'കന്യാദാനമായി നല്‍കുന്നതൊന്നും പെണ്‍മക്കള്‍ക്ക് ഉപകാരപ്പെടുന്നില്ല; ആഭരണങ്ങളും പണവും കുറ്റകൃത്യത്തിന് വഴിവയ്ക്കും; വിവാഹ സമ്മാനമായി നല്‍കേണ്ടത് തോക്കും വാളും'; സ്ത്രീധന പീഡനത്തിനെതിരെ യു.പിയിലെ മഹാപഞ്ചായത്ത്
സ്ത്രീധന പീഡനത്തിനെതിരെ യു.പിയിലെ മഹാപഞ്ചായത്ത്
ന്യൂഡല്‍ഹി: പെണ്‍മക്കള്‍ക്ക് വിവാഹ സമ്മാനമായി നല്‍കേണ്ടത് സ്വര്‍ണാഭരണങ്ങളും പണവും അല്ലെന്നും പകരം സ്വന്തം സുരക്ഷിതത്വത്തിനായി തോക്കും വാളും കത്തിയും നല്‍കണമെന്നും രക്ഷിതാക്കളോട് ആഹ്വാനം ചെയ്ത് മഹാപഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ ഭഗ്പതിലെ ഗൗരിപൂരില്‍ ചേര്‍ന്ന രജപുത് സമുദായ അംഗങ്ങളുടെ കേസരീയ മഹാപഞ്ചായത്തിലാണ് ഈ ആഹ്വാനമുയര്‍ന്നത്. സ്ത്രീധന പീഡനങ്ങള്‍ക്ക് എതിരെയാണ് ആഹ്വാനം.
യൂ.പിയിലും ഹരിയാനയിലും ഡല്‍ഹിയിലുമായി ഏതാനും ദിവസങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീധന പീഡന കേസുകളുടെ തുടര്‍ച്ചയായാണ് സമുദായ അംഗങ്ങള്‍ക്കിടയില്‍ ബോധവല്‍കരണമെന്ന നിലയില്‍ ഈ പരാമര്‍ശം. വിവാഹത്തിനു ശേഷം പെണ്‍കുട്ടികള്‍ നേരിടുന്ന സ്ത്രീധന പ്രശ്‌നങ്ങളും അക്രമണങ്ങളും തടയാന്‍ ആയുധങ്ങളാണ് അവര്‍ക്ക് നല്‍കേണ്ടതെന്ന് ആള്‍ ഇന്ത്യ ക്ഷത്രിയ മഹാസഭ പ്രസിഡന്റ് ഠാകുര്‍ കുന്‍വാര്‍ അജയ് പ്രതാപ് സിങ് പറഞ്ഞു. സാമൂഹിക സാഹചര്യം മാറണമെന്നും, സ്വയം പ്രതിരോധത്തിന് ആയുധങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'സാധാരണയായി മക്കള്‍ക്ക് കന്യാദാനമായി നല്‍കുന്നതൊന്നും അവര്‍ക്ക് ഉപകാരപ്പെടുന്നില്ല. സമ്മാനമായി നല്‍കുന്ന ആഭരണങ്ങളും പണവുമായി പുറത്തിറങ്ങിയാല്‍ കള്ളന്‍മാര്‍ കൊണ്ടുപോകുകയോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ, ആക്രമണങ്ങള്‍ക്കൊ ഇരയാവുകയോ ചെയ്യും. അതിനു പകരം വാളും കത്തിയും തോക്കും നല്‍കിയാല്‍ ഇത്തരം കുറ്റകൃത്യങ്ങളെയെങ്കിലും തടയാം' -അദ്ദേഹം പറഞ്ഞു.
അതേസമയം, മഹാപഞ്ചായത്തിലെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി ശ്രദ്ധയില്‍ പെട്ടതായും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഭഗപത് എസ്.പി സൂരജ് റായ് പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരില്‍ നോയ്ഡയില്‍ നിക്കി ഭാട്ടി (28) എന്ന യുവതിയെ ഭര്‍തൃവീട്ടുകാര്‍ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ വിവാദമായ പശ്ചാത്തലത്തിലാണ് മഹാപഞ്ചായത്തില്‍ നിന്നും സ്ത്രീധന പീഡനത്തിനെതിരെ ശബ്ദമുയരുന്നത്. യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയതിന് ദൃസാക്ഷിയായ ഏഴു വയസ്സുകാരനായ മകന്റെ മൊഴിയും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഡല്‍ഹിയോട് ചേര്‍ന്നുള്ള ഗ്രേറ്റര്‍ നോയിഡ സ്വദേശി വിപിന്‍ ഭാട്ടിയുമായി നിക്കിയുടെ വിവാഹം ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. 36 ലക്ഷം രൂപ സ്ത്രീധനമാവശ്യപ്പെട്ടാണ് നിക്കിയെ വിപിന്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ നിക്കിയുടെ ഭര്‍ത്താവ് വിപിന്‍ ഭാട്ടി, ഭര്‍തൃമാതാവ് ദയ ഭാട്ടി, പിതാവ് സത്യവീര്‍, സഹോദരന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.