'നിതീഷ് കുമാറിനായി ഇന്ത്യ മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു; അദ്ദേഹവും വാതിലിന്റെ പൂട്ട് തുറന്നാല്‍ മതി': പഴയ സഹപ്രവര്‍ത്തകന് ക്ഷണവുമായി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ നീക്കം; കൗശലത്തോടെ നിതീഷിന്റെ മറുപടി; സാധ്യതയില്ലെന്ന സൂചന നല്‍കി തേജസ്വി യാദവ്

നിതീഷ് കുമാറിനായി ഇന്ത്യ മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു

Update: 2025-01-02 13:43 GMT

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനായി ഇന്ത്യ മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ക്ഷണത്തിനുള്ള നിതീഷിന്റെ മറുപടിയും കൗതുകകരമായി. കൈകള്‍ കൂപ്പി ചിരിച്ചുകൊണ്ട് നിതീഷ് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞൊപ്പിച്ചു, 'നിങ്ങള്‍ എന്താണീ പറയുന്നത്' .

ഒരു അഭിമുഖത്തിലാണ് ലാലു പ്രസാദ് യാദവ് നിതീഷിനെ ക്ഷണിച്ചത്: ' നിതീഷ് കുമാറിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. അദ്ദേഹവും തന്റെ വാതിലുകള്‍ തുറന്നിടണം. അതോടെ ഇരുപക്ഷത്തുനിന്നുമുളളവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കഴിയും' -ലാലു പറഞ്ഞു.

ബിഹാറിലെ രാഷ്ടീയ വൃത്തങ്ങളില്‍ ലാലുപ്രസാദ് യാദവും നിതീഷും ബഡാ ഭായി, ഛോട്ടാ ഭായി എന്നിങ്ങനെയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആര്‍ജെഡി നേതാവിന്റെ പ്രസ്താവനയോടെ ഇരുനേതാക്കളും തമ്മില്‍ വീണ്ടും സഖ്യത്തിലെത്തുമോ എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചുതുടങ്ങി.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, ആര്‍ജെഡിയുമായി ജനതാദള്‍ യുണൈറ്റഡ് രണ്ടുതവണ സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. സമീപകാലത്ത് മഹാഗഡ്ബന്ധന്റെ ഭാഗമായാണ് ഇരുപാര്‍ട്ടികളും ഒന്നിച്ചുപ്രവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷം നിതീഷ് എന്‍ഡിഎയിലേക്ക് മാറി ചുവടുമാറ്റി.

അതേസമയം, ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയെ വല്യ കാര്യമായി എടുക്കേണ്ടതില്ലെന്ന സൂചനയാണ് ബിഹാറിലെ മുന്‍ ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വി യാദവ് നല്‍കിയത്. ' മറ്റെന്താണ് അദ്ദേഹം പറയുക? അദ്ദേഹം നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നല്ലോ'- പുതിയ ബിഹാര്‍ ഗവര്‍ണറായുള്ള ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കവേ തേജസ്വി പറഞ്ഞു.


പുതുവര്‍ഷത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് അവസാനമാകുമെന്നും നിതീഷിന് സ്വതന്ത്രമായി ബിഹാറിനെ ഭരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടെന്നന്നും തേജസ്വി യാദവ് പറഞ്ഞു. കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ ലാലന്‍ സിങങും ലാലു പ്രസാദ യാദവിന്റെ പ്രസ്താവന തള്ളിക്കളഞ്ഞു.

Tags:    

Similar News