എല്ലാ ജില്ലകളിലും തടങ്കൽപാളയങ്ങൾ സ്ഥാപിക്കും; അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും; കർശന നടപടിയുമായി യോഗി; പ്രഹസനമെന്ന് പ്രതിപക്ഷം

Update: 2025-11-22 14:22 GMT

ലഖ്‌നൗ: സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും (DM) ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി, ചട്ടപ്രകാരം നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദേശീയ സുരക്ഷ, നിയമവാഴ്ച, സാമൂഹിക സൗഹൃദം എന്നിവയ്ക്കാണ് സർക്കാർ പരമമായ മുൻഗണന നൽകുന്നതെന്നും, ഒരു തരത്തിലുമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ പാർപ്പിക്കുന്നതിനായി ഓരോ ജില്ലയിലും താൽക്കാലിക തടങ്കൽ പാളയങ്ങൾ സ്ഥാപിക്കണമെന്നും യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. വിദേശ പൗരത്വമുള്ള ഈ അനധികൃത കുടിയേറ്റക്കാരെ, ആവശ്യമായ നിയമപരമായ സ്ഥിരീകരണ നടപടികൾ പൂർത്തിയാകുന്നതുവരെ ഈ കേന്ദ്രങ്ങളിൽ താമസിപ്പിക്കും. തുടർന്ന്, നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

നേപ്പാളുമായി തുറന്ന അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇന്ത്യൻ പൗരന്മാർക്ക് ഉത്തർപ്രദേശിൽ നിന്ന് നേപ്പാളിലേക്ക് അതിർത്തി കടന്ന് സഞ്ചരിക്കാൻ സൗകര്യമുണ്ടെങ്കിലും, മറ്റ് രാജ്യക്കാരെ കർശനമായി നിരീക്ഷണ വിധേയമാക്കാറുണ്ട്. അതേസമയം, സാമൂഹിക ​ഐക്യവും ദേശീയ സുരക്ഷയും നിയമപാലനവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് യോഗി ആദിത്യനാഥ് ജില്ല മജിസ്ട്രേറ്റുമാർക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഈ ഉത്തരവിനോട് കോൺഗ്രസ് നേതാവ് അജയ് റായ് ശക്തമായി പ്രതികരിച്ചു. യോഗിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2017 മുതൽ എട്ട് വർഷമായി സംസ്ഥാനം ഭരിക്കുകയാണെന്നും, എന്നിട്ടും 'നുഴഞ്ഞുകയറ്റക്കാരെ' കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കം വെറും പ്രചാരണം സൃഷ്ടിക്കാനും ജനങ്ങളെ വിഡ്ഢികളാക്കാനുമുള്ള ഒരു പ്രഹസനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News