നേതാക്കള്‍ ജയിലിലായാല്‍ പദവി നഷ്ടമാകുന്ന ബില്ലിനോട് എതിര്‍പ്പ്; ജെപിസിയോട് സഹകരിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും; സഹകരിക്കണമെന്ന് കോണ്‍ഗ്രസ്; ഇന്ത്യ സഖ്യത്തില്‍ ഭിന്നത

Update: 2025-08-24 10:05 GMT

ന്യൂഡല്‍ഹി: നേതാക്കള്‍ ജയിലിലായാല്‍ പദവി നഷ്ടമാകുന്ന ബില്ലിനോട് ഇന്ത്യ സഖ്യത്തിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പ്. സംയുക്ത പാര്‍ലമെന്റ് സമിതിയുടെ നടപടികളോട് സഹകരിക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വിയോജിച്ചു. ജെപിസിയോട് സഹകരിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി സഹകരിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍.

പ്രധാനമന്ത്രി മുതല്‍ സംസ്ഥാന മന്ത്രിമാര്‍ വരെ 30 ദിവസം ജയിലിലായാല്‍ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ സഭയിലടക്കം സമാനതകളില്ലാത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും പ്രതിഷേധം തുടരുമ്പോഴും ജെപിസിയില്‍ ശക്തമായ എതിര്‍പ്പ് അറിയിക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷ ഐക്യത്തില്‍ കല്ലുകടിയാവുകയാണ് ടിഎംസിയുടെയും സമാജ്വാദി പാര്‍ട്ടിയുടെയും നിലപാട്.

ജെപിസിയുടെ മുന്‍കാല നടപടികള്‍ ചൂണ്ടിക്കാട്ടി ബില്ലിലെ നടപടികളോട് ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് ടിഎംസി അധ്യക്ഷ മമതാ ബാനര്‍ജിയും, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും അറിയിച്ചത്. അതേസമയം കോണ്‍ഗ്രസും, സിപിഎമ്മും, ആര്‍എസ്പിയും അടക്കമുള്ള പാര്‍ട്ടികള്‍ ജെപിസിയില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തണമെന്ന നിലപാടില്‍ തന്നെയാണ്.

സഹകരിച്ചില്ലെങ്കില്‍ എതിര്‍പ്പ് രേഖപ്പെടുത്താന്‍ വേദിയില്ലാതാകുമെന്നാണ് ഈ പാര്‍ട്ടികളുടെ നിലപാട്. ഏതൊക്കെ പ്രതിപക്ഷ അംഗങ്ങളെ ജെപിസിയില്‍ ഉള്‍പ്പെടുത്തുമെന്നതും പ്രതിപക്ഷം ഉറ്റു നോക്കുകയാണ്. അതേസമയം ബില്ലിലെ ജെപിസി അംഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. 31 അംഗ സമിതിയെയാകും പ്രഖ്യാപിക്കുക. നവംബറില്‍ നടക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് വയ്ക്കാനാണ് നീക്കം.

Similar News