കുടുംബ ചടങ്ങില്‍ അജിത് പവാറിനൊപ്പമുള്ള ചിത്രം; എന്‍.സി.പിയില്‍ ലയന നീക്കമെന്ന വാര്‍ത്തകള്‍ തള്ളി ശരദ് പവാര്‍; ബി.ജെ.പിയെ പിന്തുണക്കുന്നവരുമായി കൂട്ടില്ലെന്ന് പ്രതികരണം
എന്‍.സി.പിയില്‍ ലയന നീക്കമെന്ന വാര്‍ത്തകള്‍ തള്ളി ശരദ് പവാര്‍
മുംബൈ: എന്‍സിപി (എസ്.പി)യില്‍ ലയന നീക്കമെന്ന വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. കുടുംബ ചടങ്ങില്‍ അജിത് പവാറിനൊപ്പമുള്ള ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് ലയന നീക്കമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നവരുമായി ഒരു തരത്തിലുള്ള കൂട്ടുമില്ലെന്ന് ശരദ് പവാര്‍ മുംബൈയില്‍ വ്യക്തമാക്കി.
ആഗസ്റ്റ് ആദ്യവാരത്തില്‍ മുംബൈയില്‍ നടന്ന ശരദ് പവാറിന്റെ പേരമകന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് സഹോദര പുത്രന്‍ കൂടിയായ എന്‍.സി.പി (അജിത്) പ്രസിഡന്റ് അജിത് പവാറിനൊപ്പം ഇരിക്കുന്ന ചിത്രം പുറത്തു വന്നത്. ഇതോടെയാണ് രണ്ടുമാസം മുമ്പ് ഉയര്‍ന്നുവന്ന എന്‍.സി.പി ലയന വാര്‍ത്തകള്‍ വീണ്ടും സജീവമായത്. എന്നാല്‍, മാധ്യമ വാര്‍ത്തകളെ അര്‍ത്ഥശങ്കക്കിടയില്ലാതെ തന്നെ ശരദ് പവാര്‍ തള്ളി.
ബി.ജെ.പിയുമായി അധികാരം പങ്കിടുന്ന ഒരു കക്ഷിയുമായും എന്‍.സി.പിക്ക് സഹകരണമോ പിന്തുണയോ ഉണ്ടാവില്ലെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവും ഇന്ത്യ മുന്നണി നേതാക്കളില്‍ ഒരാളുമായ പവാറിന്റെ പ്രതികരണം. കഴിഞ്ഞ ജൂണിലും ശരദ് പവാറും അജിത് പവാറും തമ്മിലെ കൂടികാഴ്ചകള്‍ക്കു പിന്നാലെ ലയനം സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
2023ലാണ് എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്. 40 എം.എല്‍.എമാരുമായി എന്‍.ഡി.എയിലേക്ക് കൂടുമാറിയ അദ്ദേഹം പാര്‍ട്ടിയെ പിളര്‍ത്തി. രാഷ്ട്രീയമായി വിരുദ്ധ ചേരികളിലായെങ്കിലും അടുത്ത ബന്ധുക്കളായ ശരദ് പവാറും അജിത് പവാറും കുടുംബ വേദികളിലും മറ്റും നിരവധി തവണ ഒന്നിച്ചെത്തുന്നതും കൂടികാഴ്ചകള്‍ നടത്തുന്നതും മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തുന്നത് പതിവായി.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. കോണ്‍ഗ്രസ് ഒറ്റക്കു മത്സരിക്കാനും, ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ പാര്‍ട്ടിയും ഒന്നിച്ച് മത്സരിക്കുന്നത് സംബന്ധിച്ചും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.