നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം; സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ പദ്ധതിയുമായി കോണ്‍ഗ്രസ്; പ്യാരിദീദി യോജയന പ്രഖ്യാപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി
ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്. പ്യാരിദീദി യോജയനിലൂടെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ നല്‍കുമെന്നാണ് വാഗ്ദാനം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പദ്ധതി പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ ഈ പദ്ധതി നടപ്പാക്കി വിജയിച്ചതാണെന്നും ഡല്‍ഹിയില്‍ ഇത് വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ്, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഖാസി നിസാമുദ്ദീന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
നേരത്തെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും സമാന പ്രഖ്യാപനവുമായി രംഗത്തുവന്നിരുന്നു. നിലവില്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന മുഖ്യമന്ത്രി മഹിള സമ്മാന്‍ യോജനയുടെ തുക 1000 രൂപയില്‍നിന്ന് 2100 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. 18 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും ധനസഹായം ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. 22 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ടാകുമെന്നാണ് എ.എ.പി കണക്കാക്കുന്നത്.
നിലവില്‍ ഡല്‍ഹി ഭരിക്കുന്ന എ.എ.പി, ഗാര്‍ഹികാവശ്യത്തിന് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്നുണ്ട്. 201 മുതല്‍ 400 യൂണിറ്റ് വരെ 50 ശതമാനം സബ്‌സിഡിയിലാണ് നല്‍കുന്നത്. 20 കിലോ ലിറ്റര്‍ വരെ സൗജന്യ കുടിവെള്ളവും ലഭ്യമാക്കുന്നുണ്ട്. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ, ഫെബ്രുവരിയിലാകും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.
70ല്‍ 47 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എ.എ.പി എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയപ്പോള്‍, ബി.ജെ.പിയും ആദ്യ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാളിനെതിരെ പര്‍വേശ് വര്‍മയെയാണ് ബി.ജെ.പി കളത്തിലിറക്കിയത്.