'കരൂരിലെ ദുരന്തത്തിൽ ടിവികെ പ്രവർത്തകരായ സംഘാടകർക്ക് പങ്കുണ്ട്, മാപ്പ് പറയാനും തെറ്റ് അംഗീകരിക്കാനും സമയമായി'; സർക്കാരിനെ അവരുടെ കടമ നിറവേറ്റാൻ സഹായിക്കണമെന്നും കമൽഹാസൻ
ചെന്നൈ: നടൻ വിജയ് നടത്തിയ പ്രചാരണ റാലിക്കിടെ 41 പേർ മരിച്ച കരൂരിലെ അപകടസ്ഥലം സന്ദർശിച്ച് നടനും മക്കൾ നീതി മയ്യം (എം.എൻ.എം) നേതാവുമായ കമൽഹാസൻ. സംഭവിച്ചത് ഒരു ദുരന്തമാണെന്നും ഉത്തരവാദിത്തം സംഘാടകരായ നടൻ വിജയ്‌യുടെ പാർട്ടിക്കാണെന്നും, തെറ്റുകൾ അംഗീകരിച്ച് മാപ്പ് പറയേണ്ട സമയമാണിതെന്നും കമൽഹാസൻ തുറന്നടിച്ചു. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനായി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Tamil Nadu: Actor and Makkal Needhi Maiam (MNM) chief Kamal Haasan visits the Karur Stampede site.
— ANI (@ANI) October 6, 2025
A stampede occurred on 27th September, during a public event of TVK (Tamilaga Vettri Kazhagam) chief and actor Vijay, claiming 40 lives. pic.twitter.com/PsP0TGTgBn
'എല്ലാവർക്കും, പ്രത്യേകിച്ച് സംഘാടകർക്ക്, ഇതിൽ ഉത്തരവാദിത്തമുണ്ട്. കാര്യങ്ങൾ തെറ്റായിപ്പോയി, മാപ്പ് പറയാനും തെറ്റുകൾ അംഗീകരിക്കാനുമുള്ള സമയമാണിത്,' കമൽഹാസൻ പറഞ്ഞു. ദുരന്തമുണ്ടായ സ്ഥലത്ത് ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ വി. സെന്തിൽ ബാലാജിക്കൊപ്പമാണ് കമൽഹാസൻ എത്തിയത്. 'ഈ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. സർക്കാരിനെ അവരുടെ കടമ നിറവേറ്റാൻ നമ്മുക്ക് സഹായിക്കാം,' അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെത്തുടർന്ന് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുകയും ചെയ്ത കരൂർ ഡി.എം.കെ നേതാവും പ്രമുഖനുമായ സെന്തിൽ ബാലാജിയുടെ പ്രവർത്തനങ്ങളെ കമൽഹാസൻ അഭിനന്ദിച്ചു.