'രാജ്യസഭാ സീറ്റിന് വേണ്ടി ആത്മാവ് വിറ്റു, കമൽഹാസനെ തമിഴ് ജനത അംഗീകരിക്കില്ല'; മക്കൾ നീതി മയ്യം അധ്യക്ഷൻ ഡി.എം.കെ സർക്കാരിനെ പിന്തുണയ്ക്കുന്നു; വിമർശനവുമായി അണ്ണാമലൈ

Update: 2025-10-07 12:13 GMT

ചെന്നൈ: കരൂരിലെ ദുരന്തഭൂമി സന്ദർശിച്ചതിന് പിന്നാലെ നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കമൽഹാസൻ ഡി.എം.കെ സർക്കാരിന് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു. ഒരു രാജ്യസഭാ സീറ്റിന് വേണ്ടിയാണ് കമൽഹാസൻ തൻ്റെ ആത്മാവ് വിറ്റതെന്നും, അടുത്തിടെ അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിനെ സൂചിപ്പിച്ച് അണ്ണാമലൈ പരിഹസിച്ചു.

കമൽഹാസന്റെ ഈ നിലപാട് തമിഴ് ജനത അംഗീകരിക്കില്ലെന്ന് അണ്ണാമലൈ പറഞ്ഞു. കമൽഹാസൻ മികച്ച നടനാണെങ്കിലും രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും, കരൂർ സംഭവം പോലുള്ള വിഷയങ്ങളിൽ പോലും ഏകപക്ഷീയമായി ഡി.എം.കെയെ പിന്തുണയ്ക്കുകയാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

കരൂരിൽ നടന്നത് 41 പേരുടെ മരണത്തിനിടയാക്കിയ ആൾക്കൂട്ട ദുരന്തമായിരുന്നുവെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസൻ ഭരണകൂടത്തിനെതിരായ ആരോപണങ്ങൾ തള്ളിക്കളയുകയും സംഘാടകരുടെ ഉത്തരവാദിത്തം എടുത്തുപറയുകയും ചെയ്തിരുന്നു. പോലീസ് അവരുടെ ജോലി കൃത്യമായി നിർവഹിച്ചെന്നും അവരെ വിമർശിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രതികരണത്തെയും കമൽഹാസൻ പ്രശംസിച്ചിരുന്നു.

സെപ്റ്റംബർ 17-നാണ് കരൂരിൽ ദാരുണമായ ദുരന്തം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഐ.ജി. അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 

Tags:    

Similar News