ലോകം പട്ടിണിയിലേക്ക്; എണ്ണപ്പാതകള്‍ കത്തുന്നു; ആഗോള സമ്പദ്വ്യവസ്ഥയുടെ കഴുത്തില്‍ കത്തിവെച്ച് ഇറാന്‍; ചരിത്രത്തിലെ ഏറ്റവും വലിയ മഹാദുരന്തം ബ്രിട്ടനെ വിഴുങ്ങാന്‍ വരുന്നു; സ്വന്തം വിഭവങ്ങള്‍ ഉപേക്ഷിച്ച ബ്രിട്ടന്‍ വെട്ടിലായി; വരാനിരിക്കുന്നത് പ്രഹര ശേഷിയുള്ള ദുരന്തം

Update: 2026-03-23 06:39 GMT

ലണ്ടന്‍: പശ്ചിമേഷ്യയിലെ യുദ്ധജ്വാലകള്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ ശ്വാസംമുട്ടിക്കുമ്പോള്‍, ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സാമ്പത്തിക തകര്‍ച്ചയുടെ വക്കില്‍ ബ്രിട്ടന്‍. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ആഗോള എണ്ണ-വാതക വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഇത് ബ്രിട്ടന്റെ ആഭ്യന്തര വിപണിയെയും ജനജീവിതത്തെയും കൊടിയ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുമെന്ന ഭീതിയിലാണ് രാജ്യാന്തര വിദഗ്ധര്‍. 1970-കളിലെ എണ്ണ പ്രതിസന്ധിയേക്കാള്‍ നാലിരട്ടി പ്രഹരശേഷിയുള്ള ഒരു മഹാദുരന്തമാണ് യുണൈറ്റഡ് കിംഗ്ഡത്തെ വിഴുങ്ങാന്‍ വരുന്നത്.

ലോക സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണയും വാതകവും എത്തുന്ന പ്രധാന പാതകളെ ഇറാന്‍ ലക്ഷ്യം വെച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഖത്തറിലെ നിര്‍ണ്ണായക ഊര്‍ജ്ജോല്പാദന കേന്ദ്രമായ റാസ് ലഫാന് നേരെ കഴിഞ്ഞയാഴ്ച നടന്ന മിസൈല്‍ ആക്രമണം ലോകത്തെ നടുക്കിയിരുന്നു. ഇതിന് പിന്നാലെ സൗദിയിലെ റാസ് തനൂറ വഴിയുള്ള എണ്ണ നീക്കവും നിലച്ചു. പ്രതിദിനം ഒന്നരക്കോടി ബാരല്‍ എണ്ണയുടെ കുറവാണ് ആഗോള വിപണിയിലുണ്ടായിരിക്കുന്നത്. ഇത് ബ്രിട്ടനിലെ സാധാരണക്കാരന്റെ അടുക്കള മുതല്‍ വ്യവസായ ശാലകളെ വരെ നിശ്ചലമാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

ഈ ആഗോള പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ ഉലയുന്നത് ബ്രിട്ടനാണ് എന്നത് ലണ്ടനെ ആശങ്കയിലാക്കുന്നു. വികസിത രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി നിരക്ക് നിലവില്‍ ബ്രിട്ടനിലാണെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. വടക്കന്‍ കടലിലെ സ്വന്തം എണ്ണ ഉല്പാദനം കുറച്ചതും ഇറക്കുമതിയെ അമിതമായി ആശ്രയിച്ചതുമാണ് ബ്രിട്ടന് തിരിച്ചടിയായത്. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള 'നെറ്റ് സീറോ' പദ്ധതികളുടെ ഭാഗമായി സ്വന്തം ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപേക്ഷിച്ച സര്‍ക്കാര്‍ നിലപാട് ഇപ്പോള്‍ രാജ്യത്തിന് വിനയായിരിക്കുകയാണ്.

സ്വന്തം വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് പകരം ഖത്തറിനെയും സൗദിയെയും അമിതമായി വിശ്വസിച്ച ലണ്ടന്റെ നയം പാളിയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. മരുന്നുകള്‍, പ്ലാസ്റ്റിക്, വളം തുടങ്ങി നിത്യജീവിതത്തിലെ സകലതിനും ഫോസില്‍ ഇന്ധനങ്ങള്‍ അനിവാര്യമായ 2026-ലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ബ്രിട്ടനെ ദുര്‍ബലമാക്കുന്നു. യുദ്ധം ഉടന്‍ അവസാനിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് കൊടിയ ദാരിദ്ര്യത്തിന്റെയും സാമ്പത്തിക തകര്‍ച്ചയുടെയും കറുത്ത നാളുകളായിരിക്കുമെന്ന് ആഗോള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Similar News