'പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുന്നതുവരെ സൈനിക നീക്കം അവസാനിപ്പിക്കരുതെന്ന പട്ടേലിന്റെ വാക്കുകള്‍ അവഗണിച്ചു; അതേ മുജാഹിദീനുകള്‍ കഴിഞ്ഞ 75 വര്‍ഷമായി രക്തച്ചൊരിച്ചില്‍ തുടരുന്നു'; ഓരോ ഭീകരാക്രമണവും പാക്കിസ്ഥാന്‍ പദ്ധതിയിട്ട് നടപ്പാക്കുന്ന യുദ്ധമെന്ന് നരേന്ദ്ര മോദി
ഓരോ ഭീകരാക്രമണവും പാക്കിസ്ഥാന്‍ പദ്ധതിയിട്ട് നടപ്പാക്കുന്ന യുദ്ധമെന്ന് നരേന്ദ്ര മോദി
ഗാന്ധിനഗര്‍: ഇന്ത്യാ വിഭജനത്തിനുശേഷം 1947ല്‍ ആദ്യത്തെ ഭീകരാക്രമണമുണ്ടായ സമയത്തുതന്നെ അതിനെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേ മുജാഹിദീനുകള്‍ കഴിഞ്ഞ 75 വര്‍ഷമായി രക്തച്ചൊരിച്ചില്‍ തുടരുകയാണ്. അന്നത്തെ ആക്രമണമാണ് മറ്റൊരുരൂപത്തില്‍ പതിറ്റാണ്ടുകളായി ഇന്ത്യയ്ക്ക് ഉപദ്രവമായി മാറിയിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാതെ സൈനിക നടപടി നിര്‍ത്തേണ്ടെന്ന് അന്നത്തെ പ്രതിരോധമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വാദിച്ചെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ പട്ടേലിന്റെ നിര്‍ദേശം അവഗണിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു.
'1947ല്‍ ഭാരതാംബയെ മൂന്നായി വിഭജിച്ചു. ആ രാത്രിതന്നെ കശ്മീരിന്റെ മണ്ണില്‍ ആദ്യത്തെ ഭീകരാക്രമണം നടന്നു. ഭാരതാംബയുടെ ഒരുഭാഗം മുജാഹിദീന്റെ പേരില്‍ പാകിസ്താന്‍ ബലമായി പിടിച്ചെടുത്തു. അന്നുതന്നെ മുജാഹിദീന്‍ സംഘത്തെ മരണത്തിന്റെ കുഴിയിലേക്ക് വലിച്ചെറിയണമായിരുന്നു. പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുന്നതുവരെ സൈനിക നീക്കം അവസാനിപ്പിക്കരുതെന്നായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ആഗ്രഹം. പക്ഷേ സര്‍ദാര്‍ സാഹിബിന്റെ വാക്കുകള്‍ക്ക് ആരും ചെവികൊടുത്തില്ല', പ്രധാനമന്ത്രി പറഞ്ഞു.
'അതേ മുജാഹിദീനുകള്‍ കഴിഞ്ഞ 75 വര്‍ഷമായി രക്തച്ചൊരിച്ചില്‍ തുടരുകയാണ്. പഹല്‍ഗാമില്‍ നടന്നത് അതിന്റെ മറ്റൊരു രൂപമാണ്..എല്ലാ തവണയും ഇന്ത്യന്‍ സൈന്യം പാകിസ്താനെ പരാജയപ്പെടുത്തുന്നു. ഇന്ത്യയെ തോല്‍പിക്കാനാകില്ലെന്ന് പാകിസ്താന് മനസ്സിലായിക്കഴിഞ്ഞു', മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കെതിരെയുള്ള ഓരോ ഭീകരാക്രമണവും പുറത്തുനിന്നുള്ള ആരുമല്ല നടത്തുന്നത്, അവയെല്ലാം ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ പദ്ധതിയിട്ട് നടപ്പാക്കുന്ന യുദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദത്തിന്റെ പാതയില്‍ മുന്നോട്ട് പോകാനാണ് നീക്കമെങ്കില്‍ പാക്കിസ്ഥാന്‍ വന്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. സമാധാനമായിരുന്ന് റൊട്ടി കഴിക്കുകയോ അല്ലെങ്കില്‍ തന്റെ വെടിയുണ്ടകളെ നേരിടാന്‍ ഒരുങ്ങുകയോ എന്നീ രണ്ട് മാര്‍ഗങ്ങളാണ് പാക്കിസ്ഥാന് മുന്നിലുള്ളതെന്നും മോദി പറഞ്ഞു. പാക്കിസ്ഥാനെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ അവിടുത്തെ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു.