ജെ എന്‍ യു വിദ്യാര്‍ഥി യൂണിയനില്‍ ജനറല്‍ സീറ്റുകളില്‍ ഇടതുസഖ്യത്തിന് വിജയം; ജോയിന്റ് സെക്രട്ടറി സ്ഥാനം എബിവിപിയില്‍ നിന്ന് തിരിച്ചുപിടിച്ചു; വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിങ്ങാലക്കുടക്കാരി ഗോപിക ബാബു; ഭൂരിഭാഗം കൗണ്‍സിലര്‍ സീറ്റുകളും എബിവിപിക്ക്; ഒറ്റയ്ക്ക് മത്സരിച്ച എഐഎസ്എഫിന് മുന്നേറ്റമില്ല
ജെ എന്‍ യു വിദ്യാര്‍ഥി യൂണിയനില്‍ ജനറല്‍ സീറ്റുകളില്‍ ഇടതുസഖ്യത്തിന് വിജയം
ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍, ഇടത് സഖ്യത്തിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളെല്ലാം, എസ്എഫ്ഐ, എഐഎസ്എ, ഡിഎസ്എഫ് സഖ്യം വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലെല്ലാം വിജയം നേടി.
എഐഎസ്എ പ്രതിനിധിയായ അദിതി മിശ്ര 1,747 വോട്ടുകള്‍ക്ക് എബിവിപിയുടെ വികാസ് പട്ടേലിനെ തോല്‍പ്പിച്ച് പ്രസിഡന്റായി. ഇടത് സഖ്യത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മലയാളിയായ ഗോപിക ബാബു 2,774 വോട്ടുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയാണ്. ഡിഎസ്എഫ് പ്രതിനിധിയായ സുനില്‍ യാദവ് ജനറല്‍ സെക്രട്ടറി സ്ഥാനത്തും ഡാനിഷ് അലി ജോയിന്റ് സെക്രട്ടറി സ്ഥാനത്തും വിജയം നേടി.
കഴിഞ്ഞ തവണ എബിവിപിക്ക് നഷ്ടപ്പെട്ട ജോയിന്റ് സെക്രട്ടറി സ്ഥാനം ഇത്തവണ ഇടത് സഖ്യം തിരിച്ചുപിടിച്ചത് ശ്രദ്ധേയമാണ്. ഇടത് സഖ്യം ജനറല്‍ സീറ്റുകളില്‍ വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍, ഭൂരിഭാഗം കൗണ്‍സിലര്‍ സീറ്റുകളിലും എബിവിപിക്ക് വിജയം കണ്ടെത്താനായി. തനിച്ച് മത്സരിച്ച എഐഎസ്എഫിന് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് ഫലം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇടത് ചേരിയുടെ ശക്തമായ സ്വാധീനം ഒരിക്കല്‍ക്കൂടി അടിവരയിടുന്നു.