ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; എംപിമാരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബി സുദര്‍ശന്‍ റെഡ്ഡി

എംപിമാരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബി സുദര്‍ശന്‍ റെഡ്ഡി

Update: 2025-09-07 16:02 GMT

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച് ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി. ഇന്ത്യയുടെ ആത്മാവിന് വേണ്ടി വോട്ട് ചെയ്യണമെന്നും ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു.

സ്ഥാനാര്‍ത്ഥിത്വം വ്യക്തിപരമായ നേട്ടത്തിനല്ലെന്നും മറിച്ച് ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യസഭയെ സംവാദത്തിനുള്ള യഥാര്‍ത്ഥ വേദിയാക്കി മാറ്റുകയും പാര്‍ലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍നിന്ന് മുക്തമാക്കുകയും ചെയ്യും. സഭാ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷത ഉറപ്പാക്കുകയും എല്ലാ അം?ഗത്തിന്റെയും അന്തസ്സ് കാത്ത് സൂക്ഷിക്കുകയും ചെയ്യുമെന്നും റെഡ്ഡി എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.

ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കിയത് വഴി തെലുങ്ക് ദേശം പാര്‍ട്ടി, ടി ഡിപി, ബിആര്‍എസ് തുടങ്ങിയ കക്ഷികളില്‍ സമ്മര്‍ദ്ദമുണ്ടാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. സി പി രാധാകൃഷ്ണന്‍ ആണ് എന്‍എഡിഎ സ്ഥാനാര്‍ത്ഥി. ഈ മാസം ഒന്‍പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 'ഇന്‍ഡ്യ' മുന്നണി സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണയ്ക്കുമെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഉവൈസി നേരത്തെ വ്യക്തമാക്കിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണക്കാന്‍ അഭ്യര്‍ത്ഥിച്ചതായി എക്‌സിലെഴുതിയ കുറിപ്പില്‍ ഉവൈസി വ്യക്തമാക്കുന്നു.

''തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച് സംസാരിച്ചിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഹൈദരാബാദുകാരനും ബഹുമാന്യ നിയമവിദഗ്ധനുമായ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് എഐഎംഐഎം പിന്തുണ നല്‍കും. ജസ്റ്റിസ് റെഡ്ഡിയോട് സംസാരിച്ചിരുന്നു. അദ്ദേഹത്തെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്''- ഇങ്ങനെയായിരുന്നു അസദുദ്ദീന്‍ ഒവൈസി എക്‌സില്‍ കുറിച്ചത്. സുദര്‍ശന്‍ റെഡ്ഡിയുമായി സംസാരിച്ചതായും ആശംസകള്‍ അറിയിച്ചതായും ഒവൈസി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News