തണ്ണിമത്തന്റെ പടവും രാജ്യത്തിന്റെ ചിഹ്നങ്ങളും പേരും; പലസ്തീന്‍ എന്ന് ആലേഖനം ചെയ്ത ബാഗുമായി പ്രിയങ്ക പാര്‍ലമെന്റില്‍; കോണ്‍ഗ്രസ് കുടുംബം പ്രീണനത്തിന്റെ ബാഗ് തൂക്കുന്നുവെന്ന് ബിജെപി

പലസ്തീന്‍ ബാഗുമായി പ്രിയങ്കാ ഗാന്ധി പാര്‍ലമെന്റില്‍

Update: 2024-12-16 11:44 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയത് പലസ്തീന്‍ എന്ന് ആലേഖനം ചെയ്ത ബാഗുമായി. പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യം പ്രകടമാക്കുന്ന, തണ്ണിമത്തന്റെ ചിത്രം ഉള്‍പ്പടെ ബാഗിലുണ്ട്. പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ ബാഗ് ധരിച്ചുനില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രം, കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങളടക്കം പിന്നീട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നു.

പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് (ബിജെപി) രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. വയനാട്ടില്‍ നിന്ന് വിജയിച്ച ശേഷം ആദ്യമായാണ് പ്രിയങ്കാഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്നത്. മാസങ്ങളായി ഗസയിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി വരികയാണ് പ്രിയങ്കാ ഗാന്ധി.

ഗാസയില്‍ ഇസ്രായേല്‍ ഗവണ്‍മെന്റ് നടത്തുന്നത് വംശഹത്യ നടപടിയാണെന്ന് പ്രതികരിച്ച പ്രിയങ്കാ ഗാന്ധി നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിച്ചിരുന്നു. ബാഗില്‍ പലസ്തീന്‍ എന്ന എഴുത്തിനു പുറമേ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തനും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച, ന്യൂഡല്‍ഹിയിലെ പലസ്തീന്‍ എംബസിയുടെ ചുമതലയുള്ള അബേദ് എല്‍റാസെഗ് അബു ജാസറുമായും അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേ സമയം പ്രിയങ്കയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് രൂക്ഷമായ എതിര്‍പ്പാണ് ബിജെപി എംപി ഗുലാം അലി ഖതാന പ്രകടിപ്പിച്ചത്. എന്നാല്‍ വാര്‍ത്തളാകാന്‍ വേണ്ടിയാണ് ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെടുമ്പോള്‍ അവര്‍ ഇത്തരം കാര്യങ്ങളിലേക്ക് തിരിയുന്നുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

എന്നാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് വിദ്വേഷത്തിലും അക്രമത്തിലും വിശ്വസിക്കാത്ത ഇസ്രയേലി പൗരന്മാരുള്‍പ്പെടെ ശരിയായ ചിന്താഗതിയുള്ള ഓരോ വ്യക്തിയുടെയും ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും ലോകത്തെ എല്ലാ സര്‍ക്കാരും ഇസ്രായേല്‍ സര്‍ക്കാരിനെ അപലപിക്കുകയാണെന്നും പ്രിയങ്കാഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പ്രിയങ്ക പലസ്തീന്‍ പരമ്പരാഗത ശിരോവസ്ത്രമായ കഫിയ ധരിച്ചെത്തിയതും വാര്‍ത്തയായിരുന്നു.കൂടിക്കാഴ്ചയില്‍ പലസ്തീനുമായുള്ള ആത്മബന്ധം അനുസ്മരിക്കുകയും പലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പ്രിയങ്ക പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, പലസ്തീന്‍ എന്നെഴുതിയ ബാഗുമായെത്തിയ പ്രിയങ്കയെ പരിഹസിച്ച് ബിജെപി നേതാവ് സംബിത് പത്ര രംഗത്തെത്തി. കോണ്‍ഗ്രസ് കുടുംബം എപ്പോഴും പ്രീണനത്തിന്റെ ബാഗാണ് തൂക്കിക്കൊണ്ടിരിക്കുന്നതെന്നും പ്രീണന ബാഗാണ് അവരുടെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags:    

Similar News