നേപ്പാള്‍ ജനതയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധം; സുശീല തര്‍ക്കിയുടെ സ്ഥാനമേറ്റെടുക്കല്‍ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം; പുതിയ നേതൃത്വം സമാധാനം കൊണ്ടുവരട്ടെയെന്നും മോദി

Update: 2025-09-13 12:36 GMT

ന്യൂഡല്‍ഹി: നേപ്പാള്‍ ജനതയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും പുതിയ നേതൃത്വം സമാധാനം കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി മോദി. സുശീല തര്‍ക്കിക്ക് സമാധാനം പുനസ്ഥാപിക്കാന്‍ കഴിയട്ടെ എന്ന് മോദി ആശംസിച്ചു. സുശീല തര്‍ക്കിയുടെ സ്ഥാനമേറ്റെടുക്കല്‍ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം എന്നും മോദി പറഞ്ഞു. നേപ്പാളിലെ യുവാക്കള്‍ തെരുവുകള്‍ ഇപ്പോള്‍ വൃത്തിയാക്കുന്നത് നല്ല കാഴ്ചയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കിയ്ക്ക് നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി അറിയിച്ചു.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി നിശ്ചയിച്ച ശേഷമുള്ള സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണ്. സുശീല കര്‍ക്കി സ്ഥാനം ഏറ്റതിനെ ഇന്നലെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ഇത് സമാധാനത്തിനും സ്ഥിരതയ്ക്കും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സുശീല കര്‍ക്കിയെ അഭിനന്ദിച്ച് നേപ്പാളിയില്‍ അടക്കം സന്ദേശം നല്‍കി. നേപ്പാളിന്റെ സമാധാനം പുരോഗതി ജനങ്ങളുടെ വികസനം എന്നിവയ്ക്ക് ഇന്ത്യ എന്നും പ്രതിജ്ഞ ബദ്ധമായിരിക്കുമെന്നും മോദി വ്യക്തമാക്കി.

നേപ്പാളിലെ കലാപത്തിന് ശേഷം അതിര്‍ത്തിയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളിലെ അതിര്‍ത്തി മേഖല കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സിവി ആനന്ദ ബോസ് നേരിട്ടെത്തി വിലയിരുത്തി. ജനങ്ങളുടെ സഞ്ചാരത്തിന് ഉള്‍പ്പെടെ നിലവില്‍ തടസ്സങ്ങള്‍ ഇല്ലെന്ന് ആനന്ദ ബോസ് വ്യക്തമാക്കി. പുതിയ സര്‍ക്കാരിന്റെ ഘടന എന്താവും എന്നത് ഇന്ത്യ നിരീക്ഷിക്കുവാണ്. പക്ഷം ചേരാതെ തത്കാലം കരുതലോടെയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ വിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. നേപ്പാളില്‍ നിന്ന് ജയില്‍ ചാടി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 75 ഓളം പേരെയാണ് ഇതുവരെ അതിര്‍ത്തികളില്‍ കസ്റ്റഡിയില്‍ എടുത്തത്.

Similar News