകള്‍ക്ക് 1,500 മൈലിലധികം സഞ്ചരിക്കാന്‍ ശേഷിയുണ്ട്. 44 മുതല്‍ 88 പൗണ്ട് വരെ സ്‌ഫോടകവസ്തുക്കള്‍ ഇവ വഹിക്കും. ഇറാന്റെ ഡ്രോണുകള്‍ നിര്‍മ്മാണ ചെലവ് കുറഞ്ഞതാണെങ്കിലും അവയെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് ഭീമമായ തുക ചിലവാക്കേണ്ടി വരുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. വെറും 30,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) ചിലവില്‍ നിര്‍മ്മിക്കുന്ന ഒരു ഇറാന്‍ ഡ്രോണിനെ വെടിവച്ചിടാന്‍ ഇസ്രായേലും അമേരിക്കയും 40 ലക്ഷം ഡോളര്‍ (ഏകദേശം 33 കോടി രൂപ) വിലയുള്ള മിസൈലുകളാണ് ഉപയോഗിക്കുന്നത്. ഈ സാമ്പത്തിക അസന്തുലിതാവസ്ഥ ഇറാന് അനുകൂലമാണെന്ന് വെലിക്കോവിച്ച് നിരീക്ഷിക്കുന്നു.

അമേരിക്കയില്‍ ഒരു ആക്രമണം നടത്താന്‍ ഇറാന്‍ തീരുമാനിച്ചാല്‍ സാമ്പത്തിക പ്രാധാന്യവും ജനസാന്ദ്രതയും കണക്കിലെടുത്ത് കാലിഫോര്‍ണിയ ആയിരിക്കും പ്രധാന ലക്ഷ്യം. കാലിഫോര്‍ണിയയില്‍ ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചേക്കാമെന്ന ഫെഡറല്‍ മുന്നറിയിപ്പ് ചോര്‍ന്നത് വലിയ വിവാദമായിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഈ മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞു. ഇത്തരമൊരു ഭീഷണി നിലവിലില്ലെന്നും ഇറാനില്‍ നിന്ന് മുന്‍പും അത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

നിലവില്‍ ഇറാന്റെ പ്രതിരോധ ശേഷി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ നേരിട്ടൊരു ആക്രമണത്തിന് മുതിരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എങ്കിലും ഡ്രോണ്‍ യുദ്ധതന്ത്രത്തിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ നേരിടാന്‍ അമേരിക്ക സജ്ജമാണോ എന്ന ചോദ്യം ശക്തമാവുകയാണ്.

Similar News