മൊജ്തബ ഖമേനി കോമയിലെന്ന് റിപ്പോര്‍ട്ടുകള്‍; ചികിത്സ മോസ്‌കോയിലെന്ന് സൂചന; ദൃശ്യങ്ങള്‍ പുറത്തുവിടാതെ രഹസ്യ സ്വഭാവം തുടര്‍ന്ന് ഇറാന്‍; മിസൈല്‍ പതിച്ചത് നിമിഷങ്ങളുടെ വ്യത്യാസത്തില്‍; അച്ഛന്‍ കൊല്ലപ്പെട്ടപ്പോഴും മരണത്തെ മുഖാമുഖം കണ്ട മൊജ്തബ; ആദ്യ തവണ രക്ഷപ്പെട്ടത് അത്ഭുതകരമായെന്ന് റിപ്പോര്‍ട്ട്; ഖമേനിയും സംഘവും കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ടെഹ്‌റാന്‍: ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതാവസ്ഥയില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. മൊജ്തബ ഇപ്പോള്‍ കോമയിലാണെന്നും പരിക്കേറ്റതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയിലും മൊജ്തബയുടെ പുതിയ പ്രസ്താവന പുറത്തുവന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
ഇറാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഹര്‍ ന്യൂസ് ഏജന്‍സിയാണ് മൊജ്തബയുടേതെന്ന പേരില്‍ പുതിയ പ്രസ്താവന പുറത്തുവിട്ടത്. തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിയുടെ കീഴില്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരും സ്ഥാപനമേധാവികളും നിലവിലെ സ്ഥാനങ്ങളില്‍ തുടരണമെന്നാണ് പ്രസ്താവനയിലെ പ്രധാന നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്ക് തല്‍ക്കാലം നിയമനം പുതുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍, ഈ പ്രസ്താവനയ്‌ക്കൊപ്പം മൊജ്തബയുടെ പുതിയ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പുറത്തുവിട്ടിട്ടില്ല എന്നത് അദ്ദേഹം ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
ആക്രമണത്തില്‍ കരളിനും വയറിനും ഗുരുതരമായി പരിക്കേറ്റ മൊജ്തബയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പ്രത്യേകമായി അയച്ച വിമാനത്തില്‍ മോസ്‌കോയിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന വിവരം. ഫെബ്രുവരി 28-ന് പിതാവിന്റെ മരണശേഷം ചുമതലയേറ്റ മൊജ്തബ, മേഖലയിലെ യുഎസ് താവളങ്ങള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് ആദ്യ പ്രസ്താവനയില്‍ പ്രഖ്യാപിച്ചിരുന്നു. ഇറാഖിലെ സായുധ സംഘങ്ങളും യെമനിലെ ഹൂതികളും ഇറാന്റെ പോരാട്ടത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
മൊജ്തബയുടെ പിതാവിന്റെ സ്വകാര്യ വിമാനം നശിപ്പിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രസ്താവന വന്നത്. മൊജ്തബ ഇപ്പോള്‍ എവിടെയാണെന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ടെന്ന് ഇസ്രായേല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന മൊജ്തബയുടെ പഴയ നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും, നേതാവിന്റെ ശാരീരികാവസ്ഥയെക്കുറിച്ചുള്ള മൗനം രാജ്യത്തെ ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഫെബ്രുവരി 28-ന് ഇറാനില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ മിന്നലാക്രമണത്തില്‍ നിന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി രക്ഷപ്പെട്ടത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലെന്ന് വെളിപ്പെടുത്തല്‍ ഇതിനിടെ പുറത്തു വന്നു. താമസസമുച്ചയത്തില്‍ നിന്ന് മൊജ്തബ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം മിസൈലുകള്‍ കെട്ടിടത്തില്‍ പതിക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമമായ 'ദ ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് തൊട്ടുമുന്‍പ് മൊജ്തബ കെട്ടിടത്തിന് പുറത്തുള്ള തോട്ടത്തിലേക്ക് ഇറങ്ങിയതാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. ഖമേനിയുടെ ഓഫീസിലെ പ്രോട്ടോക്കോള്‍ മേധാവി മസഹര്‍ ഹുസൈനി ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന ചോര്‍ന്ന ഓഡിയോ രേഖകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 'മൊജ്തബയ്ക്ക് എന്തോ ആവശ്യത്തിനായി പുറത്തേക്ക് പോകേണ്ടി വന്നത് ദൈവഹിതമായിരുന്നു. അദ്ദേഹം പുറത്തിറങ്ങിയ ഉടനെയാണ് കെട്ടിടത്തില്‍ മിസൈല്‍ പതിച്ചത്,' എന്ന് മസഹര്‍ ഹുസൈനി പറയുന്നതായി ഓഡിയോയിലുണ്ട്. കാലില്‍ ചെറിയൊരു മുറിവ് മാത്രമാണ് മൊജ്തബയ്ക്ക് ഏറ്റതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഖമേനിയുടെ വസതി ലക്ഷ്യമാക്കി ഇസ്രായേല്‍ തൊടുത്തത്. ഈ ആക്രമണത്തില്‍ അന്നത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, ഇറാന്‍ സൈനിക മേധാവി മുഹമ്മദ് ഷിറാസി, നിരവധി ഉന്നത ഉദ്യോഗസ്ഥര്‍, ഖമേനിയുടെ ബന്ധുക്കള്‍ എന്നിവര്‍ കൊല്ലപ്പെട്ടു. സൈനിക മേധാവി ഷിറാസിയുടെ ശരീരം മിസൈല്‍ പ്രഹരത്തില്‍ ചിന്നിച്ചിതറിപ്പോയതായും ഹുസൈനി വിശദീകരിക്കുന്നുണ്ട്.
ആക്രമണത്തിന് ശേഷം മൊജ്തബ ഖമേനി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. 'രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യും' എന്ന പേരില്‍ പുറത്തുവിട്ട ശബ്ദസന്ദേശം മാത്രമാണ് ഇതുവരെയുള്ള ഏക ഔദ്യോഗിക പ്രതികരണം. മൊജ്തബ അതീവ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയ്ക്കായി മോസ്‌കോയിലേക്ക് മാറ്റിയെന്നുമുള്ള വാര്‍ത്തകള്‍ക്കിടയിലാണ്, അദ്ദേഹത്തിന് നിസ്സാര പരിക്കേ ഉള്ളൂ എന്ന പുതിയ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. നേതാവിനെ നേരിട്ട് കാണാത്തത് ഇറാഖിലും ഇറാനിലുമുള്ള അനുയായികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
