രാജിവെച്ച് പോയ ജഗ്ദീപ് ധന്‍കറിനെക്കുറിച്ച് ഒരു വിവരവുമില്ല; അദ്ദേഹം ഔദ്യോഗിക വസതിയിലില്ല; ആരും ഒന്നും പറയുന്നില്ല; ധന്‍ഖര്‍ എവിടെയാണെന്ന് ആഭ്യന്തര മന്ത്രി പ്രസ്താവന നല്‍കണം; ആവശ്യവുമായി കപില്‍ സിബല്‍
രാജിവെച്ച് പോയ ജഗ്ദീപ് ധന്‍കറിനെക്കുറിച്ച് ഒരു വിവരവുമില്ല
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചൊഴിഞ്ഞ ജഗ്ദീപ് ധന്‍കറിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും അദ്ദേഹം എവിടെയെന്ന് പറയണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യമുന്നയിച്ചും എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ രംഗത്ത്. ധന്‍ഖറിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് അദ്ദേഹം എവിടെയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് സിബല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്രതീക്ഷിതമായാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21 നാണ് ധന്‍ഖര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു രാജി. എന്നാല്‍ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചത്. ജൂലൈ 22 ന് ഞങ്ങളുടെ വൈസ് പ്രസിഡന്റ് ജഗഗ്ദീപ് ധന്‍ഖര്‍ രാജിവച്ചു. ഇന്ന് ആഗസ്റ്റ് 9 ആണ്, അന്നുമുതല്‍ അദ്ദേഹം എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം ഔദ്യോഗിക വസതിയിലില്ല.
ആദ്യ ദിവസം തന്നെ ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു, അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ഫോണ്‍ എടുത്ത് അദ്ദേഹം വിശ്രമിക്കുകയാണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പല രാഷ്ട്രീയ സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും കപില്‍ പറഞ്ഞു. 'ലാപതാ ലേഡീസ്' എന്ന സിനിമയെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ 'ലാപതാ വൈസ് പ്രസിഡന്റ്' എന്ന് ഞാന്‍ ഒരിക്കലും കേട്ടിട്ടില്ലെന്നും സിബല്‍ പരിഹസിച്ചു.
തന്റെ കാലായളവില്‍ മുഴുവന്‍ സര്‍ക്കാറിനെ പിന്തുണച്ച ധന്‍ഖറിനെ ഇനി പ്രതിപക്ഷം സംരക്ഷിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും സിബല്‍ പറഞ്ഞു. ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യേണ്ടി വരുമോ? ധന്‍ഖര്‍ എവിടെയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയണം. അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനാല്‍ അത് വെളിപ്പെടുത്തണം. അദ്ദേഹത്തിന് എവിടെയെങ്കിലും ചികിത്സ ലഭിക്കുന്നുണ്ടോ?
അദ്ദേഹത്തിന്റെ കുടുംബത്തിലെ ആളുകളും ഒന്നും പറഞ്ഞിട്ടില്ല. എന്താണ് പ്രശ്‌നം? മറ്റ് രാജ്യങ്ങളില്‍ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ കേട്ടിട്ടുള്ളൂ. ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ്, നിങ്ങള്‍ക്ക് ധാരാളം റിസോഴ്‌സുകളുണ്ടല്ലോ. നിങ്ങള്‍ ബംഗ്ലാദേശികളെ തിരിച്ചയയ്ക്കുന്നുണ്ടല്ലോ. എല്ലാത്തിനുമുപരി അദ്ദേഹം നമ്മുടെ വൈസ് പ്രസിഡന്റായിരുന്നു. അതിനാല്‍ ദയവായി അദ്ദേഹം എവിടെയാണെന്ന് ഒരു പ്രസ്താവന നല്‍കണം -സിബല്‍ ആവശ്യപ്പെട്ടു.