തമിഴ്‌നാട്ടില്‍ എന്‍ഡിഎയെ നയിക്കുന്നത് എഐഎഡിഎംകെ; ടിവികെയുമായി സഖ്യമുണ്ടാക്കില്ലെന്ന് പളനിസ്വാമി; യാതൊരു ചര്‍ച്ചകളും നടത്തിയിട്ടില്ല; വിജയിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപി വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണം

Update: 2026-03-15 11:44 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്യുടെ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴക (ടി.വി.കെ) വുമായി സഖ്യമുണ്ടാക്കില്ലെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. ടിവികെയുമായി സഖ്യമുണ്ടാക്കുമെന്നത് വെറും മാധ്യമസൃഷ്ടിയാണെന്നും ടിവികെയുമായി ഇത്തരത്തില്‍ യാതൊരു ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.ഡി.എ അധികാരത്തിലെത്തിയാല്‍ നടനും രാഷ്ട്രീയ നേതാവുമായ വിജയിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ബി.ജെ.പി അറിയിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതികരണം.

ടിവികെ എന്‍ഡിഎയില്‍ ചേരുമോ എന്ന ചോദ്യത്തിന് എല്ലാം ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു പളനിസ്വാമിയുടെ മറുപടി. ടിവികെയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അങ്ങനെയിരിക്കെ എങ്ങനെയാണ് അവരുമായി സഖ്യമുണ്ടാക്കാനാവുക. ടിവികെ എന്‍ഡിഎ സഖ്യത്തിലുണ്ടാകുമെന്ന് അവകാശപ്പെടുന്നത് മാധ്യമങ്ങളാണ്. എഐഎഡിഎംകെയ്ക്ക് ടിവികെയുമായി ഒരു ബന്ധവുമില്ല. സഖ്യത്തിനായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു.

ബിജെപി നേതാവ് കെ. അണ്ണാമലൈയുമായി തനിക്ക് ഭിന്നതയില്ലെന്നും എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. പ്രശ്നമുണ്ടാക്കുന്നത് മാധ്യമങ്ങളാണ്. മാര്‍ച്ച് 17-ന് കോയമ്പത്തൂരില്‍ നടക്കുന്ന പ്രകടനത്തില്‍ എഐഎഡിഎംകെ നേതാവ് എസ്പി വേലുമണിയും അണ്ണാമലൈയും ഒരുമിച്ച് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യത്തെ നയിക്കുന്നത് എഐഎഡിഎംകെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.എം.എം.കെ മേധാവി ടി.ടി.വി ദിനകരനുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വിജയത്തിനായി ഇരുവരും കഠിനമായി പരിശ്രമിക്കുമെന്നും എ.ഐ.എ.ഡി.എം.കെ നേതാവ് പറഞ്ഞു. ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവ ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, വിജയ്യെയും ടിവികെയെയും എന്‍ഡിഎയിലെത്തിക്കാന്‍ ബിജെപി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരിക്കാനായി 80 സീറ്റുകളും അധികാരത്തിലെത്തിയാല്‍ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവും ബിജെപി വാഗ്ദാനം ചെയ്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Similar News