'മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം'; ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു, നിശബ്ദത പാലിക്കില്ല; മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യവസ്ഥാപിതമായ പീഡനം നടക്കുന്നുണ്ടെന്ന് പറഞ്ഞ രാഹുൽ മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ന്യൂനപക്ഷ പീഡനമാണിത്. വിശ്വാസത്തിൻറെ പേരിൽ രണ്ടു കന്യാസ്ത്രീമാരെ ജയിലിൽ അടച്ചു, ഇത് നീതി അല്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. ബിജെപി ആർഎസ്എസ് ആൾക്കൂട്ടഭരണമാണ് നടക്കുന്നത്. ഇത് അപകടകരമായ ഒരു രീതിയാണ് സൂചിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു. മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ നിശബ്ദത പാലിക്കില്ലെന്നും രാഹുൽഗാന്ധി വിമർശിച്ചു.
രാഹുൽ ഗാന്ധിയുടെ പോസ്റ്റിന്റെ പൂർണ രൂപം:
വിശ്വാസത്തിന്റെ പേരിൽ ഛത്തീസ്ഗഢിൽ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ ജയിലിലടച്ചു - ഇത് നീതിയല്ല, ബിജെപി-ആർഎസ്എസ് ആൾക്കൂട്ട ഭരണമാണ്.
ഇത് അപകടകരമായ ഒരു രീതിയെ പ്രതിഫലിപ്പിക്കുന്നു. ഈ ഭരണത്തിൻ കീഴിൽ ന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി പീഡിപ്പിക്കുകയാണ്.
യുഡിഎഫ് എംപിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിച്ചു. ഞങ്ങൾ നിശബ്ദരായിരിക്കില്ല. മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. അവരെ ഉടൻ മോചിപ്പിക്കണമെന്നും ഈ അനീതിക്ക് ഉത്തരവാദിത്തം നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
നേരത്തെ, 12 മണിവരെ നിര്‍ത്തിവെച്ചിരുന്ന സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷ ബഹളം കാരണം നടപടി ക്രമങ്ങൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഓപ്പറേഷൻ സിന്ദൂറിൽ ചർച്ച ആരംഭിക്കാൻ പോകുകയാണ് സ്പീക്കർ അറിയിച്ചെങ്കിലും മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ചർച്ച ആവശ്യമുണ്ടെങ്കിൽ പ്രതിപക്ഷം സീറ്റുകളിലേയ്ക്ക് മടങ്ങണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതിന് പിന്നാലെ ഒരു മണിവരെ സഭ നിർത്തിവെയ്ക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.