'പൗരന്മാർക്ക് ആവശ്യം ശക്തവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മിഷനെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഖ്യാതി ഏറ്റവും മോശം നിലയില്‍'; ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വിമർശവുമായി എം.കെ. സ്റ്റാലിൻ
ചെന്നൈ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി മികച്ച വിജയം നേടിയതിന് പിന്നാലെ കമ്മീഷനെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഖ്യാതി ഏറ്റവും മോശം നിലയിലാണെന്നും, രാജ്യത്തിന് കൂടുതൽ ശക്തവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
ബിഹാർ തിരഞ്ഞെടുപ്പ് ഫലം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തെറ്റായ നടപടികളും വിവേകശൂന്യമായ സമീപനങ്ങളും മറച്ചുവെക്കാൻ ഉപകരിക്കുന്നില്ലെന്ന് സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. "തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതിച്ഛായ നിലവിൽ ഏറ്റവും മോശം അവസ്ഥയിലാണ്. രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ ശക്തവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മിഷനെയാണ് ആവശ്യം. കമ്മിഷന്റെ പ്രവർത്തനങ്ങൾ പരാജയപ്പെട്ടവരിൽ പോലും ആത്മവിശ്വാസം നിറയ്ക്കുന്നതായിരിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിൽ ഇന്ത്യ മുന്നണിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, ആർജെഡി നേതാവ് തേജസ്വി യാദവിനെയും മറ്റ് സഖ്യകക്ഷി നേതാക്കളെയും അവരുടെ അശ്രാന്തമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് സ്റ്റാലിൻ അഭിനന്ദിച്ചു. "ക്ഷേമ പദ്ധതികളുടെ വിതരണം, സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ കൂട്ടുകെട്ടുകൾ, വ്യക്തമായ രാഷ്ട്രീയ സന്ദേശങ്ങൾ, അവസാന വോട്ട് രേഖപ്പെടുത്തുന്നത് വരെയുള്ള പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങൾ എന്നിവയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കുന്നത്. ഇന്ത്യ മുന്നണിയിലെ നേതാക്കൾ കാര്യങ്ങൾ മനസ്സിലാക്കാനും ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ തന്ത്രപരമായി ആസൂത്രണം ചെയ്യാനും കഴിവുള്ള പരിചയസമ്പന്നരായ രാഷ്ട്രീയക്കാരാണ്," സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തമിഴ്നാട് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ ഈ പരാമർശങ്ങൾ. സംസ്ഥാനത്ത് കേന്ദ്രത്തിന്റെ പ്രത്യേക തീവ്ര പുനഃപരിശോധനയെ (Special Intense Review - SIR) ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴഗവും (ഡിഎംകെ) സഖ്യകക്ഷികളും ഇതിനോടകം ശക്തമായി എതിർത്തിരുന്നു. വോട്ടർ പട്ടിക പുതുക്കുന്നതിനെതിരെ ഡി.എം.കെ അടുത്തിടെ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
