സ്ത്രീകൾ സൗജന്യ യാത്ര ചെയ്യുമ്പോൾ പുരുഷന്മാർക്ക് പണം കൊടുക്കേണ്ട അവസ്ഥ; അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് സൗജന്യ ബസ് യാത്ര; വാഗ്ദാനവുമായി മുൻ മന്ത്രി

Update: 2026-01-22 10:33 GMT

ചെന്നൈ: തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി എം കെ അധികാരത്തിലെത്തിയാൽ സർക്കാർ ബസുകളിൽ കമിതാക്കൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് അണ്ണാ ഡി എം കെ നേതാവും മുൻ മന്ത്രിയുമായ കെ.ടി. രാജേന്ദ്ര ബാലാജി. പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ പുരുഷന്മാർക്ക് സൗജന്യ ബസ് യാത്രയെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഈ പുതിയ ആനുകൂല്യം മുന്നോട്ട് വെച്ചത്.

പുരുഷന്മാർക്ക് സൗജന്യ ബസ് യാത്ര നിലവിൽ വരുന്നതോടെ ഭർത്താക്കന്മാർക്ക് ഭാര്യമാരോടൊപ്പവും യുവാക്കൾക്ക് കാമുകിമാരോടൊപ്പവും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് രാജേന്ദ്ര ബാലാജിയുടെ വിശദീകരണം. സ്ത്രീകൾക്ക് മാത്രം സൗജന്യയാത്ര അനുവദിച്ചതിലൂടെ ഡി.എം.കെ. കുടുംബങ്ങളെ വിഭജിച്ചെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾ സൗജന്യമായി യാത്ര ചെയ്യുമ്പോൾ പുരുഷന്മാർ പണം കൊടുത്ത് മറ്റു ബസുകളിൽ പോകേണ്ട അവസ്ഥയാണെന്നും ബാലാജി കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് അണ്ണാ ഡി എം കെ ഇതുവരെ നൽകിയിട്ടുള്ളത്. ഓരോ റേഷൻകാർഡ് ഉടമകൾക്കും പ്രതിമാസം 2000 രൂപ അക്കൗണ്ടിൽ നൽകും, സിറ്റി ബസുകളിൽ പുരുഷന്മാർക്കും സൗജന്യയാത്ര, സ്വന്തമായി വീടില്ലാത്തവർക്ക് കോൺക്രീറ്റ് വീടുകൾ, ഗ്രാമീണ തൊഴിൽ ദിനങ്ങൾ 150 ആക്കി വർദ്ധിപ്പിക്കും, അഞ്ചുലക്ഷം സ്ത്രീകൾക്ക് സ്കൂട്ടർ വാങ്ങുന്നതിന് 25,000 രൂപ സബ്സിഡി എന്നിവയാണ് ഈ വാഗ്ദാനങ്ങൾ.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തേ ആരംഭിച്ചുവെങ്കിലും സംസ്ഥാനത്ത് അണ്ണാ ഡി എം കെയുടെ നിലവിലെ സ്ഥിതി ആശാവഹമല്ലെന്നാണ് റിപ്പോർട്ടുകൾ. ഡി.എം.കെ. തുടർഭരണത്തിനായി ശക്തമായി രംഗത്തുണ്ട്. നടൻ വിജയ്‌യുടെ പാർട്ടിയും തിരഞ്ഞെടുപ്പിൽ ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Tags:    

Similar News