ഇറാന്‍ യുദ്ധത്തില്‍ ബ്രിട്ടന്റെ നിലപാടുകളോട് അസംതൃപ്തി രേഖപ്പെടുത്തി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമത്തില്‍ ബ്രിട്ടനും പങ്കാളിയാകണമെന്ന് ആവശ്യം; ദുബായ് വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എഡിന്‍ബര്‍ഗില്‍ നിന്നും ദുബായ്ക്ക് പോയ വിമാനം തിരിച്ചു പറന്നു; ഡ്രോണ്‍ ആക്രമണത്തിനിരയായ ഹോട്ടലിന്റെ ചിത്രമെടുത്ത മൂന്ന് പേര്‍ ദുബായില്‍ അറസ്റ്റില്‍
ഇറാന്‍ യുദ്ധത്തിനോടുള്ള ബ്രിട്ടന്റെ പ്രതികരണം തന്നെ നിരാശപ്പെടുത്തുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ലോക വ്യാപാരത്തിന്റെ പ്രധാന ജീവനാഡിയായ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനുള്ള അമേരിക്കന്‍ ശ്രമത്തില്‍ ബ്രിട്ടന്‍ ഊര്‍ജ്ജസ്വലതയോടെ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്ധ്യപൂര്‍വേഷ്യയില്‍ നിന്നുള്ള എണ്ണകടത്തിന്റെ ഭൂരിഭാഗവും കടന്നു പോകുന്ന ഈ കപ്പല്‍ പാത ഇറാന്‍ ഫലത്തില്‍ അടച്ചിരിക്കുകയാണ്. ഇത് ലോകമാകെ തന്നെ ഊര്‍ജ്ജ വില ഉയരുവാന്‍ ഇടയാക്കിയിട്ടുണ്ട്.
കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഒരുക്കാന്‍ സഹായിക്കുന്ന രാജ്യങ്ങളെ ഇറാന്‍ അക്രമിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും ട്രംപ് പറഞ്ഞു. നേരത്തെ, റോയല്‍ നേവിയുടെ കപ്പലുകള്‍ മേഖലയില്‍ വിന്യസിച്ചാല്‍ ഇറാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് യു കെ സൈന്യം നല്‍കിയ മുന്നറിയിപ്പിനെതിരെ പ്രതികരിക്കുകയായിരുന്നു ട്രംപ്. മേഖലയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കണമെന്ന ട്രംപിന്റെ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ട് മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തില്‍ വ്യാപകമായി ഇടപെടാന്‍ ബ്രിട്ടന്‍ ഒരുക്കമല്ലെന്ന് സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞതിനു പിറകെയായിരുന്നു ട്രംപിന്റെ പ്രതികരണം. എത്രയും പെട്ടെന്ന് ഈ യുദ്ധം അവസാനിച്ചു കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു.
സ്റ്റാര്‍മറുടെ പ്രതികരണം തന്നെ അദ്ഭുതപ്പെടുത്തുകയും നിരാശനാക്കുകയും ചെയ്തു എന്ന് പറഞ്ഞ ട്രംപ്, ബ്രിട്ടന്‍ അമേരിക്കയുടെ പുരാതന സുഹൃത്താണെന്നും, ബ്രിട്ടനുവേണ്ടി ധാരാളം പണം ചെലവഴിക്കുന്നുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. നാറ്റോയുടെ കാര്യം എടുത്തു പറയാനും ട്രംപ് മറന്നില്ല. യുക്രെയിനില്‍ ഇരു രാജ്യങ്ങളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു. ഗള്‍ഫ് മേഖലയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേഷ്ടാക്കളുമായി ചര്‍ച്ച ചെയ്യേണ്ട കാര്യം എന്താണെന്നും ട്രംപ് ചോദിച്ചു. നേരത്തെ ഫ്രാന്‍സും, ജര്‍മ്മനിയും, കാനഡയും ആസ്‌ട്രേലിയയും കപ്പലുകളെ അയയ്ക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇത് നാറ്റോയുടെയും യുക്രെയിന്‍ ഇടപെടലുകളുടെയും ഭാവിയെ ബാധിക്കുമെന്ന പരോക്ഷ സൂചന നല്‍കാനും ട്രംപ് മറന്നില്ല.
