പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്തിന്? അഞ്ച് വര്‍ഷമായി മോദി സര്‍ക്കാര്‍ ചെയ്യുന്നത് 'നുണ പറയുക, ന്യായീകരിക്കുക' എന്നതാണ്; കേന്ദ്ര സര്‍ക്കാര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് ജയറാം രമേശ്

പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്തിന്?

Update: 2025-08-04 16:05 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച സുപ്രീം കോടതി നടപടിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. 2020ലെ ഗാല്‍വാന്‍ സംഭവത്തിനുശേഷം എല്ലാ ദേശസ്നേഹികളായ ഇന്ത്യക്കാരും ചൈനയെക്കുറിച്ച് ഉത്തരം തേടിയിട്ടുണ്ടെന്നും എന്നാല്‍ നുണ പറഞ്ഞും ന്യായീകരിച്ചുമാണു കഴിഞ്ഞ 5 വര്‍ഷമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനക്കാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാമെന്നും നിങ്ങള്‍ അവിടെ ഉണ്ടായിരുന്നോ എന്നുമാണ് സുപ്രീം കോടതി രാഹുല്‍ ഗാന്ധിയോട് ചോദിച്ചത്. ആരോപണം തെളിയിക്കുന്ന വിശ്വസനീയമായ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

കോടതിയുടെ ഈ ചോദ്യം രാഹുല്‍ ഗാന്ധിക്ക് ക്ഷീണമായിരുന്നു. എന്നാല്‍ 'നിഷേധിക്കുക, ശ്രദ്ധ തിരിക്കുക, നുണ പറയുക, ന്യായീകരിക്കുക' എന്ന നയത്തിലൂടെയാണു മോദി സര്‍ക്കാര്‍ സത്യം മറച്ചുവച്ചതെന്നായിരുന്നു ജയറാം രമേശ് തുറന്നടിച്ചത്. 2020 ജൂണ്‍ 19ന്, ഗാല്‍വാനില്‍ രാജ്യത്തിനുവേണ്ടി നമ്മുടെ സൈനികര്‍ വീരമൃത്യു വരിച്ചതിന് നാല് ദിവസത്തിന് ശേഷം, 'നാ കോയി ഹമാരി സീമ മേം ഘുസ് ആയ ഹേ, ന ഹീ കോയി ഘുസാ ഹുവാ ഹേ' (ആരും നമ്മുടെ അതിര്‍ത്തി കടന്ന് എത്തിയിട്ടില്ല, ആരും അതിര്‍ത്തി കടന്ന് എത്തുകയുമില്ല) എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മോദി എന്തിനാണ് ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്? 2024 ഒക്ടോബര്‍ 21ലെ 'സൈനികരെ പിന്‍വലിക്കല്‍' കരാര്‍ പ്രകാരം പഴയ അവസ്ഥയിലേക്ക് തിരികെ രാജ്യത്തെ അത് കൊണ്ടുപോകുന്നുണ്ടോ?

ഡെപ്‌സാങ്ങിലെ 900 ചതുരശ്ര കിലോമീറ്റര്‍ ഉള്‍പ്പെടെ കിഴക്കന്‍ ലഡാക്കിലെ 1,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനീസ് നിയന്ത്രണത്തിലായതായി 2020ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ലേ? കിഴക്കന്‍ ലഡാക്കിലെ 65 പട്രോളിംഗ് പോയിന്റുകളില്‍ 26 എണ്ണത്തിലേക്കും ഇന്ത്യക്ക് പ്രവേശനം നഷ്ടപ്പെട്ടുവെന്ന് ലേ എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലേ? 1962ന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രാദേശിക തിരിച്ചടിക്ക് മോദി സര്‍ക്കാര്‍ ഉത്തരവാദിയാണ്.'' ജയറാം രമേശ് തുറന്നടിച്ചു.

Tags:    

Similar News