ഡോ. ഹാരിസ് ചിറയ്ക്കലിനെ കള്ളനാക്കാനുള്ള നാടകങ്ങളെല്ലാം പൊളിഞ്ഞു; പൊതുസമൂഹത്തിന്റെ പിന്തുണ ഡോക്ടര്‍ക്ക് വര്‍ധിച്ചതോടെ പതിയെ തടിതപ്പാന്‍ ആരോഗ്യവകുപ്പ്; ഉപകരണം കാണാതായതില്‍ ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു; പുലിവാലായി തിരക്കഥയ്ക്ക് അനുസരിച്ചു നടത്തിയ വാര്‍ത്താസമ്മേളനം
ഡോ. ഹാരിസ് ചിറയ്ക്കലിനെ കള്ളനാക്കാനുള്ള നാടകങ്ങളെല്ലാം പൊളിഞ്ഞു
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിനെ മോഷണ കേസില്‍ കുടുക്കാന്‍ വേണ്ടി നടത്തിയ ആസൂത്രിത ശ്രമങ്ങളെല്ലാം പൊളിഞ്ഞതോടെ സര്‍ക്കാര്‍ പിന്നോട്ട്. ഹാരിസിനെതിരായ അന്വേഷണം ഇനിയും മുന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം. കുടുക്കാന്‍ ശ്രമിച്ച് സര്‍ക്കാര്‍ സ്വയം കുടുങ്ങി എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മറുവശത്ത് ഡോക്ടറെ വേട്ടയാടുന്നതില്‍ ആരോഗ്യ വകുപ്പിനും മന്ത്രിക്കുമെതിരെ പൊതുജനരോഷവും ശക്തമാകുന്നുണ്ട്. അഴിമതിക്കാരനല്ലാത്ത സത്യസന്ധനായ ഡോക്ടറെ സര്‍ക്കാര്‍ ക്രൂശിക്കുന്നു എന്നതാണ് പൊതുവികാരം. ഇക്കാര്യം കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലും വ്യക്തമായി. ഇതോടെ തിരക്കഥ പൊളിഞ്ഞതോടെ സര്‍ക്കാറും ആരോഗ്യ വകുപ്പും പിന്‍മാറുകയാണ്.
ഉപകരണം കാണാതായതിലും കൂടുതല്‍ അന്വേഷണം ഉണ്ടാകില്ല. അസ്വാഭാവികമായി പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും പോലീസ് അന്വേഷണത്തിന് പോകില്ല. ഡി എം ഇ റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കും. ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ടാകില്ല. മെഡിക്കല്‍ കോളേജിലെ വാര്‍ത്താ സമ്മേളനം തിരിച്ചടിയായി എന്നും വിലയിരുത്തലുണ്ട്. ഡോക്ടര്‍ ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെജിഎംസിറ്റിഎയ്ക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും ഉറപ്പു നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുമായി കെജിഎംസിറ്റിഎ ചര്‍ച്ച നടത്തും. ഉപകരണം കാണാതായതില്‍ ഇനി അന്വേഷണത്തിന് പ്രസക്തി ഇല്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സാഹചര്യത്തില്‍, മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ലീവിലായിരുന്ന ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും. ഒരാഴ്ച്ചത്തേക്കാണ് ഡോ. ഹാരിസ് മെഡിക്കല്‍ അവധിയില്‍ പോയിരുന്നത്. കഴിഞ്ഞ ദിവസം ഡോ. ഹാരിസിന്റെ അസാന്നിദ്ധ്യത്തില്‍ ശസ്ത്രക്രിയ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
ഡോക്ടര്‍ ഹാരിസ് അന്വേഷണ സമിതിക്ക് വിശദീകരണം എഴുതി നല്‍കും. മെഡി. കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സൗകര്യങ്ങളില്‍ പഠനം വേണമെന്ന് കെജിഎംസിറ്റിഎ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ട് വിദഗ്ധ പഠനം നടത്തണം എന്ന് ആവശ്യം. ഇതിനിടെ തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കിയത്. കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു. ഇതോടെ ഉപകരണങ്ങള്‍ മടക്കി അയക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. അങ്ങനെ വന്ന ഉപകരണങ്ങളാണ് റൂമില്‍ ഉണ്ടായിരുന്നതെന്നും ഹാരിസ് ചിറക്കല്‍ വ്യക്തമാക്കി.
നേരത്തേ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു പെട്ടിയില്‍ നിന്ന് ഉപകരണം കണ്ടെത്തിയതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി കെ ജബ്ബാര്‍ പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടിരുന്നില്ലെന്നും വീണ്ടും നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടെത്തിയതില്‍ അസ്വാഭാവികത തോന്നിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഈ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബില്ലില്‍ മോസിലോസ്‌കോപ്പ് എന്നാണ് എഴുതിയിരുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം.
നിലവില്‍ ഹാരിസ് ചിറക്കല്‍ അവധിയിലാണെന്നും താക്കോല്‍ മറ്റൊരു ഡോക്ടറുടെ കൈയിലാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സിസിടിവി പരിശോധിച്ചുവെന്നും മുറിക്കുള്ളില്‍ ആരോ കടന്നതായി വ്യക്തമായെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്തുകൊണ്ട് പൊലീസിന് പരാതി നല്‍കിയില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ളത് സര്‍ക്കാരിനാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.
നേരത്തേ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യൂറോളജി വിഭാഗത്തില്‍ ഉപയോഗിച്ചിരുന്ന ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന ആരോപണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഓസിലോസ്‌കോപ്പ് എന്ന ഉപകരണത്തിന്റെ ഭാഗമായ മോസിലോസ്‌കോപ്പ് എന്ന ഭാഗം കാണാനില്ലെന്നായിരുന്നു പിന്നീട് പുറത്തുവന്ന വിവരം. എന്നാല്‍ അത്തരത്തില്‍ ഒരു ഉപകരണം കാണാതായിട്ടില്ലെന്നായിരുന്നു ഹാരിസ് ചിറക്കല്‍ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയത്. ഇതിനിടെയാണ് പെട്ടി കണ്ടെത്തുന്നത്. ഇത് തുറന്ന് പരിശോധിച്ചപ്പോള്‍ നെഫ്രോസ്‌കോപ്പിന്റെ ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്. എന്നാല്‍ ഇതിന് മുകളില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയ ബില്ല് എങ്ങനെ വന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ അടക്കം രംഗത്തുവന്നത്.