പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണമെന്ന് മോഹന്‍ ഭാഗവത്; വിരമിക്കലിനു ശേഷം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവകൃഷിക്കും സമയം സമര്‍പ്പിക്കുമെന്ന് അമിത് ഷാ; സെപ്റ്റംബര്‍ 11ന് ഭാഗവത് വിരമിച്ചേക്കും; സെപ്റ്റംബര്‍ പതിനേഴിന് എന്ത് സംഭവിക്കും? വിരമിക്കലും മോദിയും ചര്‍ച്ചകളില്‍ നിറയുമ്പോള്‍
നാഗ്പുര്‍: 75 വയസ്സായാല്‍ വിരമിക്കണമെന്ന് ഓര്‍മിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തു വരുമ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഉപദേശമായി ബിജെപി കാണുന്നില്ല. പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണമെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം മോദിക്കുള്ള സന്ദേശമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇത് മോദിയെ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ബിജെപി പറയുന്നു. മോദിക്ക് നേരത്തെ തന്നെ ആര്‍ എസ് എസ് പ്രായ പരിധി ഇളവ് നല്‍കിയിട്ടുണ്ടെന്നും വിശദീകരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മോഹന്‍ ഭാഗവതിനും സെപ്റ്റംബറിലാണ് 75 വയസ്സ് തികയുന്നത്. അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച പരാമര്‍ശം. ഭഗവത് പ്രസ്താവന നടത്തിയ അതേ ദിവസം തന്നെ, വിരമിക്കലിനു ശേഷമുള്ള തന്റെ ആഗ്രഹങ്ങളെ കുറിച്ച് അമിത് ഷാ മറ്റൊരു പരിപാടിയില്‍ സംസാരിച്ചതും ചര്‍ച്ചകളിലുണ്ട്.
വിരമിക്കലിനു ശേഷം വേദങ്ങള്‍, ഉപനിഷത്തുകള്‍, ജൈവകൃഷി എന്നിവയ്ക്കായി സമയം സമര്‍പ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. എന്നാല്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നത് എപ്പോഴാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മോഹന്‍ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 1950 സെപ്റ്റംബറിലാണ് ജനിച്ചത്. സെപ്റ്റംബര്‍ 11നാണ് മോഹന്‍ ഭാഗവതിന്റെ ജന്മദിനം. സെപ്റ്റംബര്‍ പതിനേഴിനാണ് നരേന്ദ്ര മോദിയുടെ ജന്മദിനം. ഇതിനിടെയാണ് വിരമിക്കല്‍ ചര്‍ച്ച. ഭാഗവത് ഇനി ആര്‍ എസ് എസ് തലപ്പത്തുണ്ടാകില്ലെന്ന് ഉറപ്പാണ്. ആര്‍ എസ് എസിന്റെ അടുത്ത യോഗത്തില്‍ പിന്‍ഗാമിക്കായി ഭാഗവത് വഴിമാറുമെന്ന് ഉറപ്പാണ്.
പ്രധാനമന്ത്രി മോദിക്കുള്ള മറഞ്ഞിരിക്കുന്ന സന്ദേശമെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാക്കള്‍ വ്യാഖ്യാനിക്കുന്നത്. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ്സ് തികഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദി വിരമിക്കാന്‍ നിര്‍ബന്ധിച്ചു. ഇപ്പോള്‍ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.
മാര്‍ച്ചില്‍ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് മോദി നടത്തിയ സന്ദര്‍ശനം തന്റെ വിരമിക്കല്‍ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നുവെന്ന് സഞ്ജയ് റാവുത്ത് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം ബിജെപി നിഷേധിച്ചു.