കാന്‍സര്‍ മരുന്നുകളുടെ വില കുറയും; ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നികുതി നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനം നവംബറില്‍
കാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറച്ചു
ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ 54 ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. കാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്്ക്കാനാണ് തീരുമാനം. കൗണ്‍സില്‍ യോഗ സമാപന ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നംകീന്‍ അടക്കം ലഘുഭക്ഷണങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. മെഡിക്കല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമീയം ജിഎസ്ടി നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മന്ത്രിതല സമിതിയും രൂപീകരിച്ചു. ഒക്ടോബര്‍ അവസാനത്തോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന നഷ്ടപരിഹാര സെസിന്റെ ഭാവി നിര്‍ണയിക്കാനും മന്ത്രിതല സമിതി രൂപീകരിക്കും.
ഷെയറിങ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുടെ ജിഎസ്ടി അഞ്ചുശതമാനമായിരിക്കും. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കി. ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍നിന്നുള്ള വരുമാനം 412 ശതമാനം വര്‍ധിച്ചു 6,909 കോടിയായി. ആറുമാസത്തിലാണ് ഈ തുക ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നവംബറില്‍ ചേരുന്ന കൗണ്‍സില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. മെഡിക്കല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മന്ത്രിതല സമിതിയെ ബിഹാര്‍ ഉപ മുഖ്യമന്ത്രി നയിക്കും. പുതിയ അംഗങ്ങളെയും ഈ സമിതിയില്‍ ചേര്‍ക്കും. ഒക്ടോബറില്‍ മന്ത്രിതല സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പ്രകാരമായിരിക്കും നവംബറില്‍ കൗണ്‍സില്‍ തീരുമാനമെടുക്കുകയെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
'
.Trastuzumab Deruxtecan, Osimertinib Durvalumab എന്നീ കാന്‍സര്‍ മരുന്നുകളുടെ വിലയാണ് കുറയുക.