റെയ്ച്ചല്‍ റീവ്‌സിന്റെ അനിയത്തിയേയും സ്റ്റര്‍മാര്‍ പുറത്താക്കി; പാക്കിസ്ഥാന്‍ ദമ്പതികളുടെ മകളായി പിറന്ന് ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ച ഹോം സെക്രട്ടറി; ബ്രിട്ടനെ നിയന്ത്രിക്കുന്ന ശബാന മഹമൂദ് യുകെയിലെ ആദ്യ മുസ്ലിം വനിതാ ഹോം സെക്രട്ടറി

Update: 2025-09-07 01:02 GMT

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ മന്ത്രിസഭാ പുനസംഘടനയുടെ ഏറ്റവും ഒടുവിലത്തെ ഇരയായത് റേച്ചല്‍ റീവ്‌സിന്റെ അനിയത്തി. ഉപപ്രധാനമന്ത്രി എയ്ഞ്ചല റീവ്‌സിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് കാര്യമായ മാറ്റങ്ങള്‍ വരുത്തി പ്രധാനമന്ത്രി മന്ത്രിസഭ പുനസംഘടിപ്പിച്ചത്. പുതിയ ഫ്‌ലാറ്റ് വാങ്ങിയ സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കി, നികുതിയിളവ് നേടി എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു റെയ്നര്‍ രാജിവെച്ചത്. വെള്ളിയാഴ്ച ക്യാബിനറ്റ് റാങ്കില്‍ അഴിച്ചുപണി നടത്തിയതിന് ശേഷം സ്റ്റാര്‍മര്‍ ഇപ്പോള്‍ താഴെയുള്ളവരിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് എല്ലി റീവ്‌സിന് സ്ഥാനം തെറിച്ചത്.

വകുപ്പില്ലാ മന്ത്രിയും ലേബര്‍ പാര്‍ട്ടി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിരുന്ന ഈ 44 കാരിയെ രണ്ട് സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തു. പകരം നേരത്തേ ഒരു വിപ്പ് ആയിരുന്ന അന്ന ടേളി ആ സ്ഥാനങ്ങളിലേക്കെത്തും എന്ന് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലി റീവ്‌സിനെ അറ്റോര്‍ണി ജനറല്‍ ലോര്‍ഡ് ഹേര്‍മറുടെ ഡെപ്യൂട്ടിയായി, സോളിസിറ്റര്‍ ജനറലായി നിയമിച്ചു. ഇവര്‍ക്ക് ക്യാബിനറ്റ് യോഗങ്ങളില്‍ പങ്കെടുക്കേണ്ടതില്ല. എന്നിരുന്നാലും അവര്‍ ല്യൂഷാം വെസ്റ്റ് ആന്‍ഡ് ഈസ്റ്റ് ഡള്‍വിച്ചിലെ എം പിയായി തുടരും. 2017 മുതല്‍ അവര്‍ അവിടെനിന്നും ജയിക്കുന്നതാണ്.

ഒക്ടോബറില്‍ പുതിയ ബജറ്റ് അവതരിപ്പിക്കാനിരിക്കുന്ന ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന് ഒരു തിരിച്ചടിയാണ് സഹോദരിയുടെ സ്ഥാനചലനം എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈയാഴ്ച ആദ്യം ചാന്‍സലര്‍ക്ക് അവരുടെ ഡെപ്യൂട്ടി ഡാറെന്‍ ജോണ്‍സിനെ നഷ്ടപ്പെട്ടിരുന്നു. സ്റ്റാര്‍മറുടെ ചീഫ് സെക്രട്ടറി ആയി നമ്പര്‍ 10 ല്‍ ആണ് ജോണ്‍സിന്റെ പുതിയ നിയമനം. അതിനു പുറമെ രണ്ട് സാമ്പത്തിക വിദഗ്ധരെ കൂടി പ്രധാനമന്ത്രി നിയമിച്ചിരുന്നു. ഇതോടെ, ചാന്‍സലറുടെ അധികാരം ദുര്‍ബലപ്പെടുത്തുകയാണെന്ന് അവരുടെ അണികളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

യുവറ്റ് കൂപ്പറെ ഹോം സെക്രട്ടറി പദവിയില്‍ നിന്നും വിദേശകാര്യ സെക്രട്ടറിയാക്കിയതാണ് മന്ത്രിസഭാ പുനസംഘടനയിലെ മറ്റൊരു പ്രധാന മാറ്റം. ബിസിനസ്സുകാരനായ ജേസണ്‍ സ്റ്റോക്ക്വുഡിനെ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് മിനിസ്റ്ററായി നിയമിച്ചതാണ് മറ്റൊരു സുപ്രധാന കാര്യം. നേരത്തെ ഗ്രെയ്റ്റര്‍ ലിങ്കണ്‍ഷയര്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് അദ്ദേഹം. മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് മിനിസ്റ്റര്‍ പോപ്പി ഗുസ്റ്റാഫ്‌സണ്‍ മന്ത്രിസഭയില്‍ നിന്നും പുറത്തായി. അതിനിടയിലെ ഏറ്റവും വലിയ വാര്‍ത്തയായത് ഷബാന മഹ്‌മൂദ് ഹോം സെക്രട്ടറി ആയതായിരുന്നു.

പാകിസ്ഥാന്‍ വംശജയായ ഷബാന മഹ്‌മൂദ്, നീതിന്യായ വകുപ്പിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തുന്നത്. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളും, മോശമായി കൊണ്ടിരിക്കുന്ന ക്രമസമാധാനവുമൊക്കെയാണ് മുന്‍ ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ക്ക് ആ സ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയത്. ഏതായാലും, ബ്രിട്ടനിലെ ആദ്യ മുസ്ലീം വനിതാ ഹോം സെക്രട്ടറി എന്ന പദവി ഇതോടെ ഷബാന മഹ്‌മൂദിന് സ്വന്തമായി.

Tags:    

Similar News