എന്തെങ്കിലും ക്രിമിനല്‍ റിക്കോര്‍ഡ്‌സ് ഉണ്ടെങ്കില്‍ വര്‍ഷങ്ങളായി നിങ്ങള്‍ ഗ്രീന്‍ കാര്‍ഡില്‍ താമസിച്ചാലും നാട്ടിലേക്ക് പോയി മടങ്ങുമ്പോള്‍ അമേരിക്കയില്‍ പ്രവേശനം നിഷേധിക്കും; നാല്പത് വര്‍ഷത്തിലധികമായി ഗ്രീന്‍ കാര്‍ഡില്‍ താമസിക്കുന്ന ഐറീഷ് കാരിക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാം: ട്രംപ് പേടിയില്‍ ഇന്ത്യന്‍ പൗരത്വം ഇതുവരെ സൂക്ഷിച്ചവര്‍ നെട്ടോട്ടത്തില്‍
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടം അമേരിക്കന്‍ പ്രസിഡന്റ് ആയതോടെ കുടിയേറ്റ് നിയമങ്ങള്‍ അങ്ങേയറ്റം കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചില പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയില്‍ എത്തിയവര്‍ക്ക് ഗ്രീന്‍കാര്‍ഡ് ലഭിച്ചാലും അവര്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ റെക്കോര്‍ഡ്സ് ഉണ്ടെങ്കില്‍ നാട്ടില്‍ പോയി മടങ്ങുമ്പോള്‍ അമേരിക്കയില്‍ പ്രവേശനം നിഷേധിക്കപ്പെടും.
നാല്‍പ്പത് വര്‍ഷത്തില്‍ അധികമായി ഗ്രീന്‍കാര്‍ഡില്‍ താമസിക്കുന്ന ഒരു ഐറിഷുകാരിക്ക് സംഭവിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരത്വം ഇതു വരെ സൂക്ഷിച്ചവര്‍ ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. പന്ത്രണ്ട് വയസ് മുതല്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന, ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള, ഐറിഷ് വംശജയായ ഒരു ജീവകാരുണ്യ പ്രവര്‍ത്തക നാട്ടില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ ഈയിടെ നാട്ടിലേക്ക് പോയിരുന്നു. എന്നാല്‍ മടങ്ങിയെത്തിയ അവര്‍ ഇപ്പോള്‍ തടവില്‍ കഴിയുകയാണ്.
ക്ലിയോണവാര്‍ഡ് എന്ന ഈ 54കാരിയെ മോചിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. ഇവരുടെ മുതിര്‍ന്ന മകനും ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ജയിലില്‍ വളരെ ശോചനീയമായ അവസ്ഥയിലാണ് ക്ലിയോണ കഴിയുന്നതെന്നാണ് അവരുടെ സഹോദരി വെളിപ്പെടുത്തിയത്. കുടിക്കാന്‍ നല്ല വെള്ളം പോലും ലഭിക്കുന്നില്ല എന്നും അവര്‍ വെളിപ്പെടുത്തി. നിരവധി വര്‍ഷങ്ങളായി ക്ലിയോണ നിരവധി തവണ വിദേശയാത്ര നടത്തിയിട്ടുണ്ട് ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടാകുന്നതെന്നാണ് വീ്ട്ടുകാര്‍ പറയുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഇരയാണ് ക്ലിയോണ വാര്‍ഡെന്നാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ മാസം 19 നാണ് ഇവരെ അധികൃതര്‍ കസ്റ്റഡിയില്‍ എടുക്കുന്നത്. അയര്‍ലന്‍ഡില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിന്റെ കാണാന്‍ തന്റെ രണ്ടാനമ്മയേയും കൂട്ടിയാണ് അവര്‍ പോയത്. മയക്കുമരുന്ന്, മോഷണം തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് ഇരുപത് വര്‍ഷം മുമ്പുള്ള ഒരു കേസിന്റെ പേരില്‍ അധികൃതര്‍ അവരെ ചോദ്യം ചെയ്തു. എന്നാല്‍ തന്റെ പേരിലുള്ള ഈ കേസുകള്‍ രേഖകളില്‍ നിന്ന് സര്‍ക്കാര്‍ തന്നെ നീക്കം ചെയ്തതായി ക്ലിയോണ അവരെ അറിയിച്ചു. അവരെ വിട്ടയച്ചു എങ്കിലും നേരിട്ടെത്തി തെളിവ് നല്‍കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു.
ഈ മാസം 21 ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ എസ്.എഫ്.ഒ വിമാനത്താവളത്തിലെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ അവര്‍ മതിയായ രേഖകളുമായി എത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രമാണ് ക്ലിയോണയെ രേഖകള്‍ സഹിതം ഹാജരാകാന്‍ ആവശ്യപ്പെട്ടത് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇപ്പോള്‍ വാഷിംഗ്ടണിലെ ഐ.സി.ഇ സെന്ററില്‍ അവരെ പാര്‍പ്പിച്ചിരിക്കുകയാണ്.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് വാഷിംഗട്ണിലേക്ക് ക്ലിയോണയെ വിമാനത്തില്‍ കൊണ്ട വന്നത് കൈകളില്‍ വിലങ്ങ് വെച്ചാണെന്ന് ബന്ധുക്കള്‍ പറയുന്നു. മൂന്ന് സ്ത്രീകള്‍ക്കൊപ്പമാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മുറിയില്‍ ആവശ്യത്തിന് വെളിച്ചം പോലും ഇല്ലെന്നും അവര്‍ പറയുന്നു.