കേന്ദ്രം ഇനി 10,000 കോടി രൂപ വാഗ്ദാനം ചെയ്താലും എന്‍ഇപി നയം അംഗീകരിക്കില്ല; എന്‍ഇപി നടപ്പാക്കിയാല്‍ തന്റെ സംസ്ഥാനം 2000 വര്‍ഷം പിന്നോട്ട് പോകും; തേനീച്ചക്കൂട്ടില്‍ കല്ലെറിയരുത്; താന്‍ ഉള്ളിടത്തോളം ഈ ജനങ്ങള്‍ക്കും ഭാഷക്കും ദോഷകരമായ ഒരു പ്രവര്‍ത്തിയും ചെയ്യാന്‍ അനുവദിക്കില്ല; എംകെ സ്റ്റാലിന്‍

Update: 2025-02-22 12:31 GMT

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമര്‍ശനം കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. എന്‍ഇപി നടപ്പാക്കിയാല്‍ തന്റെ സംസ്ഥാനം 2000 വര്‍ഷം പിന്നോട്ട് പോകുമെന്നാണ് എംകെ സ്റ്റാലിന്‍ പറഞ്ഞത്. കേന്ദ്രം ഇനി 10,000 കോടി രൂപ വാഗ്ദാനം ചെയ്താലും തമിഴ്നാട് ഈ നയം അംഗീകരിക്കില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഉപദേശിച്ചിരുന്നു. അദ്ദേഹത്തിനും സ്റ്റാലിന്‍ മറുപടി പറഞ്ഞു. തേനീച്ചക്കൂടിന് നേരെ കല്ലെറിയരുതെന്ന് സ്റ്റാലിന്‍ തിരിച്ചടിച്ചു. താനും ഡി.എം.കെയും ഉള്ളിടത്തോളം കാലം ഈ മണ്ണില്‍ തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ദ്രോഹകരമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളെ ദേശീയ വിദ്യാഭ്യാസ നയവുമായി (എന്‍.ഇ.പി.) ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ എം.കെ. സ്റ്റാലിനെ ഉപദേശിച്ചത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഉയരാനും യുവ പഠിതാക്കളുടെ താല്‍പ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും വിദ്യാഭ്യാസ മന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

എട്ട് കോടി ആളുകള്‍ സംസാരിക്കുന്ന തമിഴ് ഭാഷാ വികസനത്തിന് ഇത്തവണ 74 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും എന്നാല്‍ ആയിരത്തോളം പേര്‍ മാത്രം സംസാരിക്കുന്ന ഭാഷയായ സംസ്‌കൃതത്തിന് 1488 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കടലൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തമിഴ് ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് അവകാശപ്പെടുക മാത്രം ചെയ്യുന്ന കേന്ദ്രം സംസ്‌കൃതത്തെ അമിതമായി പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് എന്‍ഇപി നടപ്പാക്കുന്നതിനെച്ചൊല്ലി തമിഴ്നാടും കേന്ദ്രവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രധാന പദ്ധതികള്‍ക്കുള്ള ഫണ്ട് തടഞ്ഞുവെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.

തമിഴ്, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷാ നയം മാത്രമേ തമിഴ്നാട് പിന്തുടരുകയുള്ളൂവെന്ന് ഉപമുഖ്യമന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറുവശത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാവട്ടെ സ്റ്റാലിനെയും ഡിഎംകെ സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി കൊണ്ടാണ് കഴിഞ്ഞ ദിവസവും പ്രതികരിച്ചത്.

Tags:    

Similar News