'അമ്മയുടെ കണ്ണുനീര്‍ വീണത് അച്ഛനെ ഭീകരര്‍ വധിച്ചപ്പോള്‍; പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന എനിക്ക് അറിയാം; വിനോദസഞ്ചാരികളെ ഭീകരര്‍ക്ക് വിട്ടു കൊടുത്തു; ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ'; നേതൃത്വം ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മാത്രമല്ല, ഉത്തരവാദിത്വവും കാണിക്കണമെന്ന് പ്രിയങ്ക

നേതൃത്വം ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മാത്രമല്ല, ഉത്തരവാദിത്വവും കാണിക്കണമെന്ന് പ്രിയങ്ക

Update: 2025-07-29 12:01 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. നേതൃത്വം എന്നത് ക്രെഡിറ്റ് ഏറ്റെടുക്കുന്നതിന് മാത്രമല്ല, ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രിയുടെ 'ഉത്തരവാദിത്വമില്ലായ്മ'യെയാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന പ്രത്യേക ചര്‍ച്ചയിലായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

'ആഭ്യന്തര മന്ത്രി അമിത് ഷാ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും, തന്റെ അമ്മയുടെ കണ്ണുനീരിനെക്കുറിച്ചും സംസാരിച്ചെങ്കിലും, ശത്രുവിന് പോകാന്‍ ഒരിടവുമില്ലാതിരുന്ന സമയത്ത് എന്തിനാണ് യുദ്ധം നിര്‍ത്തിവെച്ചത്' എന്നതിന് ഉത്തരം നല്‍കിയില്ല. നേതൃത്വം എന്നത് പ്രശംസ നേടുക മാത്രമല്ല, ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു യുദ്ധം നിര്‍ത്തിവെക്കല്‍. ആ തീരുമാനം യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കുന്നതും ആദ്യമാണ്. ഇത് നമ്മുടെ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്' പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ഉത്തരവാദിത്വമല്ലേയെന്ന് അവര്‍ ചോദിച്ചു. 'ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ബൈസരന്‍ താഴ്വരയിലേക്ക് പോകുന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നോ... എന്തുകൊണ്ടാണ് അവിടെ സുരക്ഷയില്ലാതിരുന്നത്. ഇത്തരമൊരു നിഷ്ഠൂരമായ ഭീകരാക്രമണം നടക്കാന്‍ പോവുകയാണെന്നും പാകിസ്ഥാനില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഒരു രഹസ്യാന്വേഷണ ഏജന്‍സിക്കും അറിവുണ്ടായിരുന്നില്ലേ' പ്രിയങ്ക ചോദിച്ചു.

ഇത് സര്‍ക്കാരിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും വലിയ പരാജയമാണ്. ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും ആരെങ്കിലും രാജിവച്ചോ അവര്‍ ഭൂതകാലത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു, എന്നാല്‍ വര്‍ത്തമാനകാലത്ത് നടക്കുന്നതിനെക്കുറിച്ച് ആര് ഉത്തരം പറയുമെന്നും പ്രിയങ്ക ചോദിക്കുകയുണ്ടായി. പഹല്‍ഗാമിലെ വീഴ്ചയില്‍ സര്‍ക്കാരിന് മൗനമാണെന്നും കശ്മീര്‍ ശാന്തമെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്‌സഭയില്‍ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രയിങ്കഗാന്ധിയുടെ പ്രസംഗം.

പഹല്‍ഗാം രഹസ്യാന്വേഷണ ഏജന്‍സികളുടേത് വന്‍ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി വച്ചിട്ടുമില്ല ഉത്തരവാദിത്തം ഏറ്റെടുക്കുകയെങ്കിലും ചെയ്തില്ല. 26 പേരെ കൊലപ്പെടുത്തി ഭീകരര്‍ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എന്റെ അമ്മയുടെ കണ്ണുനീര്‍ വീണത് തന്റെ അച്ഛനെ ഭീകരവാദികള്‍ വധിച്ചപ്പോഴാണ്. പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന തനിക്ക് അറിയാം. വിനോദസഞ്ചാരികളെ ഭീകരര്‍ക്ക് വിട്ടു കൊടുത്തു. ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

ടിആര്‍എഫ് 25 ആക്രമണങ്ങള്‍ കശ്മീരില്‍ നടത്തി. എന്തു കൊണ്ട് ഈ സംഘടനയെ 2023ല്‍ മാത്രം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഡല്‍ഹി കലാപത്തിനും മണിപ്പൂര്‍ കലാപത്തിനു ശേഷവും എങ്ങനെ അമിത് ഷാ ആ സ്ഥാനത്ത് ഇരിക്കുന്നു. എല്ലാത്തിനും ക്രെഡിറ്റ് എടുത്താല്‍ മാത്രം പോര ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Tags:    

Similar News