മാഡം...അവർ 'ഐ-പാക്' മുഴുവൻ വളഞ്ഞിട്ടുണ്ട്..!! ആ രഹസ്യ വിവരം കിട്ടിയപ്പോൾ തന്നെ ഓടിയെത്തിയ മുഖ്യമന്ത്രി; ഒന്നും നോക്കാതെ അവിടെ നിന്ന് ലാപ്‌ടോപ്പ് അടക്കം എടുത്തുകൊണ്ടുപോകുന്ന കാഴ്ച; ദുരൂഹത ഉണർത്തി കൈയ്യിലെ പച്ച ഫയലും; തെരുവിലിറങ്ങി പ്രതിഷേധിച്ചത് വെറും നാടകമോ?; ഒന്നുമില്ലെങ്കിൽ പിന്നെ എന്തിന് മമത റെയ്ഡിനെ ഭയക്കുന്നു?

Update: 2026-01-09 09:21 GMT

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പാക്) ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ റെയ്ഡ് തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി മമത ബാനർജി ശ്രമിച്ചുവെന്നും, നിർണായക രേഖകൾ ഓഫീസിൽ നിന്ന് നീക്കം ചെയ്തതായും ആരോപണം. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ ഹവാലാ ബന്ധങ്ങളും മറ്റ് സംശയാസ്പദമായ പ്രവർത്തനങ്ങളും സംശയിച്ചാണ് ഇ.ഡി. റെയ്ഡ് നടത്തിയത്.

റെയ്ഡ് വിവരം അറിഞ്ഞയുടൻ സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്ര ഏജൻസികൾ തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പദ്ധതികളും സ്ഥാനാർത്ഥി പട്ടികയും മോഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇ.ഡി. ഉദ്യോഗസ്ഥരുടെ പ്രവർത്തനം തടയാൻ മമത ശ്രമിച്ചുവെന്നും, ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും മുഖ്യമന്ത്രി അവിടെ നിന്ന് എടുത്തുകൊണ്ടുപോയതായും ആരോപണമുണ്ട്.

കൂടാതെ, പോലീസ് കമ്മീഷണറെയും ഡി.ജി.പി.യെയും ഒപ്പം കൂട്ടി മുഖ്യമന്ത്രി ഓഫീസിൽ നിന്ന് ഒരു പച്ച ഫയലും മറ്റ് പ്രധാന രേഖകളും ഹാർഡ് ഡിസ്കുകളും നേരിട്ട് എടുത്തുമാറ്റിയതായും പരാതി ഉയർന്നിട്ടുണ്ട്. പച്ച ഫയൽ അതീവ ജാഗ്രതയോടെ ശരീരത്തോട് ചേർത്തുപിടിച്ചാണ് കൊണ്ടുപോയതെന്നും, അതിൽ ഒളിപ്പിക്കാൻ എന്തോ ഉണ്ടെന്നുമാണ് ആരോപണം. ഹവാലാ ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളെ തുടർന്നാണ് ഇ.ഡി.യുടെ ഹൈ-ഇന്റൻസിറ്റി യൂണിറ്റിലെ (HIU) ഏഴ് ഉദ്യോഗസ്ഥർ ഐ-പാക് ഓഫീസിൽ പരിശോധനക്കെത്തിയത്. തൃണമൂൽ കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സോഷ്യൽ മീഡിയ മാനേജ്മെന്റും നിർവഹിക്കുന്ന സ്ഥാപനമാണ് പ്രതീക് ജെയിനിന്റെ നേതൃത്വത്തിലുള്ള ഐ-പാക്.

ഒരു സ്വകാര്യ കമ്പനിയിൽ റെയ്ഡ് നടക്കുമ്പോൾ മുഖ്യമന്ത്രി ഇത്രയധികം പരിഭ്രാന്തി കാണിക്കുന്നത് എന്തിനാണെന്നും, മമതയ്ക്ക് ഒളിപ്പിക്കാൻ എന്തോ ഉണ്ടെന്നും പ്രതിപക്ഷമായ ബി.ജെ.പി. ആരോപിച്ചു. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കണമെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

ഇത്രയും തീവ്രമായ പ്രതികരണത്തിലേക്ക് മമതാ ബാനർജി പോകുമായിരുന്നില്ല എന്നാണ് ഉയരുന്ന ആരോപണം. ഇഡിയുടെ റെയ്ഡ് എന്നത് ഹവാല ഇടപാടുമായി ബന്ധപ്പെട്ടതായിരുന്നുവെന്നതാണ് ഇതിനോട് കൂട്ടിവായിക്കേണ്ടത്. നേരത്തെ തന്നെ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ കേന്ദ്ര ഏജൻസികളുടെ കേസുകളുണ്ട്. പല നേതാക്കളുടെയും പക്കൽനിന്ന് ഇഡി ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ഇതുവരെ മമത ബാനർജിയെ നേരിട്ട് ബന്ധിപ്പിക്കുന്ന കേസുകളൊന്നും തന്നെ ഉണ്ടായിട്ടില്ല. കേസുകളെല്ലാം തന്നെ മമതയുടെ വിശ്വസ്തർക്കെതിരെ മാത്രമായിരുന്നു. എന്നാൽ, ഐ-പാകിൽ റെയ്ഡ് നടന്നപ്പോൾ മമത പ്രതികരിച്ച രീതിയും തന്റെ വിശ്വസ്ഥർക്കെതിരെ ഇഡി നടപടികളുണ്ടായപ്പോൾ സ്വീകരിച്ച സമീപനവും തമ്മിലുള്ള അന്തരം തന്നെയാണ് മമതയെ സംശയനിഴലിലാക്കുന്നത്.

ഐ-പാകിന്റെ ഓഫീസിൽനിന്ന് രേഖകളും ലാപ്‌ടോപ്പും പ്രതീക ജെയ്‌നിന്റെ ഫോണുമുൾപ്പെടെ എടുത്തുമാറ്റിയിട്ട് ഓഫീസിൽ റെയിഡിനിടെ ഒന്നും കണ്ടെത്തിയില്ലെന്ന് രേഖപ്പെടുത്താൻ ഇഡിയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച അവർ ഇത് ജനാധിപത്യത്തെ തകർക്കാനുള്ള നീക്കമാണെന്നും കുറ്റപ്പെടുത്തി,.

ഐ-പാക് ഓഫീസിനെ തന്റെ പാർട്ടി ഓഫീസായാണ് അവർ വിശേഷിപ്പിച്ചത്. ഒരു സ്വകാര്യ കമ്പനി എങ്ങനെയാണ് ഭരണകക്ഷിയുടെ പാർട്ടി ഓഫീസായി മാറുന്നതെന്ന ചോദ്യം ഇതിനകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഈ നടപടി ഔദ്യോഗിക പദവിക്ക് നിരക്കാത്തതാണെന്നും ഭയപ്പെട്ട നിലയിലാണ് അവർ പെരുമാറിയതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News