പുരുഷന്മാരുടെ പിന്തുണ മഹാസഖ്യത്തിന്; സ്ത്രീകള്‍ എന്‍ഡിഎക്കൊപ്പം; ജാതി തിരിച്ചുള്ള കണക്കിലും എന്‍ഡിഎ മുന്നില്‍; ബിഹാറിലേത് കടുത്ത മത്സരമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചനം; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി തേജസ്വി; ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തുമെന്നും പ്രതികരണം
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് ഇന്ത്യാസഖ്യം വാദിക്കുമ്പോള്‍, എന്‍ഡിഎ സര്‍ക്കാരിന് വന്‍ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കുകയാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ബിഹാര്‍ കാണാന്‍ പോകുന്നത് വലിയ മാറ്റമാണെന്ന് ജന്‍സുരാജ് നേതാവ് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ കൂടുതലും എന്‍ഡിഎയ്ക്ക് അനുകൂലമായിരുന്നു.
എന്‍ഡിഎക്ക് മുന്‍തൂക്കം പ്രവചിച്ച് ആക്‌സിസ് മൈ ഇന്‍ഡ്യ എക്‌സിറ്റ് പോള്‍ ഫലവും. വിവിധ വിഭാഗങ്ങളിലായി നടത്തിയ സര്‍വേയുടെ വിവരങ്ങള്‍ പുറത്ത് വിടുമ്പോള്‍ 43% വോട്ടര്‍മാരുടെ പിന്തുണ എന്‍ഡിഎക്കാണ്. തൊട്ട് പിന്നില്‍ 41 ശതമാനത്തിന്റെ പിന്തുണയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. വോട്ടര്‍മാരില്‍ പുരുഷന്മാരുടെ പിന്തുണ കൂടുതല്‍ മഹാസഖ്യത്തിന് പ്രവചിക്കുമ്പോള്‍ സ്ത്രീകള്‍ എന്‍ഡിഎക്കൊപ്പമാണ്. ജാതി തിരിച്ചുള്ള കണക്കില്‍ എന്‍ഡിഎയാണ് മുന്നില്‍. തൊഴില്‍രഹിതര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ മഹാസഖ്യത്തിനൊപ്പം നില്‍ക്കുമ്പോള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാര്‍ തുടങ്ങിയവരുടെ പിന്തുണ എന്‍ഡിഎക്കാണ്. ഗ്രാമപ്രദേശങ്ങളിലും, നഗരങ്ങളിലും എന്‍ഡിഎ മുന്നേറ്റമാണ് കാണുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് 4 ശതമാനം പേരുടെ പിന്തുണയുണ്ട്.
അതേ സമയം ബിഹാറിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി ആര്‍.ജെ.ഡി നേതാവും ഇന്‍ഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ് രംഗത്ത് വന്നു. ഇന്‍ഡ്യ സഖ്യം 160ലധികം സീറ്റുകള്‍ നേടുമെന്ന് തേജസ്വി പട്‌നയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'താഴെത്തട്ടില്‍നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ഞങ്ങള്‍ക്ക് 160ലധികം സീറ്റുകള്‍ ലഭിക്കും. ജനതാദളിന് 1995ല്‍ ലഭിച്ച സീറ്റുകളേക്കാള്‍ വലിയ നേട്ടം ഇത്തവണ ഇന്‍ഡ്യ സഖ്യത്തിനുണ്ടാകുമെന്നാണ് വോട്ടെടുപ്പിനു മുമ്പ് ലഭിച്ച പ്രതികരണം' -ആര്‍.ജെ.ഡി നേതാവ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ അധികമുള്ള 76 ലക്ഷം വോട്ടര്‍മാരെല്ലാം മാറ്റം ആഗ്രഹിക്കുന്നവരാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ വോട്ടര്‍മാരെല്ലാം. ഭൂരിഭാഗം അഭിപ്രായ സര്‍വേകളും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ നിതീഷ് കുമാറിന് 18 ശതമാനത്തിലധികം വോട്ടുകള്‍ പ്രവചിക്കുന്നില്ലെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ യുവാക്കളും സ്ത്രീകളും മാറ്റം ആഗ്രഹിക്കുന്നവരാണ്. ഇവരുടെ അഭിപ്രായങ്ങളൊന്നും വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോളുകളില്‍ പ്രതിഫലിക്കുന്നില്ല. 204 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ എക്‌സിറ്റ് പോളുകള്‍ എന്‍.ഡി.എക്ക് 400ലധികം സീറ്റുകളാണ് പ്രവചിച്ചിരുന്നത്. എന്‍.ഡി.എക്ക് എത്ര സീറ്റുകളാണ് ആ തെരഞ്ഞെടുപ്പില്‍ ലഭിച്ചതെന്ന് എല്ലാവരും കണ്ടതാണ്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനാകുമെന്ന കാര്യത്തില്‍ സഖ്യത്തിന് വലിയ ആത്മവിശ്വാസമുണ്ടെന്നും ജേതസ്വി പറഞ്ഞു.
ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ 64.69% പോളിംഗാണ് രേഖപ്പെടുത്തിയത്. ചരിത്രപരമായ പോളിംഗ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 9 ശതമാനം പോളിംഗ് ഉയര്‍ന്നത് ആര്‍ക്ക് ഗുണം ചെയ്യുമെന്നതില്‍ രാഷ്ട്രീയ തര്‍ക്കം മുറുകുകയാണ്. സര്‍ക്കാറിനെതിരെ ജനം ആവേശത്തോടെ വോട്ട് ചെയ്തു എന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സ്ത്രീകള്‍ വലിയ സംഖ്യയില്‍ പോളിംഗ് ബൂത്തിലെത്തിയത് സര്‍ക്കാറിന് അനുകൂലമായ സാഹചര്യമെന്ന് ബിജെപി പ്രതികരിച്ചു.
പോളിംഗ് ശതമാനം ഉയര്‍ന്നതോടെ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയിലേക്ക് വീണ്ടും ശ്രദ്ധ തിരിയുകയാണ്. ജന്‍ സുരാജ് ഉണ്ടാക്കിയ ഇളക്കവും വോട്ടര്‍മാരില്‍ ആവേശത്തിന് കാരണമായെന്നാണ് സൂചനകള്‍. ബിഹാര്‍ കാണാന്‍ പോകുന്നത് രാഷ്ട്രീയ വഴിത്തിരിവാണെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. പലയിടത്തും എതിരാളികള്‍ വോട്ട് ചെയ്യുന്നത് തടയാന്‍ പോലീസിനെ ഉപയോഗപ്പെടുത്തിയെന്ന് ആര്‍ജെഡി ആരോപിച്ചു. രണ്ടാംഘട്ടത്തില്‍ മത്സരം നടക്കുന്ന മണ്ഡലത്തിലെ പ്രചാരണത്തിന് അമിത് ഷായും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും അടക്കമുള്ളവര്‍ ഇന്ന് ബിഹാറിലുണ്ട്.
