ട്രംപിന്റെ ഒരൊറ്റ പോസ്റ്റില്‍ വിറങ്ങലിച്ച് ഇറാന്‍; കുഞ്ഞുങ്ങളെ മനുഷ്യകവചമാക്കി ഭരണകൂടം; കണ്ണീരോടെ വിടവാങ്ങല്‍ സന്ദേശങ്ങള്‍; ഒടുവില്‍ ട്രംപിന്റെ മനം മാറ്റവും
ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരൊറ്റ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇറാന്‍ എന്ന രാജ്യത്തെ കടുത്ത ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും നിഴലിലാഴ്ത്തി. 'ഇന്ന് രാത്രി ഒരു നാഗരികത ഇല്ലാതാകും' എന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, സ്വന്തം പൗരന്മാരെത്തന്നെ മനുഷ്യകവചമാക്കി യുദ്ധത്തെ നേരിടാന്‍ ഇറാന്‍ ഭരണകൂടം ശ്രമിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും ഊര്‍ജ്ജനിലയങ്ങള്‍ക്ക് മുന്നില്‍ അണിനിരത്തി ബോംബാക്രമണത്തെ പ്രതിരോധിക്കാനായിരുന്നു അധികൃതരുടെ നീക്കം.
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ജനങ്ങളെ തെരുവിലിറക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രധാന വൈദ്യുതി നിലയങ്ങള്‍ക്കും പാലങ്ങള്‍ക്കും ചുറ്റും 'മനുഷ്യ കവചം' തീര്‍ക്കാന്‍ യുവാക്കളോടും കായികതാരങ്ങളോടും വിദ്യാര്‍ത്ഥികളോടും ഭരണകൂടം ആഹ്വാനം ചെയ്തു. ജനക്കൂട്ടത്തിന് നേരെ ബോംബിടുന്നത് യുദ്ധക്കുറ്റമാകുമെന്ന കണക്കുകൂട്ടലിലാണ് പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ഇത്തരത്തില്‍ അപകടത്തിലേക്ക് തള്ളിവിടുന്നതെന്ന ആക്ഷേപം ശക്തമാണ്. എന്നാല്‍ ട്രംപ് വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇത് എല്ലാവര്‍ക്കും ആശ്വാസമായി.
രാജ്യം ഒരു മഹാദുരന്തത്തെ അഭിമുഖീകരിക്കുകയാണെന്ന തിരിച്ചറിവില്‍ വിദേശത്തുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിങ്ങിപ്പൊട്ടിക്കൊണ്ട് വിടവാങ്ങല്‍ സന്ദേശങ്ങള്‍ അയച്ചു ഇറാന്‍ ജനത. 'ഇത് ഞങ്ങളുടെ അവസാന സന്ദേശമായിരിക്കും' എന്ന് തുടങ്ങുന്ന നടുക്കുന്ന കുറിപ്പുകളാണ് ടെഹ്റാനില്‍ നിന്നും പ്രവഹിച്ചത്. വിദേശബന്ധം ആരോപിക്കപ്പെട്ടാല്‍ ഭരണകൂടം വേട്ടയാടുമെന്ന ഭയത്താല്‍ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയാണ്. ഇന്‍സ്റ്റാഗ്രാം ചാറ്റുകള്‍ പിടിക്കപ്പെട്ടാല്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്ന ഒരു യുവതിയുടെ അവസാന സന്ദേശം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെ 'പവര്‍ പ്ലാന്റ് ഡേ' മുന്നറിയിപ്പിന് പിന്നാലെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ പലായനം തുടങ്ങി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ തീര്‍ന്നതും കുടിവെള്ളത്തിന് വകയില്ലാത്തതും സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കി. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഭരണകൂടം വിച്ഛേദിച്ചത് ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ ബോംബുകളേക്കാള്‍ ഭയാനകമാണ് പിടിക്കപ്പെട്ടാല്‍ സ്വന്തം സൈന്യത്തില്‍ നിന്നുള്ള പ്രതികാര നടപടികളെന്ന് സാധാരണക്കാര്‍ ഭയപ്പെടുന്നുണ്ട് ഇപ്പോഴും.
ഇസ്ലാമിക ഭരണകൂടത്തിന്റെ 47 വര്‍ഷത്തെ അഴിമതിക്കും സ്വേച്ഛാധിപത്യത്തിനും ട്രംപ് അന്ത്യം കുറിക്കുമെന്ന സന്ദേശത്തിന്റെ ഭാഗം ചിലരില്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയുള്ള ഈ യുദ്ധനീക്കത്തോട് വലിയൊരു വിഭാഗത്തിന് വിയോജിപ്പുണ്ട്. സ്വന്തം ജനതയെ മരണത്തിന് വിട്ടുകൊടുത്ത് അധികാരം സംരക്ഷിക്കാനുള്ള ഇറാന്റെ ശ്രമം ആഗോളതലത്തില്‍ വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഏതായാലും വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇറാന്‍ ജനതയ്ക്കും ആശ്വാസമായി.
