'ബാല്‍ താക്കറെയ്ക്ക് കഴിയാത്തത് ഫഡ്നാവിസിനു കഴിഞ്ഞു; ബിജെപി മുന്നണിക്ക് വിധാന്‍ ഭവനില്‍ അധികാരമുണ്ട്; ഞങ്ങള്‍ക്ക് തെരുവുകളിലും'; ഏറെക്കാലത്തെ പിണക്കം മറന്ന് വേദി പങ്കിട്ട് ഉദ്ധവും രാജ് താക്കറെയും
ഏറെക്കാലത്തെ പിണക്കം മറന്ന് വേദി പങ്കിട്ട് ഉദ്ധവും രാജ് താക്കറെയും
മുംബൈ: രണ്ടു പതിറ്റാണ്ടോളം നീണ്ട പിണക്കം മറന്ന് വേദിയില്‍ ഒന്നിച്ച് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയും. പ്രൈമറി ക്ലാസുകളില്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതിന്റെ ആഘോഷച്ചടങ്ങിലാണ് ഏറെക്കാലത്തെ പിണക്കം മറന്ന് താക്കറെ സഹോദരങ്ങള്‍ ഒന്നിച്ചത്. മറാഠി ഭാഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ഇരുവരും വ്യക്തമാക്കി. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, രാഷ്ട്രീയത്തിലെ പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമാകുമോ ഇന്നത്തെ പൊതുസമ്മേളനമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
''ബാല്‍താക്കറെയ്ക്ക് കഴിയാത്തത്, മറ്റു പലര്‍ക്കും കഴിയാത്തത്, ദേവേന്ദ്ര ഫഡ്‌നാവിസിന് കഴിഞ്ഞു. ഞങ്ങളെ ഇരുവരെയും ഒന്നിപ്പിച്ചു. ബിജെപി മുന്നണിക്ക് വിധാന്‍ ഭവനില്‍ അധികാരമുണ്ട്. ഞങ്ങള്‍ക്ക് തെരുവുകളിലും'' രാജ് താക്കറെ പറഞ്ഞു. ബിജെപി നേതാവ് എല്‍.കെ.അഡ്വാനി മിഷനറി സ്‌കൂളിലാണ് പഠിച്ചതെന്നും അദ്ദേഹത്തെ ബിജെപി സംശയത്തോടെ കാണുമോയെന്നും രാജ് ചോദിച്ചു.
ശിവസേനാ സ്ഥാപകനായ ബാല്‍ താക്കറെയുടെ സഹോദരന്റെ പുത്രനാണ് രാജ്. 2005ല്‍ മകന്‍ ഉദ്ധവിനെ പിന്‍ഗാമിയാക്കാന്‍ ബാല്‍ താക്കറെ തീരുമാനിച്ചതോടെ, രാജ് ശിവസേനയില്‍നിന്നു പടിയിറങ്ങുകയായിരുന്നു. 2006ല്‍ അദ്ദേഹം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) രൂപീകരിച്ചെങ്കിലും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ശക്തി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് ബിജെപി പിടിമുറുക്കുമ്പോള്‍, കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകാതെ കാക്കാനാണു ഉദ്ധവിന്റെ ശ്രമം. രാഷ്ട്രീയത്തിലെ തന്റെ പ്രസക്തി നിലനിര്‍ത്തുകയാണു രാജിന്റെ ലക്ഷ്യം. 2022ല്‍ ശിവസേന പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെ പ്രമുഖ നേതാക്കളെയെല്ലാം അടര്‍ത്തിമാറ്റി ബിജെപിയുമായി കൈകോര്‍ത്തതോടെ ഉദ്ധവിന്റെ ശക്തി കുറഞ്ഞിരുന്നു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണ് ഇതുവരെ ശത്രുവായി കരുതിയിരുന്ന രാജുമായി കൈകോര്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുന്നത്.