പ്രത്യേക സൈനിക വിമാനത്തില്‍ മുജ്തബയെ മോസ്‌കോയിലേക്ക് മാറ്റിയതായി കുവൈത്ത് പത്രം 'അല്‍ ജരീദ'; ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി റഷ്യയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്; വിമാനം വിട്ടുനല്‍കിയത് പുടിന്‍; ഇറാന്‍ നേതാവിന്റെ നില അതീവ ഗുരുതരമെന്ന് അഭ്യൂഹം; അമേരിക്കന്‍ യുദ്ധക്കപ്പലില്‍ തീപ്പിടിത്തം; ഇസ്രയേല്‍ രണ്ടും കല്‍പ്പിച്ച്; പശ്ചിമേഷ്യ യുദ്ധഭീതിയില്‍

Update: 2026-03-17 04:19 GMT

ടെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി ഗുരുതരമായി പരിക്കേറ്റ് റഷ്യയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. റഷ്യയുടെ സംരക്ഷണയില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാമെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് പ്രത്യേക സൈനിക വിമാനത്തില്‍ മുജ്തബയെ മോസ്‌കോയിലേക്ക് മാറ്റിയതായി കുവൈത്ത് പത്രമായ 'അല്‍ ജരീദ' റിപ്പോര്‍ട്ട് ചെയ്തു.

അതീവ രഹസ്യമായാണ് ഈ നീക്കം നടന്നത്. പരമോന്നത നേതാവുമായി അടുത്ത ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് എങ്കിലും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഇതിനോട് പ്രതികരിച്ചില്ല. മുജ്തബ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം ചികിത്സയിലാണെന്ന വിവരം പുറത്തുവരുന്നത്. പരിക്കേറ്റതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആശയവിനിമയങ്ങള്‍ ഐആര്‍ജിസിയുടെ (കഞഏഇ) കര്‍ശന നിയന്ത്രണത്തിലാണ്.

നേരത്തെ, മുജ്തബ ജീവനോടെയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ രൂപം തന്നെ മാറിപ്പോയെന്നും യുഎസ് ആരോപിച്ചിരുന്നു. യുഎസും ഇസ്രയേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് മുന്‍ നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ഇതേ ആക്രമണത്തില്‍ മുജ്തബയ്ക്കും പരിക്കേല്‍ക്കുകയും അദ്ദേഹത്തിന്റെ ഭാര്യയും മകനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. സ്ഥാനാരോഹണത്തിന് ശേഷം മുജ്തബയുടെ വീഡിയോകളോ ചിത്രങ്ങളോ പുറത്തുവരാത്തത് അഭ്യൂഹങ്ങള്‍ക്ക് ബലമേകുന്നു.

ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ചെങ്കടലില്‍ വിന്യസിച്ച അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ഫോഡില്‍ വന്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. 30 മണിക്കൂറിലേറെ നീണ്ടുനിന്ന തീപ്പിടിത്തത്തില്‍ ഡസന്‍ കണക്കിന് സൈനികര്‍ക്ക് പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

കപ്പലിലെ ലോണ്‍ട്രി ഏരിയയിലുണ്ടായ തീപ്പിടിത്തത്തില്‍ 600-ഓളം നാവികരുടെ കിടക്കകളും വസ്ത്രങ്ങളും നശിച്ചു. ടോയ്ലറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും തകരാറിലായതോടെ കപ്പലിലെ 4,500 ഓളം ജീവനക്കാര്‍ ദുരിതത്തിലാണ്. കഴിഞ്ഞ പത്ത് മാസമായി വിന്യാസത്തിലുള്ള ഈ കപ്പല്‍ ഏപ്രില്‍ പകുതി വരെ തുടര്‍ന്നാല്‍ വിയറ്റ്‌നാം യുദ്ധത്തിന് ശേഷം ഏറ്റവും കൂടുതല്‍ കാലം വിന്യസിക്കപ്പെട്ട യുഎസ് വിമാനവാഹിനിക്കപ്പലായി ഇത് മാറും.

ഇറാനുമായുള്ള യുദ്ധം ആഴ്ചകളോളം നീണ്ടുനില്‍ക്കാമെന്നും ആവശ്യമെങ്കില്‍ ദീര്‍ഘിപ്പിക്കാന്‍ സജ്ജമാണെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ആക്രമണ ശേഷിയെ പൂര്‍ണ്ണമായും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ സേനാ വക്താവ് ലെഫ്. കേണല്‍ നദവ് ഷൊഷാനി പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍, ആണവ സംവിധാനങ്ങള്‍, സുരക്ഷാ താവളങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് നിലവില്‍ ആക്രമണം തുടരുന്നത്.

ദൗത്യത്തിനായി 1.10 ലക്ഷം കരുതല്‍ സൈനികരെയാണ് ഇസ്രയേല്‍ സജ്ജമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ടെഹ്റാന്‍, ഷിറാസ്, തബ്റിസ് എന്നിവിടങ്ങളില്‍ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഇതിനു പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ മഴ പെയ്യിച്ചു. ജറുസലേമിലെ പുണ്യസ്ഥലമായ ടെമ്പിള്‍ മൗണ്ടിന് തൊട്ടടുത്ത് വരെ ഇറാന്റെ മിസൈല്‍ എത്തിയത് ലോകത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആകാശത്തുവെച്ച് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ പുണ്യഭൂമിക്ക് പരിസരത്ത് പതിച്ചതായി ഇസ്രയേല്‍ പോലീസ് അറിയിച്ചു. ഇതിനുപുറമെ അബുദാബിയിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ചൈനായാത്ര മാറ്റിവെച്ചേക്കുമെന്ന് സൂചന നല്‍കി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ചൈന സഹായിക്കുമെന്ന് കരുതുന്നതായി ട്രംപ് പറഞ്ഞു. മാര്‍ച്ച് 31-നായിരുന്നു ട്രംപിന്റെ ചൈന സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. അതേസമയം, ഹോര്‍മുസിലേക്ക് നാവികസേനയെ അയക്കില്ലെന്ന് ജപ്പാനും ഓസ്ട്രേലിയയും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുഎഇക്ക് സംരക്ഷണം നല്‍കാന്‍ നിരീക്ഷണ വിമാനങ്ങളും മിസൈലുകളും അയക്കാന്‍ തയ്യാറാണെന്ന് ഓസ്ട്രേലിയ അറിയിച്ചു. ചെങ്കടലിലെ ദൗത്യം ഹോര്‍മുസിലേക്ക് നീട്ടുന്നതിനെ യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനിയും ഇറ്റലിയും എതിര്‍ത്തു.

Tags:    

Similar News