മുഖ്യന്‍ ഫഡ്‌നാവിസ് തന്നെയെന്ന നിലപാടില്‍ ബിജെപി; ചൊവ്വാഴ്ച നടക്കുന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തില്‍ ഫഡ്‌നാവിസിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കും; ആഭ്യന്തരം ശിവസേനക്ക് നല്‍കിയില്ലെങ്കില്‍ ഷിന്‍ഡെക്ക് പകരം മകന്‍ ഉപമുഖ്യമന്ത്രി ആയേക്കും
മുഖ്യന്‍ ഫഡ്‌നാവിസ് തന്നെയെന്ന നിലപാടില്‍ ബിജെപി
മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് സൂചനകള്‍. സംസ്ഥാനത്തെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന്റെ ശില്‍പ്പിയെ തന്നെ മുഖ്യമന്ത്രി ആക്കാനാണ് ബിജെി കേന്ദ്രനേതൃത്വത്തിന്റെ നീക്കം. ഏക് നാഥ് ഷിന്‍ഡെ പക്ഷ ശിവസേനയും അജിത് പവാര്‍ പക്ഷ എന്‍.സി.പിയും ഫഡ്‌നാവിസിനെ പിന്തുണക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അംഗീകരിച്ചതായും ബി.ജെ.പി സംസ്ഥാന നേതൃത്വം സൂചിപ്പിച്ചു.
'നിങ്ങള്‍ പ്രതീക്ഷിക്കുന്ന, നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച ആളുതന്നെ' മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവങ്കുലെ പറഞ്ഞു. മുന്‍കേന്ദ്ര മന്ത്രിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ റാവുസാഹെബ് ദാന്‍വെയുടെ പ്രതികരണവും ഇതാണ്.
ചൊവ്വാഴ്ച നടക്കുന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തില്‍ ഫഡ്‌നാവിസിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കും. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ. മഹാരാഷ്ട്രയിലെ 'ചരിത്ര വിജയം' ആഘോഷമാക്കാനാണ് ബി.ജെ.പി തീരുമാനം. മോദി, അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചക്ക് പിന്നാലെ ജന്മനാടായ സതാറയിലേക്ക് പോയ ഏക് നാഥ് ഷിന്‍ഡെ ഞായറാഴ്ച നഗരത്തില്‍ തിരിച്ചെത്തി.
തര്‍ക്കവും അരിശവുമില്ലെന്ന് പറഞ്ഞ ഷിന്‍ഡെ, ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനിക്കുന്ന ആരെയും മുഖ്യമന്ത്രിയായി അംഗീകരിക്കുമെന്ന് ആവര്‍ത്തിച്ചു. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകുമെന്നതിനെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരണത്തില്‍ മഹായുതി പങ്കാളികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. സഖ്യകക്ഷികളായ ശിവസേന, ബിജെപി, എന്‍സിപി എന്നിവയുടെ സമവായത്തിലൂടെ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളും. ഈ സര്‍ക്കാര്‍ ജനകീയ സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അന്തിമരൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മഹായുതി നേതാക്കള്‍ നേരത്തെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്കു ശേഷം മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ നേതാക്കള്‍ പ്രതികരിക്കാതിരുന്നത് നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെ സത്താരയിലെ വീട്ടിലേക്ക് പോയത്അനാരോഗ്യം മൂലമെന്ന് ഷിന്‍ഡെ വിഭാഗം നേതാവ് ഉദയ് സമന്ത് വെളിപ്പെടുത്തിയിരുന്നു.
ആഭ്യന്തരമില്ലാതെ ഉപമുഖ്യമന്ത്രി ആകില്ല എന്നാണ് ഷിന്‍ഡെയുടെ നിലപാട്. വിട്ടുകൊടുക്കാന്‍ ബി.ജെ.പി തയാറല്ല. ആഭ്യന്തരമില്ലെങ്കില്‍ ഷിന്‍ഡെക്ക് പകരം ആരാകും ഉപമുഖ്യമന്ത്രി എന്ന ചോദ്യവുമുയരുന്നു. തിങ്കളാഴ്ച മഹായുതി നേതാക്കളുടെ യോഗത്തില്‍ വ്യാഴാഴ്ച ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് തീരുമാനിക്കും. ഷിന്‍ഡെയും ബി.ജെ.പിയും തമ്മിലാണ് നിലവില്‍ തര്‍ക്കം. അജിത് പവാര്‍ ധനവകുപ്പോടെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.