പാര്‍ലമെന്റ് വിദേശകാര്യ സമതി അധ്യക്ഷനായിട്ടും പ്രതിനിധി സംഘത്തിലേക്ക് തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി പേരുവെട്ടിയെങ്കിലും സംഘത്തില്‍ ഉള്‍പ്പെടുത്തി മോദി; കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തില്‍ അഭിമാനിക്കുന്നു; ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി മാറി നില്‍ക്കില്ലെന്ന് തരൂര്‍

പേരുവെട്ടിയെങ്കിലും സംഘത്തില്‍ ഉള്‍പ്പെടുത്തി മോദി

Update: 2025-05-17 07:25 GMT

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിനു പിന്തുണ നല്‍കുന്ന പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ നിര്‍ദേശിക്കാതെ രാഹുല്‍ ഗാന്ധിയും കൂട്ടരുടെയും ഒളിച്ചുകളി. പാര്‍ലമെന്റിന്റെ വിദേശകാര്യ സമതി അധ്യക്ഷനായിട്ടും തരൂരിന്റെ പേര് നിര്‍ദേശിക്കാത്ത കോണ്‍ഗ്രസ് നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കുറച്ചുകാലമായി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണില്‍ കരടാണ് തരൂര്‍. അതുകൊണ്ട് തന്നെയാണ് നിര്‍ണായക സമയത്ത് തരൂരിന്റെ പേര് രാഹുല്‍ ഗാന്ധിയും സംഘവും വെട്ടിയത്.

തരൂരിന്റെ പേര് കൂടാതെയാണ് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് പേരുകള്‍ നിര്‍ദേശിച്ചത്. ഈ പേരുകള്‍ ജയറാം രമേശ് പുറത്തുവിട്ടിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, ഗൗരവ് ഗഗോയ്, സയ്ദ് നസീര്‍ ഹുസൈന്‍, രാജ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. എന്നാല്‍, കേന്ദ്രം പുറത്തുവിട്ട പട്ടികയില്‍ തരൂരിന്റെ പേരുണ്ടായിരുന്നു. സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. ദേശീയ താല്‍പര്യമുള്ള വിഷയങ്ങളില്‍ മാറിനില്‍ക്കാനാകില്ലെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു.

'അടുത്തിടെയുണ്ടായ സംഭവങ്ങളെ കുറിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാഗം അഞ്ച് പ്രധാന രാഷ്ട്രങ്ങളോട് വിശദമാക്കാനുള്ള സര്‍വ്വകക്ഷിപ്രതിനിധിസംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ദേശീയതാല്‍പ്പര്യം ഉയര്‍ന്നുവരികയും എന്റെ സേവനം അനിവാര്യമാവുകയും ചെയ്യുമ്പോള്‍ അതിനായി കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല, ജയ്ഹിന്ദ്', ഇത്തരത്തിലാണ് തരൂരിന്റെ പോസ്റ്റ്.

വിദേശത്തേക്ക് സംഘത്തെ അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടൊപ്പം നിന്നെങ്കിലും പാര്‍ട്ടിയോട് ആലോചിക്കാതെ തരൂരിനെ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചതായാണ് സൂചന. വിദേശത്തേക്ക് അയയ്ക്കേണ്ട സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട ആളുകളെക്കുറിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിരുന്നതായി ജയറാം രമേശ് സമൂഹമാധ്യമത്തില്‍ കുറിച്ചു. പട്ടിക നല്‍കാന്‍ നിര്‍ദേശിച്ചതനുസരിച്ച് ഇന്നലെ വൈകിട്ട് ഈ നാലുപേരുകള്‍ കൈമാറിയതായും ജയറാം രമേശ് പറഞ്ഞു.

ഏഴു സംഘങ്ങളെ അയയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതില്‍ ഒന്നിനെ നയിക്കാന്‍ ശശി തരൂരിനെ ചുമതലപ്പെടുത്തി. യുകെയുഎസ് ദൗത്യസംഘത്തെ നയിക്കാനാണ് നിര്‍ദേശം. കേരളത്തില്‍ നിന്ന് ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, ജോണ്‍ ബ്രിട്ടാസ് എന്നീ എംപിമാരും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. ഗള്‍ഫിലേക്കും 3 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള സംഘത്തിലാണ് ഇ.ടിയുള്ളത്.

10 ദിവസത്തെ ദൗത്യത്തിനു മുന്‍പ് എംപിമാര്‍ക്കു വിദേശകാര്യ മന്ത്രാലയം മാര്‍ഗനിര്‍ദേശം നല്‍കും. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സംഘത്തിനു ബിജെപി എംപി രവിശങ്കര്‍ പ്രസാദ് നേതൃത്വം നല്‍കും. മുന്‍ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കും. കനിമൊഴി (ഡിഎംകെ), സുപ്രിയ സുളെ (എന്‍സിപി), ഏക്‌നാഥ് ഷിന്‍ഡെ (ശിവസേന) എന്നിവരും ഓരോ സംഘങ്ങളെ നയിക്കും. പാക്കിസ്ഥാനും വിവിധ ഭീകരസംഘടനകള്‍ക്കുമെതിരെ നടപടിക്കുള്ള നീക്കങ്ങള്‍ യുഎന്നില്‍ ഉള്‍പ്പെടെ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.ശശി തരൂര്‍, കോണ്‍ഗ്രസ്, പാക്കിസ്ഥാന്‍, ഭീകരപ്രവര്‍ത്തനം

Tags:    

Similar News