'പുരുഷ മാധ്യമപ്രവർത്തകർ വാർത്താസമ്മേളനം ബഹിഷ്കരിക്കണമായിരുന്നു'; വിദേശകാര്യ മന്ത്രി എങ്ങനെയാണ് ഇതിന് അനുമതി നൽകിയത്?; വനിത മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും മഹുവ മൊയ്ത്ര

Update: 2025-10-12 09:25 GMT

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മുത്താഖി വാർത്താസമ്മേളനം നടത്തിയത്. എന്നാൽ, വാർത്താസമ്മേളനത്തിൽ പങ്കെടുത്ത 20 മാധ്യമപ്രവർത്തകരിലും ഒരു വനിതയുമുണ്ടായിരുന്നില്ല.

തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും വിഷയത്തിൽ ശക്തമായി പ്രതികരിച്ചു. ഒരു വീഡിയോയിലൂടെ അവർ ചോദിച്ചത്, 'സ്ത്രീ മാധ്യമപ്രവർത്തകരെ ഒഴിവാക്കി താലിബാൻ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിൽ പത്രസമ്മേളനം നടത്താൻ നമ്മുടെ സർക്കാർ എങ്ങനെയാണ് അനുമതി നൽകിയത്? എസ്. ജയ്ശങ്കറിനെപ്പോലുള്ള ഒരു വിദേശകാര്യ മന്ത്രി എങ്ങനെയാണ് ഇതിന് സമ്മതിച്ചത്? അത്തരം നിബന്ധനകൾ അംഗീകരിക്കാൻ അദ്ദേഹം എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ പുരുഷ പത്രപ്രവർത്തകർ എന്ന് വിളിക്കപ്പെടുന്നവർ എന്തിനാണ് മൗനം പാലിച്ചത്?'

ന്യൂഡൽഹിയിൽ നടക്കുന്ന ഏതൊരു വിദേശ പരിപാടിയിൽ നിന്നോ മാധ്യമസമ്മേളനത്തിൽ നിന്നോ വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കുന്നത് അസാധാരണമാണ്. മുത്താഖിയുടെ പരിപാടിയിൽ വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തില്ലെന്ന് താലിബാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചിരുന്നോ എന്നത് നിലവിൽ വ്യക്തമല്ല. ഈ സംഭവം, വിദേശ പ്രതിനിധികളുടെ ഇത്തരം നിയന്ത്രണങ്ങളെ ഇന്ത്യ എത്രത്തോളം അംഗീകരിക്കും എന്ന ചോദ്യം ഉയർത്തുന്നു.

മുത്താഖിയും അഫ്ഗാൻ എംബസി ഉദ്യോഗസ്ഥരുമാണ് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ തീരുമാനമെടുത്തതെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം സമൂഹമാധ്യമമായ എക്സിൽ പ്രതികരിച്ചുകൊണ്ട്, 'താലിബാൻ വിദേശകാര്യ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് വനിത മാധ്യമപ്രവർത്തകരെ ഒഴിവാക്കിയെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പുരുഷ മാധ്യമപ്രവർത്തകർ വാർത്താസമ്മേളനം ബഹിഷ്കരിക്കണമായിരുന്നു എന്നതാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം' എന്ന് കുറിച്ചു.

Tags:    

Similar News