'ബിഹാറിലെ യുവജനം പ്രബുദ്ധരാണ്, വികസനത്തിന്റെ വിജയമാണിത്, നമ്മള്‍ ബിഹാര്‍ ജയിച്ചു, ഇനി ബംഗാളിന്റെ സമയമാണ്'; എന്‍.ഡി.എ ലീഡിനു പിന്നാലെ ഗിരിരാജ് സിങ്

'ബിഹാറിലെ യുവജനം പ്രബുദ്ധരാണ്, വികസനത്തിന്റെ വിജയമാണിത്, നമ്മള്‍ ബിഹാര്‍ ജയിച്ചു

Update: 2025-11-14 05:38 GMT

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പന്‍ ലീഡിനു പിന്നാലെ, ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയുടെ അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ''അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ വേണ്ടെന്ന് ബിഹാറിലെ ജനം തീരുമാനിച്ചിരിക്കുന്നു. ബിഹാറിലെ യുവജനം പ്രബുദ്ധരാണ്. വികസനത്തിന്റെ വിജയമാണിത്. നമ്മള്‍ ബിഹാര്‍ ജയിച്ചു, ഇനി ബംഗാളിന്റെ സമയമാണ്'' -മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ ദിവസം മുതല്‍ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ മുന്നണിയെ വേണ്ടെന്ന് ബിഹാര്‍ ജനത വ്യക്തമാക്കിയിരുന്നുവെന്ന് ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു. സമാധാനവും, നീതിയും വികസനവുമാണ് ജനത്തിന് വേണ്ടത്. മുന്‍തലമുറ അനുഭവിച്ചിരുന്ന യാതൊരു പ്രയാസവും ഇന്നത്തെ യുവാക്കള്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. തേജസ്വി യാദവ് അധികാരത്തിലിരുന്ന കുറച്ചു നാളുകള്‍ പോലും ജനദ്രോഹപരമായ നിലപാടുകളാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറില്‍ 180ലേറെ സീറ്റുകളില്‍ എന്‍.ഡി.എ മുന്നേറുകയാണ്. 47 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി നാല് സീറ്റുകളിലും മുന്നേറുന്നുണ്ട്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി സംസ്ഥാനത്തെ 38 ജില്ലകളിലായി 46 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പാര്‍ട്ടികള്‍ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലും മുന്‍തൂക്കംഎന്‍.ഡി.എക്കായിരുന്നു. 43 അംഗ നിയമസഭയിലേക്ക് നവംബര്‍ ആറിനും 11നും രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 67.13 ശതമാനമെന്ന റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ വേളയില്‍ നിയമവിരുദ്ധ നടപടിയുണ്ടായാല്‍ നേരിടാന്‍ തയാറാകണമെന്ന് പാര്‍ട്ടി അണികളോട് ആര്‍.ജെ.ഡി നേതാവും ഇന്‍ഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ് ആഹ്വാനം ചെയ്തു.

Tags:    

Similar News