ഏഡിന്‍ബര്‍ഗില്‍ നിന്നും ദുബായിലേക്കുള്ള വിമാനം തിരിച്ചിറങ്ങി
നൂറോളം യാത്രക്കാരുമായി എഡിന്‍ബര്‍ഗില്‍ നിന്നും ദുബായിലേക്ക് യാത്ര തിരിച്ച വിമാനം 11 മണിക്കൂറോളം ആകാശത്ത് പറന്നതിനു ശേഷം ഈജിപ്തിനു മുകളിലൂടെ തിരികെ മടങ്ങി. ഞായറാഴ്ച്ച രാത്രി 9ഃ26 ന് എഡിന്‍ബര്‍ഗില്‍ നിന്നും പുറപ്പെട്ട ഇ കെ 24 എന്ന എമിരേറ്റ്‌സ് വിമാനം തിങ്കളാഴ്ച്ച രാവിലെ 6ഃ49 ന് ദുബായില്‍ എത്തിച്ചേരേണ്ടതായിരുന്നു. എന്നാല്‍, ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനം ഈജിപ്തിനു മുകളിലൂടെ തിരികെ പറക്കുകയായിരുന്നു.
തിരികെ പറന്ന വിമാനം പിന്നീട് സുരക്ഷിതമായി എഡിന്‍ബര്‍ഗില്‍ തന്നെ ഇറങ്ങി. യു കെ വിദേശകാര്യ വകുപ്പിന്റെ യാത്ര നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ച നഗരമാണ് ദുബായ് എങ്കിലും ഇപ്പോഴും യു കെയില്‍ നിന്നും നിരവധിപേര്‍ അങ്ങോട്ട് പോകുന്നുണ്ടെന്ന് ട്രാവല്‍ ജേര്‍ണലിസ്റ്റ് ആയ സൈമന്‍ കാല്‍ഡര്‍ പറയുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളില്ല. എന്നാലും ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനത്താവളം അടച്ചു പൂട്ടിയതെന്നും അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ പരിമിതമായ രീതിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.
ആക്രമണദൃശ്യം പകര്‍ത്തിയ മൂന്നുപേര്‍ ദുബായില്‍ അറസ്റ്റില്‍
ദുബായിലെ ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, അത് ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്ത മൂന്ന് വിദേശികളെ ദുബായില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. തങ്ങള്‍ സുരക്ഷിതരാണെന്ന് ബന്ധുക്കളെ അറിയിക്കുന്നതിനായിട്ടാണ് ഇവര്‍ സ്വകാര്യ സന്ദേശങ്ങളായി ഈ ചിത്രങ്ങള്‍ അയച്ചു നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ പേരുകളോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. അനധികൃതമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന്‍ കീഴിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അറിയുന്നു.
യു എ ഇയിലെ കര്‍ശനമായ സൈബര്‍ നിയമങ്ങള്‍ക്ക് എത്രമാത്രം വ്യാപ്തിയുണ്ടെന്ന് പലര്‍ക്കും അറിയില്ല എന്നാണ് ദുബായ് കാമ്പെയ്ന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് രാധാ സ്റ്റെര്‍ലിംഗ് പറയുന്നത്. പലപ്പോഴും വിദേശികള്‍ ചിന്തിക്കുന്നത്, ഫോട്ടോകള്‍ സ്വകാര്യമായി ബന്ധുക്കള്‍ക്ക് അയയ്ക്കുന്നത് കൊണ്ട് പ്രശ്‌നമില്ല എന്നാണ്. എന്നാല്‍, യു എ ഇയില്‍ അതിപ്രധാനമായ ചില സംഭവങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നത് പോലും (അവ ആരുമായും പങ്കുവച്ചില്ലെങ്കില്‍ കൂടി) ക്രിമിനല്‍ കുറ്റമാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച ഒരു ഇറാനിയന്‍ ആക്രമണം ചിത്രീകരിച്ച 60 കാരനായ ഒരു ബ്രിട്ടീഷ്പൗരനെയും അറസ്റ്റ് ചെയ്തിരുന്നു.
