അജിത് പവാറിന്റെ രാഷ്ട്രീയ പിന്‍ഗാമി സുനേത്ര പവാര്‍; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജ്യസഭാ അംഗമായ ഭാര്യയെ എത്തിക്കാന്‍ നീക്കം സജീവം; ബാരാമതിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും; എന്‍സിപിയെ പിളര്‍പ്പില്ലാതെ കാക്കാന്‍ 'മറാഠാ കരുത്തുമായി' സുനേത്ര എത്തും

Update: 2026-01-30 04:00 GMT

മുംബൈ: അജിത് പവാറിന്റെ വിയോഗത്തോടെ പ്രതിസന്ധിയിലായ എന്‍സിപി നേതൃത്വം പാര്‍ട്ടി കടിഞ്ഞാണ്‍ സുനേത്ര പവാറിനെ ഏല്‍പ്പിക്കാന്‍ നീക്കം തുടങ്ങി. അജിത് പവാര്‍ വഹിച്ചിരുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്ര പവാറിനെ കൊണ്ടുവരുന്നതിലൂടെ പാര്‍ട്ടി എംഎല്‍എമാരെയും അണികളെയും ഒരുമിച്ച് നിര്‍ര്‍ത്താന്‍ കഴിയുമെന്നാണ് മഹായുതി സഖ്യത്തിന്റെ വിലയിരുത്തല്‍.

നിലവില്‍ രാജ്യസഭാംഗമായ സുനേത്രയെ മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാക്കാനാണ് ധാരണ. ഒരു മറാഠാ നേതാവിനെ മാത്രമേ എംഎല്‍എമാര്‍ അംഗീകരിക്കൂ എന്നതിനാല്‍ സുനേത്രയ്ക്ക് മറുപേരുകളില്ല. അജിത് പവാറിന്റെ മരണത്തോടെ ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തില്‍ സുനേത്ര പവാര്‍ സ്ഥാനാര്‍ത്ഥിയായേക്കും. ഇതിലൂടെ നിയമസഭാംഗമായി അവര്‍ക്ക് സഭയെ നയിക്കാം. അജിത് പവാര്‍ വിഭാഗം എന്‍സിപിയുടെ ഇടക്കാല അധ്യക്ഷയായി സുനേത്രയെ ഉടന്‍ പ്രഖ്യാപിച്ചേക്കും. പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഇവര്‍ക്കുണ്ട്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നന്ദിനി, സുപ്രിയ സുലെയ്ക്കെതിരെ ബാരാമതിയില്‍ മത്സരിച്ചതോടെയാണ് സുനേത്ര പവാര്‍ രാഷ്ട്രീയത്തില്‍ സജീവമായത്. അന്ന് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാര്‍ രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാത്തതും സുനേത്രയ്ക്ക് വഴിതുറന്നു.

അജിത് പവാറിന്റെ മരണത്തോടെ ശരദ് പവാര്‍ വിഭാഗം എന്‍സിപിയുമായി ലയിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്. എന്നാല്‍ ബിജെപി സഖ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് സുനേത്ര പവാറിന്റെയും നിലവിലെ നേതൃത്വത്തിന്റെയും തീരുമാനം.

സുനേത്രയുടെ നേതൃത്വം അംഗീകരിക്കാന്‍ പാര്‍ട്ടിയിലെ മറാഠാ ലോബി തയ്യാറാണെന്നത് വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

Tags:    

Similar News