കാർഷിക പരിഷ്കരണ നിയമം തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന; ബിജെപിയും കൈവിട്ടു; മാപ്പ് പറഞ്ഞ് കങ്കണ റണൗത്

മാപ്പ് പറഞ്ഞ് കങ്കണ റണൗത്

Update: 2024-09-25 09:30 GMT

ന്യൂഡല്‍ഹി: കർഷക സമരത്തെ തുടർന്ന് പിൻവലിച്ച മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന പിൻവലിച്ച് നടിയും എം.പിയുമായ കങ്കണ റണൗത്. മാണ്ഡി എംപി യുടെ അഭിപ്രായത്തെ ബി.ജെ.പിയും തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് കങ്കണ രംഗത്തെത്തിയത്. അത് തന്റെ വ്യക്തിപരമായ നിലപാടായിരുന്നെന്നും വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ തിരിച്ചെടുക്കുകയാണെന്നും കങ്കണ റണൗത് പറഞ്ഞു.

'ഞാൻ വെറുമൊരു സിനിമ താരം മാത്രമല്ല, ഒരു ബിജെപി പ്രവർത്തക കൂടിയാണെന്ന് സ്വയം ഓർമ്മിക്കേണ്ടിയിരിക്കുന്നു. അതിനാൽ എന്റെ അഭിപ്രായങ്ങൾ വ്യക്തിപരമായി മാത്രം കണക്കാക്കപ്പെടുകയില്ല. അത് എന്റെ പാർട്ടിയെ കൂടിയാണ് ബാധിക്കുക. അതിനാൽ എന്റെ അഭിപ്രായമോ, വാക്കുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ എന്റെ വാക്കുകൾ പിൻവലിക്കുന്നു'. കങ്കണ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസമാണ് വന്‍ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് മോദി സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്ന കാര്‍ഷിക ബില്ലുകള്‍ വീണ്ടും കൊണ്ടുവരണമെന്ന ആവശ്യവുമായി കങ്കണ റണൗത് എത്തിയത്. കര്‍ഷകര്‍തന്നെ ഇക്കാര്യം ആവശ്യപ്പെടണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്.

ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പമുണ്ടെന്നും മോദിയും അദ്ദേഹത്തിന്റെ എംപിമാരും എത്രശ്രമിച്ചാലും കാര്‍ഷിക ബില്ലുകള്‍ തിരികെ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

തന്റെ മണ്ഡലമായ മാണ്ഡിയിലാണ് പുതിയ പ്രസ്താവന കങ്കണ നടത്തിയത്. 2021-ല്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ നിര്‍ബന്ധമായും തിരികെ കൊണ്ടുവരണം, കര്‍ഷകര്‍ തന്നെ ഇതാവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞു. 'എനിക്കറിയാം ഇത് വിവാദമാകുമെന്ന്. റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് എനിക്ക് തോന്നുന്നു. കര്‍ഷകര്‍തന്നെ ആവശ്യപ്പെടണം. വികസനത്തിന്റെ തൂണുകളാണ് കര്‍ഷകര്‍. ഇക്കാര്യം സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടുകയാണ്. നിങ്ങളുടെ നന്മയ്ക്കായി നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെടുക', കങ്കണ പറഞ്ഞു.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ ബിജെപി നേതൃത്വം കങ്കണയെ ശാസിച്ചിരുന്നു. ഇത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് ബിജെപിക്ക് വിശദീകരണമിറക്കേണ്ടിയും വന്നിരുന്നു.

Tags:    

Similar News