മെയ് ഒന്നിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ലേബര്‍ പാര്‍ട്ടിക്കും ടോറികള്‍ക്കും വന്‍ തിരിച്ചടിയാവും; നഷ്ടപ്പെടുന്ന സീറ്റുകള്‍ എല്ലാം ലഭിക്കുക റിഫോം യുകെ പാര്‍ട്ടിക്ക്; രൂപം കൊടുത്ത് ഒരു വര്‍ഷം തികയും മുന്‍പ് നൈജല്‍ ഫാരേജിന്റെ പാര്‍ട്ടി ബ്രിട്ടനെ ഞെട്ടിക്കും
ലണ്ടന്‍: ഇംഗ്ലണ്ടിലെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടോറികള്‍ക്കും ലേബറിനും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടി തൂത്തുവാരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കെമി ബെയ്ഡ്‌നോക്കിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 500 കൗണ്‍സിലറുകള്‍ വരെ നഷ്ടപ്പെടും എന്ന് സര്‍വ്വേകള്‍ പറയുന്നു.
നിലവില്‍ ലേബര്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ കുറവാണ്. അതില്‍ നിന്നും കാര്യമായ പുരോഗതിയൊന്നും പാര്‍ട്ടിക്ക് കൈവരിക്കാന്‍ ആവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒരു തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിച്ച് തൊട്ടടുത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം അനുഭവിക്കേണ്ടി വരിക എന്ന ദുരവസ്ഥയായിരിക്കും ലേബര്‍ പാര്‍ട്ടിക്ക് ഉണ്ടാവുക. ലേബര്‍ പാര്‍ട്ടിയുടെ ഉറച്ച സീറ്റായി കരുതുന്ന റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബിയിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്താത്ത സര്‍ കീര്‍ സ്റ്റാര്‍മറെ കഴിഞ്ഞ ദിവസം റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജ് പരിഹസിച്ചിരുന്നു. ഇവിടെ റിഫോം പാര്‍ട്ടിയായിരിക്കും ഇത്തവണ വികയിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
പുതിയ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കാന്‍, ഇംഗ്ലണ്ടില്‍ 23 പ്രദേശങ്ങളിലാണ് മെയ് 1 വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബിയിലെ ഉപതെരഞ്ഞെടുപ്പും അന്നെ ദിവസം നടക്കും. രാജ്യത്തെ ആറിടങ്ങളില്‍ മേയര്‍ തെരഞ്ഞെടുപ്പും അന്നേ ദിവസം നടക്കുന്നുണ്ട്. ലിബറല്‍ ഡെമോക്രാറ്റുകളും ഗ്രീന്‍സും ഉള്‍പ്പടെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ അതീവ ഗൗരവത്തോടെ പ്രചാരണത്തില്‍ ഉള്ളതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവചനാതീതമാണെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രൊഫസര്‍ ജോണ്‍ കര്‍ട്ടിസ് പറയുന്നത്.
മിക്ക സീറ്റുകളും നിലവില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കൈകളിലാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടിയേല്‍ക്കുക അവര്‍ക്ക് തന്നെയായിരിക്കും എന്നൗം അദ്ദേഹം പറയുന്നു. എന്നിരുന്നാലും പരാജയം നേരിയ വ്യത്യാസത്തിനായിരിക്കും എന്നും അദ്ദേഹം പറയുന്നു. റിഫോം പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടുകയാണെങ്കില്‍ അതില്‍ ഭൂരിഭാഗവും കണ്‍സര്‍വേറ്റീവുകളില്‍ നിന്നും പിടിച്ചെടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, പൊതുതെരഞ്ഞെടുപ്പിന് ശേഷം കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതിയില്‍ ഉണ്ടായ കുത്തനെയുള്ള ഇടിവ് ലേബര്‍ പാര്‍ട്ടിയുടെ സാധ്യതകളെയും പ്രതികൂലമായി ബാധിക്കും.
അതേസമയം, റിഫോം യു കെ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി എന്ന വാര്‍ത്ത ടോറി നേതാവ് ബെയ്ഡ്‌നോക്ക് നിഷേധിച്ചു. ഓരോ വോട്ടിനു വേണ്ടിയും പാര്‍ട്ടി കിണഞ്ഞു പരിശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി. കുടിയേറ്റം ഒരു പ്രധാന വിഷയം തന്നെയാണെന്ന് പറഞ്ഞ അവര്‍ പക്ഷെ തദ്ദേശ തെരഞ്ഞെടുപ്പില്‍ റോഡുകളുടെ ശോചനീയാവസ്ഥയും മാലിന്യ നിര്‍മ്മാര്‍ജ്ജനവുമൊക്കെയായിരിക്കും പരക്കെ ചര്‍ച്ച ചെയ്യപ്പെടുക എന്നും പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 475 മുതല്‍ 525 കൗണ്‍സിലര്‍മാരെ വരെ നഷ്ടപ്പെടും എന്നാണ് കണ്‍സര്‍വേറ്റീവ് അംഗവും പ്രഭുസഭാ അംഗവുമായ ലോര്‍ഡ് ഹേവാര്‍ഡ് പ്രവചിക്കുന്നത്.