സി പി രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഡിഎംകെ സഖ്യത്തെ വെട്ടിലാക്കി ബിജെപി; മറികടക്കാന്‍ ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈയെ സ്ഥാനാര്‍ഥിയാക്കാന്‍ ഇന്ത്യാ മുന്നണിയുടെ നീക്കം; തിരുച്ചി ശിവയുടെ പേരും പരിഗണനയില്‍; മമത ബാനര്‍ജിയെ അടക്കം വിശ്വാസത്തിലെടുത്ത് ഇന്ന് പ്രഖ്യാപനമുണ്ടാകും
സി പി രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഡിഎംകെ സഖ്യത്തെ വെട്ടിലാക്കി ബിജെപി
ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ആരെന്ന് ഇന്നറിയാം. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാരെന്ന് ഇന്ത്യ സഖ്യം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. ഇന്നലെ പ്രമുഖ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈ അടക്കം ചില പേരുകള്‍ ചര്‍ച്ചയായി. ഡിഎംകെ നേതാവ് തിരുച്ചി ശിവയുടെ പേരും പരിഗണനയിലവുണ്ട്.
മമത ബാനര്‍ജി ഉള്‍പ്പടെ നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ഇന്ന് അന്തിമധാരണയുണ്ടാക്കുക. തമിഴ്‌നാട്ടില്‍ നിന്നുള്ള ആളായിരിക്കും സ്ഥാനാര്‍ഥി എന്നാണ് സൂചന. ശാസ്ത്രജ്ഞന്‍ മയില്‍സ്വാമി അണ്ണാദുരൈയുടെ പേരിനാണ് മുന്‍തൂക്കം. ചന്ദ്രയാന്‍ 1, 2 ദൗത്യങ്ങളില്‍ ഭാഗമായിട്ടുള്ള അണ്ണാദുരൈ കോയമ്പത്തൂര്‍ സ്വദേശിയാണ്. സ്ഥാനാര്‍ഥി തമിഴ്‌നാട്ടില്‍ നിന്ന് വേണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.
2026ല്‍ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡി.എം.കെയെയും സഖ്യകക്ഷികളെയും സമ്മര്‍ദത്തിലാക്കിയാണ് തമിഴ്‌നാട്ടില്‍നിന്നുള്ള സി.പി.രാധാകൃഷ്ണന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിത്വം എന്‍ഡിഎ പ്രഖ്യാപിച്ചത്. തമിഴ്‌നാടിന് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും പ്രാമുഖ്യം നല്‍കുന്നില്ലെന്ന ആക്ഷേപം ഡി.എം.കെ സഖ്യം ശക്തിയായി ഉന്നയിക്കുമ്പോഴാണ് തമിഴ്‌നാട്ടില്‍നിന്നുള്ള ഗൗണ്ടര്‍(ഒ.ബി.സി) വിഭാഗക്കാരനായ സി.പി. രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കിയത്.
രാധാകൃഷ്ണന് പിന്തുണ നല്‍കാത്തപക്ഷം തമിഴനും തമിഴ്‌നാടിനും എതിരായ നിലപാട് സ്വീകരിക്കുന്നതായി ബി.ജെ.പി- അണ്ണാ ഡി.എം.കെ കക്ഷികള്‍ പ്രചാരണം നടത്തും. തമിഴ്‌നാട്ടില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും രാഷ്ട്രീയകക്ഷി ഭേദമന്യേ പിന്തുണക്കണമെന്ന് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി പ്രസ്താവിച്ചതും ഈ സാഹചര്യത്തിലാണ്. ബി.ജെ.പി മുതിര്‍ന്ന നേതാവും കേന്ദ്ര പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ്‌സിങ് തിങ്കളാഴ്ച ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ ഫോണില്‍വിളിച്ച് രാധാകൃഷ്ണനുവേണ്ടി പിന്തുണ അഭ്യര്‍ഥിച്ചിരുന്നു.
സി.പി. രാധാകൃഷ്ണനെ പിന്തുണക്കണമെന്ന് സ്റ്റാലിനെ കണ്ട് അഭ്യര്‍ഥിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ അറിയിച്ചു. തമിഴക രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കെട്ടായി സി.പി.രാധാകൃഷ്ണനെ പിന്തുണക്കണമെന്ന് ബി.ജെ.പി നേതാവ് കെ.അണ്ണാമലൈ ആവശ്യപ്പെട്ടു.
അതേസമയം രാധാകൃഷ്ണന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിത്വം മൂലം തമിഴ്‌നാടിന് ഒരു ഗുണവുമുണ്ടാവില്ലെന്നും ഇന്‍ഡ്യാ സഖ്യത്തിന്റെ തീരുമാനത്തിനൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവന്‍ പ്രസ്താവിച്ചു. ഡി.എം.കെയുടെ രാജ്യസഭാംഗമായ തിരുച്ചി ശിവ പോലുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഒരു നേതാവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കി തിരിച്ചടി നല്‍കാനാണ് ഇന്‍ഡ്യാ സഖ്യം ആലോചിക്കുന്നത്. ഡി.എം.കെ, അണ്ണാ ഡി.എം.കെ കക്ഷികള്‍ ഉള്‍പ്പെടെ തമിഴകത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് രാധാകൃഷ്ണന്‍.